IPL 2025 : ധോണിയെ അല്ല, അൺകാപ്പ്ഡ് താരമായി ചെന്നൈ ഈ യുവതാരത്തെ നിലനിർത്തണം; ഉപദേശവുമായി ആർ അശ്വിൻ
R Ashwin MS Dhoni : ധോണിയെ അല്ല, മറ്റൊരു താരത്തെയാണ് ചെന്നൈ സൂപ്പർ കിംഗ്സ് അൺകാപ്പ്ഡ് താരമായി നിലനിർത്തേണ്ടത് എന്ന് സ്പിന്നർ ആർ അശ്വിൻ. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ്റെ നിരീക്ഷണം.
അൺകാപ്പ്ഡ് താരമായി മുൻ ക്യാപ്റ്റൻ എംഎസ് ധോണിയെ അല്ല നിലനിർത്തേണ്ടതെന്ന് ഇന്ത്യയുടെ രാജസ്ഥാൻ റോയൽസ് താരം ആർ അശ്വിൻ. അഞ്ച് വർഷമായി രാജ്യാന്തര ക്രിക്കറ്റ് കളിക്കാത്ത താരത്തെ അൺകാപ്പ്ഡ് താരമായി പരിഗണിക്കാമെന്ന ഐപിഎലിൻ്റെ നിയമാവലി അനുസരിച്ച് ധോണിയെ അൺകാപ്പ്ഡ് താരമായി പരിഗണിക്കാനാണ് ചെന്നൈയുടെ തീരുമാനം എന്നായിരുന്നു വാർത്തകൾ. എന്നാൽ, ധോണിക്ക് പകരം ഒരു യുവതാരത്തിൻ്റെ പേരാണ് അശ്വിൻ മുന്നോട്ടുവെക്കുന്നത്.
ഉത്തർ പ്രദേശിൻ്റെ യുവതാരം സമീർ റിസ്‌വിയെ അൺകാപ്പ്ഡ് താരമായി ടീമിൽ പരിഗണിക്കണമെന്നാണ് അശ്വിൻ പറയുന്നത്. മുംബൈക്ക് ആറ് താരങ്ങളെ നിലനിർത്താമെങ്കിൽ ചെന്നൈക്ക് എന്തുകൊണ്ട് അതിന് കഴിയില്ല? ഋതുരാജ് ഗെയ്‌ക്‌വാദ്, രവീന്ദ്ര ജഡേജ, മതീഷ പതിരന, ശിവം ദുബെ, എംഎസ് ധോണി, സമീർ റിസ്‌വി എന്നിവരെ ചെന്നൈക്ക് നിലനിർത്താമെന്ന് അശ്വിൻ പറയുന്നു. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ്റെ നിരീക്ഷണം. എന്നാൽ, ഈ നിരീക്ഷണത്തോട് പെർഫോമൻസ് അനലിസ്റ്റ് പ്രസന്ന രാമൻ പ്രതികൂലിക്കുകയാണ്.
“സമീറിനെ 4 കോടി രൂപയ്ക്ക് നിലനിർത്തണമെന്ന് എനിക്ക് അഭിപ്രായമില്ല. നാല് കോടി രൂപയ്ക്കേ കളിക്കൂ എന്ന് അവൻ പോലും പറയില്ല.”- പ്രസന്ന പറയുന്നു.
2024 ഐപിഎലിൽ 8.4 കോടി രൂപയ്ക്കാണ് ചെന്നൈ സമീർ റിസ്‌വിയെ ടീമിലെത്തിച്ചത്. യുപി ടി20 ലീഗിലെ തകർപ്പൻ പ്രകടനങ്ങളുടെ ബലത്തിൽ പല ഐപിഎൽ ടീമുകളുടെ റഡാറിലുണ്ടായിരുന്ന റിസ്‌വിയ്ക്കായി ലേലത്തിലും വടം വലി നടന്നു. ഒടുവിലാണ് ചെന്നൈ താരത്തെ ടീമിലെത്തിക്കുന്നത്. എന്നാൽ, 8 മത്സരങ്ങളിൽ നിന്ന് 118 സ്ട്രൈക്ക് റേറ്റിൽ വെറും 51 റൺസ് മാത്രമേ സമീറിന് നേടാനായുള്ളൂ. ഇതോടെ താരത്തെ ചെന്നൈ നിലനിർത്തില്ല എന്നായിരുന്നു സൂചനകൾ.
“സമീർ എല്ലാ ദിവസവും നന്നായി കളിക്കുകയാണ്. വേറെ ലെവലാണ് അവൻ്റെ കളി. ഒറ്റക്ക് മത്സരങ്ങൾ ജയിക്കുന്നു. അതൊരു വലിയ കാര്യമാണ്. ഷാരൂഖ് ഖാനെയും അഭിനവ് മനോഹറിനെയും ധ്രുവ് ജുറേലിനെയും പോലെയൊക്കെയാണ് സമീർ. പക്ഷേ, ലേലത്തിൽ അവനെപ്പോലെ ഒരുപാട് താരങ്ങളുണ്ടാവും. അതുകൊണ്ട് വലിയ വില ലഭിക്കില്ല.”- അശ്വിൻ പറഞ്ഞു.