Prithvi shaw : കാര്യമറിയാതെ ട്രോളുമ്പോൾ വിഷമം തോന്നാറുണ്ട്; ആ ചിത്രത്തിൽ ഒപ്പമുള്ളത് കുടുംബസുഹൃത്തുക്കൾ : പ്രതികരിച്ച് പൃഥ്വി ഷാ
Prithvi Shaw Responds To Trolls : തനിക്കെതിരായ ട്രോളുകളോട് പ്രതികരിക്കുന്ന പൃഥ്വി ഷായുടെ പഴയ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഐപിഎൽ ലേലത്തിൽ അൺസോൾഡ് ആയതിന് പിന്നാലെയാണ് താരത്തിൻ്റെ പഴയ വിഡിയോ പ്രചരിക്കുന്നത്.
ഐപിഎൽ ലേലത്തിൽ അൺസോൾഡ് ആയതിന് പിന്നാലെ തനിക്കെതിരായ ട്രോളുകളോട് പ്രതികരിക്കുന്ന ഇന്ത്യൻ ബാറ്റർ പൃഥ്വി ഷായുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. മദ്യപിച്ച് സ്ത്രീകൾക്കൊപ്പം കൂത്താടുന്നു എന്ന പേരിൽ പ്രചരിച്ച ചിത്രത്തിലുണ്ടായിരുന്നത് സഹോദരിമാരും കുടുംബ സുഹൃത്തുക്കളുമാണ്. കാര്യമറിയാതെ ട്രോളുമ്പോൾ വിഷമം തോന്നാറുണ്ട് എന്നും പൃഥ്വി ഷാ പറയുന്നു. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
പഴയ വിഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. ട്രോളുകളൊക്കെ താൻ കാണാറുണ്ടെന്ന് പൃഥ്വി ഷാ പറയുന്നു. കരിയറിലുടനീളം ട്രോളുകൾ നേരിട്ടിട്ടുണ്ട്. ട്രോൾ അത്ര നല്ലതല്ല, എന്നാൽ മോശവുമല്ല. തന്നെ ശ്രദ്ധിക്കാത്തവരെങ്ങനെ തന്നെ ട്രോളും? ക്രിക്കറ്റർമാരെപ്പോലെ മറ്റുള്ളവരും ട്രോൾ ചെയ്യപ്പെടാറുണ്ട്. തനിക്കെതിരായ ട്രോളുകൾ ശ്രദ്ധിക്കാറുണ്ട്. അതൊക്കെ വിഷമിപ്പിക്കാറുണ്ട്. താൻ പ്രാക്ടീസ് ചെയ്യാതെ കറങ്ങിനടക്കുകയാണെന്നാണ് ആളുകൾ പറയുന്നത്. അത് തൻ്റെ 25ആം പിറന്നാളായിരുന്നു. അങ്ങനെയാണ് ആഘോഷിച്ചത്. ഒപ്പമുണ്ടായിരുന്നത് സഹോദരിമാരും കുടുംബസുഹൃത്തുക്കളുമായിരുന്നു എന്നും പൃഥ്വി പറഞ്ഞു.
“എന്ത് തെറ്റാണ് ഞാൻ ചെയ്തതെന്ന് ആലോചിക്കുകയായിരുന്നു. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. എൻ്റെ പ്രകടനങ്ങൾ വിമർശിക്കുന്നതിലൊന്നും തെറ്റില്ല. പക്ഷേ, കാര്യമറിയാതെ ട്രോളുമ്പോൾ വിഷമം തോന്നാറുണ്ട്. എൻ്റെ പിറന്നാൾ എങ്ങനെ ഞാൻ ആഘോഷിക്കാതിരിക്കും? ഒരു സഹോദരി അതിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. എന്നാൽ, ഞാൻ കുടിച്ച് കൂത്താടുകയാണെന്നാണ് ട്രോളുകളിൽ പറഞ്ഞത്. അത് എൻ്റെ ദിവസമാണ്. അപ്പോഴാണ് ആഘോഷിച്ചത്. എന്നിട്ടും ആളുകൾ ട്രോളുന്നു.”- പൃഥ്വി ഷാ പറയുന്നു.
Prithvi Shaw making some sense, well said! pic.twitter.com/OnbOaQQX69
— Prayag (@theprayagtiwari) November 25, 2024
ലേലത്തിൽ 75 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന പൃഥ്വി രാജിനെ ഒരു ടീമും പരിഗണിച്ചിരുന്നില്ല. മോശം ഫോമും ഫിറ്റ്നസും അച്ചടക്ക ലംഘനങ്ങളും വിവാദങ്ങളുമൊക്കെ പൃഥ്വിയ്ക്ക് തിരിച്ചടിയായി. 2018ൽ അരങ്ങേറിയത് മുതൽ കഴിഞ്ഞ സീസൺ വരെ ഡൽഹി ക്യാപിറ്റൽസിൽ കളിച്ച പൃഥ്വി ഷായ്ക്കായി ആരും പാഡിൽ ഉയർത്തിയില്ല. മോശം ഫോമിനെ തുടർന്ന് മുംബൈ രഞ്ജി ടീമിൽ നിന്നും പൃഥ്വി ഷാ പുറത്തായിരുന്നു.
പൃഥ്വി ഷായ്ക്ക് ഒരുപാട് അവസരങ്ങൾ നൽകിയെന്നും തെറ്റുകൾ തിരുത്താൻ തയ്യാറാവാതിരുന്നതിനാലാണ് താരത്തെ ടീം വിട്ടുകളഞ്ഞതെന്നും ഡൽഹി ക്യാപിറ്റൽസ് പരിശീലക സംഘത്തിലുണ്ടായിരുന്ന ഇന്ത്യയുടെ മുൻ താരം മുഹമ്മദ് കൈഫ് പറഞ്ഞിരുന്നു. പവർപ്ലേ പ്ലയറാണ് പൃഥ്വി എന്നായിരുന്നു ഡൽഹിയുടെ വിലയിരുത്തൽ. ഒരുപാട് കഴിവുള്ള താരമാണ്. ഡൽഹി അവനെ ഒരുപാട് പിന്തുണച്ചു. പക്ഷേ, ചില പ്രശ്നങ്ങളുണ്ടായിരുന്നു. അത് തിരുത്താൻ അവൻ തയ്യാറായില്ല. 75 ലക്ഷം രൂപയ്ക്ക് പോലും ടീമുകൾ അവനെ എടുക്കാതിരുന്നത് നാണക്കേടാണ്. ഇനി ചിലപ്പോൾ അവൻ അടിസ്ഥാനപാഠങ്ങളിലേക്ക് പോകുമായിരിക്കാമെന്നും കൈഫ് പ്രതികരിച്ചിരുന്നു.
അതേസമയം, ഋഷഭ് പന്തിനെ ഡല്‍ഹി നിലനിര്‍ത്താതിരുന്നതല്ല എന്ന് സഹ ഉടമ പാർത്ഥ് ജിൻഡാൽ വെളിപ്പെടുത്തി. ടീം വിടുകയാണെന്ന് പന്ത് തന്നെ അറിയിച്ചതാണ്. മുന്‍ സീസണുകളിൽ ടീമിന്റെ മോശം പ്രകടനത്തെക്കുറിച്ചുള്ള വിലയിരുത്തൽ പന്തിനെ അറിയിച്ചു. എന്നാൽ, പ്രതീക്ഷിച്ചതുപോലെയല്ല അദ്ദേഹം അത് സ്വീകരിച്ചത്. ഇതോടെ ടീം വിടുകയാണെന്ന് പന്ത് പറഞ്ഞു. പോവരുതെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും പന്ത് ആ അഭ്യർത്ഥന ചെവിക്കൊണ്ടില്ല. ലേലത്തിൽ അത്ര ഉയർന്ന വില മുടക്കാൻ കഴിയില്ലായിരുന്നു എന്നും ജിൻഡാൽ വെളിപ്പെടുത്തി.