5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ranji Trophy : രണ്ടാം ഇന്നിംഗ്സിൽ യുപി 116 റൺസിന് പുറത്ത്; കേരളത്തിന് ഇന്നിംഗ്സ് ജയം

Ranji Trophy Uttar Pradesh All Out Kerala Wins : ഉത്തർ പ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് ഇന്നിംഗ്സ് ജയം. ഇന്നിംഗ്സിനും 117 റൺസിനുമാണ് കേരളം യുപിയെ കീഴടക്കിയത്. ഇതോടെ കേരളം പോയിൻ്റ് പട്ടികയിൽ ഏറെക്കുറെ രണ്ടാം സ്ഥാനം ഉറപ്പിച്ചു.

Ranji Trophy : രണ്ടാം ഇന്നിംഗ്സിൽ യുപി 116 റൺസിന് പുറത്ത്; കേരളത്തിന് ഇന്നിംഗ്സ് ജയം
ജലജ് സക്സേന (Image Courtesy – Social Media)
abdul-basith
Abdul Basith | Published: 09 Nov 2024 13:36 PM

രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് സി മത്സരത്തിൽ ഉത്തർപ്രദേശിനെതിരെ കേരളത്തിന് ഇന്നിംഗ്സ് ജയം. രണ്ടാം ഇന്നിംഗ്സിൽ യുപിയെ 116 റൺസിന് എറിഞ്ഞിട്ട കേരളം ഇന്നിംഗ്സിനും 117 റൺസിനുമാണ് വിജയിച്ചത്. രണ്ട് ഇന്നിംഗ്സുകളിലുമായി ആറ് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയാണ് കേരളത്തിൻ്റെ വിജയശില്പി. ജയത്തോടെ കേരളം ഗ്രൂപ്പിൽ ഏറെക്കുറെ രണ്ടാം സ്ഥാനം ഉറപ്പിച്ചു. 19 പോയിൻ്റുമായി ഹരിയാന ഒന്നാമത് തുടരുമ്പോൾ കേരളത്തിന് 14 പോയിൻ്റുണ്ട്.

ഉത്തർ പ്രദേശിൻ്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 162ന് മറുപടിയുമായി ബാറ്റിംഗിനിറങ്ങിയ കേരളം 395 റൺസിൻ്റെ തകർപ്പൻ സ്കോറാണ് ഉയർത്തിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും സൽമാൻ നിസാർ ഉറച്ചുനിന്നു. ബംഗാളിനെതിരെ 95 റൺസ് നേടി നോട്ടൗട്ടായ സൽമാൻ യുപിക്കെതിരെ 93 റൺസെടുത്ത് പുറത്തായി. സൽമാനൊപ്പം ക്യാപ്റ്റൻ സച്ചിൻ ബേബിയും (83) ഫിഫ്റ്റിയടിച്ചു. മുഹമ്മദ് അസ്ഹറുദ്ദീൻ (40), ജലജ് സക്സേന (32) തുടങ്ങിയവരും കേരള സ്കോറിലേക്ക് നിർണായക സംഭാവനകൾ നൽകി.

Also Read : Sanju Samson : ‘ചേട്ടാ, കിടു മനുഷ്യൻ, കിടു കളി’; സഞ്ജുവിന് അഭിനന്ദന പ്രവാഹവുമായി ക്രിക്കറ്റ് ലോകം

കേരള നിരയിൽ 9 താരങ്ങളും ഇരട്ടയക്കം കടന്നു എന്നതാണ് നിർണായകമായത്. കളിയിലുടനീളം നിർണായകമായ ചെറു കൂട്ടുകെട്ടുകളുയർന്നു. 5 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് എന്ന നിലയിൽ പ്രതിസന്ധി നേരിട്ട സമയത്ത് സച്ചിൻ ബേബിയും സൽമാൻ നിസാറും ചേർന്നാണ് കേരളത്തെ കൈപിടിച്ചുയർത്തിയത്. 99 റൺസിൻ്റെ ഈ കൂട്ടുകെട്ടിന് ശേഷം ജലജ് സക്സേനയുമായി ചേർന്ന് 59 റൺസും മുഹമ്മദ് അസ്ഹറുദീനുമായി ചേർന്ന് 54 റൺസും കൂട്ടിച്ചേർത്ത സൽമാൻ അവസാന വിക്കറ്റായി പുറത്താവുകയായിരുന്നു.

233 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഉത്തർ പ്രദേശിനെ ആറ് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആദിത്യ സർവാറ്റെയും ചേർന്നാണ് തകർത്തെറിഞ്ഞത്. 36 റൺസ് നേടിയ മാധവ് കൗശിക് ആണ് യുപിയുടെ ടോപ്പ് സ്കോറർ. കെഎം ആസിഫിന് ഒരു വിക്കറ്റുണ്ട്.

ഗ്രൂപ്പിൽ നടക്കുന്ന മറ്റൊരു മത്സരത്തിൽ ബംഗാൾ – കർണാടക മത്സരം സമനിലയിലേക്ക് നീങ്ങുകയാണ്. ആദ്യ ഇന്നിംഗ്സ് ലീഡെടുത്ത ബംഗാൾ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 239 റൺസെന്ന നിലയിലാണ്. ബംഗാളിൻ്റെ ആകെ ലീഡ് 319 ആയി. അവസാന ദിവസമായ ഇന്ന് ഇനി കർണാടകയുടെ എല്ലാ വിക്കറ്റുകളും എടുത്തെങ്കിലേ ബംഗാളിന് വിജയിക്കാനാവൂ. കർണാടകയ്ക്ക് ജയസാധ്യത കുറവാണ്. ഇവരിൽ ആരെങ്കിലും വിജയിച്ചെങ്കിലേ കേരളത്തിൻ്റെ രണ്ടാം സ്ഥാനം നഷ്ടമാവൂ.

ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ഹരിയാനയാണ് കേരളത്തിൻ്റെ അടുത്ത എതിരാളികൾ. നവംബർ 13നാണ് മത്സരം ആരംഭിക്കുക.

Latest News