Robin Uthappa : റോബിന്‍ ഉത്തപ്പയ്ക്കും ചിലത് പറയാനുണ്ട്; ആരോപണങ്ങളില്‍ മൗനം വെടിഞ്ഞ് താരം
Robin Uthappa Statement : പിഎഫ് അധികൃതരുടെ നടപടിയില്‍ തന്റെ നിയമോപദേശകര്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും ഉത്തപ്പ വ്യക്തമാക്കി. വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ പൂര്‍ണമായ വസ്തുതകള്‍ കൊടുക്കണമെന്നും, ആധികാരികത പരിശോധിക്കണമെന്നും താരം മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു
തനിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതില്‍ പ്രതികരിച്ച് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ. പിഎഫ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പ്രൊവിഡൻ്റ് ഫണ്ട് റീജിയണൽ കമ്മീഷണർ ശദക്ഷരി ഗോപാൽ റെഡ്ഡിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എത്രയും വേഗം നടപടി സ്വീകരിക്കണമെന്നായിരുന്നു പൊലീസിന് അദ്ദേഹം നല്‍കിയ നിര്‍ദ്ദേശം.
തൊഴിലാളികളുടെ ശമ്പളത്തിൽ നിന്ന് പിഎഫ് പങ്ക് പിടിച്ചിട്ട് അത് അക്കൗണ്ടിലേക്ക് അടച്ചില്ലെന്നായിരുന്നു ആരോപണം. 20 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് നടന്നെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ ആരോപണമുയര്‍ന്ന കമ്പനികളുമായി തനിക്ക് നിലവില്‍ ബന്ധമില്ലെന്ന് ഉത്തപ്പ വിശദീകരിച്ചു.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ കമ്പനികള്‍ക്ക് നല്‍കിയ സാമ്പത്തിക സഹായത്തിന്റെ പേരില്‍ തന്നെ ഡയറക്ടറായി നിയമിച്ചിരുന്നു. എന്നാല്‍ കടം കൊടുത്ത പണം കമ്പനികള്‍ തിരികെ നല്‍കിയില്ല. തുടര്‍ന്ന് അവര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചിരുന്നുവെന്നും, ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നേരത്തെ തന്നെ രാജിവച്ചതാണെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലൂടെ ഉത്തപ്പ വിശദീകരിച്ചു.
പിഎഫ് അധികൃതരുടെ നടപടിയില്‍ തന്റെ നിയമോപദേശകര്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും ഉത്തപ്പ വ്യക്തമാക്കി. വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ പൂര്‍ണമായ വസ്തുതകള്‍ കൊടുക്കണമെന്നും, ആധികാരികത പരിശോധിക്കണമെന്നും താരം മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു.
— Robbie Uthappa (@robbieuthappa) December 21, 2024
റോബിന്‍ ഉത്തപ്പയുടെ വിശദീകരണം
സ്ട്രോബെറി ലെൻസേറിയ പ്രൈവറ്റ് ലിമിറ്റഡ്, സെൻ്റോറസ് ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡ്‌സ് ലിമിറ്റഡ്, ബെറിസ് ഫാഷൻ ഹൗസ് എന്നിവയുമായുള്ള എന്റെ ബന്ധത്തെക്കുറിച്ച് ചില വ്യക്തത നൽകാൻ എനിക്കെതിരെയുള്ള പിഎഫ് കേസിൻ്റെ വാർത്തകളുടെ പശ്ചാത്തലത്തില്‍ ഞാൻ ആഗ്രഹിക്കുന്നു.
2018-19ൽ, ഈ കമ്പനികൾക്ക് ലോണുകളായി ഞാൻ നൽകിയ സാമ്പത്തിക സംഭാവനകൾ കാരണം എന്നെ ഡയറക്ടറായി നിയമിച്ചു. എന്നാല്‍ എനിക്ക് സജീവമായ എക്‌സിക്യൂട്ടീവ് റോളുകള്‍ ഇല്ലായിരുന്നു. ബിസിനസുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലും ഞാന്‍ ഉള്‍പ്പെട്ടിരുന്നില്ല.
ഒരു പ്രൊഫഷണൽ ക്രിക്കറ്റർ, ടിവി അവതാരകൻ, കമൻ്റേറ്റർ എന്നീ നിലകളിലുള്ള ഷെഡ്യൂള്‍ മൂലം കമ്പനികളുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാനുള്ള സമയം എനിക്കില്ലായിരുന്നു. ഇന്നുവരെ ഞാൻ ഫണ്ട് ചെയ്തിട്ടുള്ള മറ്റേതെങ്കിലും കമ്പനികളിൽ ഞാൻ എക്സിക്യൂട്ടീവ് റോൾ വഹിക്കുന്നില്ല.
Read Also : http://നടന്നത് വമ്പൻ തട്ടിപ്പെന്ന് ആരോപണം; റോബിൻ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട്
ഈ കമ്പനികൾ ഞാൻ കടം കൊടുത്ത ഫണ്ടുകൾ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടു. തുടര്‍ന്ന് ഞാന്‍ നിയമനടപടികള്‍ ആരംഭിച്ചു. ഇത് നിലവില്‍ സബ് ജുഡീസ് ആണ്. ഡയറക്ടര്‍ സ്ഥാനത്തുനിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ രാജിവെച്ചതാണ്.
കുടിശ്ശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊവിഡൻ്റ് ഫണ്ട് അധികൃതർ നോട്ടീസ് നൽകിയപ്പോൾ, ഈ കമ്പനികളിൽ എനിക്ക് ഒരു പങ്കുമില്ലെന്ന് എന്റെ ലീഗല്‍ ടീം വ്യക്തമാക്കിയിരുന്നു. ഇത് വ്യക്തമാക്കുന്ന ഡോക്യമെന്റേഷന്‍ കമ്പനികളില്‍ നിന്ന് തന്നെ നല്‍കുകയും ചെയ്തു.
പ്രൊവിഡൻ്റ് ഫണ്ട് അധികാരികൾ നടപടികൾ തുടരുകയാണ്. വരും ദിവസങ്ങളിൽ എൻ്റെ നിയമോപദേശകർ ആവശ്യമായ നടപടികൾ കൈക്കൊള്ളും. പൂർണ്ണമായ വസ്തുതകൾ അവതരിപ്പിക്കാനും പങ്കിടുന്ന വിവരങ്ങളുടെ ആധികാരികത പരിശോധിക്കാനും മാധ്യമങ്ങളോട് അഭ്യർത്ഥിക്കുന്നു.