Champions Trophy 2025: മുട്ടുമടക്കിയതല്ല, ക്രിക്കറ്റിന്റെ വിജയമാണ് പ്രധാനം; ഹൈബ്രിഡ് മോഡലിൽ പ്രതികരണവുമായി പിസിബി ചെയർമാൻ
PCB chairman Mohsin Naqvi: ഹെെബ്രിഡ് മോഡൽ അംഗീകരിച്ചിലെങ്കിൽ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശവും പാകിസ്താന് നഷ്ടപ്പെടുമായിരുന്നു. ഇത് സാമ്പത്തിക നഷ്ടത്തിലേക്കും വഴിവെക്കും.
ഇസ്‍ലാമബാദ്: ചാമ്പ്യൻസ് ട്രോഫി അനശ്ചിതത്വങ്ങൾക്ക് വിരാമമായതോടെ പ്രതികരണവുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‍വി. ക്രിക്കറ്റിന് വിജയത്തിന് വേണ്ടിയാണ് ഹെെബ്രിഡ് മോഡലിൽ ചാമ്പ്യൻസ് ട്രോഫി നടത്താമെന്ന നിർദ്ദേശത്തെ അംഗീകരിച്ചതെന്ന് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‍വി പറഞ്ഞു. ക്രിക്കറ്റിന്റെ അന്തിമ വിജയം ഉറപ്പാക്കാൻ വേണ്ടിയാണ് പുതിയ നീക്കമെന്നും അദ്ദേഹം ദുബായിൽ വച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് വിട്ടുനിന്നാൽ ടൂർണമെന്റ് നടത്താൻ സാധിക്കില്ലെന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ സമ്മർദ്ദത്തെ തുടർന്നാണ് ഹെെബ്രിഡ് മോഡലിന് പിസിബി അംഗീകാരം നൽകിയത്. ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ വച്ച് നടത്താനാണ് പിസിബി അംഗീകാരം നൽകിയത്. ഹെെബ്രിഡ് മോഡൽ അംഗീകരിക്കാനാവില്ലെന്നും മത്സരങ്ങളെല്ലാം പാകിസ്താൻ തന്നെ വേദിയാകണമെന്നുമായിരുന്നു പിസിബിയുടെ നിലപാട്.
‘‘നിലവിലെ സാഹചര്യം വഷളാക്കുന്ന രീതിയിൽ ഒരു പ്രതികരണവും നടത്തരുതെന്ന ആഗ്രഹം എനിക്കുണ്ട്. ചാമ്പ്യൻസ് ട്രോഫിയുമായി ബന്ധപ്പെട്ടുള്ള നിലപാടുകൾ ഇന്ത്യയും പാകിസ്താനും ഐസിസിയെ അറിയിച്ചു കഴിഞ്ഞു. ഇരുരാജ്യങ്ങൾക്കും അനുകൂലമായ രീതിയിലുള്ള പ്രശ്ന പരിഹാരത്തിന് വേണ്ടിയാണ് എല്ലാവരും ശ്രമിക്കുന്നത്. ഇവിടുത്തെ യഥാർത്ഥ വിജയി. അഭിമാനമാണ് പാകിസ്താന് ഏറ്റവും പ്രധാനം. ക്രിക്കറ്റിന്റെ വളർച്ചയിലൂടെ പാകിസ്താന്റെ അഭിമാനവും സംരക്ഷിക്കപ്പെടുമെന്ന് മൊഹ്സിൻ നഖ്‍വി മാധ്യമങ്ങളോട് പ്രതികരിച്ചു.
‘‘ടൂർണമെന്റുകളിൽ പങ്കെടുക്കുന്നതിനായി പാകിസ്താൻ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നുണ്ട്. എന്നാൽ പാകിസ്താനിലോട്ട് വരാൻ ഇന്ത്യ തയ്യാറാകുന്നില്ല. ഏകപക്ഷീയമായ ഇത്തരം നീക്കങ്ങൾ മാറ്റാനാണ് പിസിബി ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും നഖ്‍വി വ്യക്തമാക്കി. ചാമ്പ്യൻസ് ട്രോഫിയിൽ ഹൈബ്രിഡ് മോഡൽ അംഗീകരിച്ച പാകിസ്താൻ ക്രിക്കറ്റ് ബോർഡ്, 2031വരെ ഇന്ത്യ വേദിയാകുന്ന എല്ലാ ടൂർണമെന്റുകളും ഹൈബ്രിഡ് മോഡലിൽ നടത്തണമെന്ന ആവശ്യം ഐസിസിക്ക് മുന്നിൽ ഉന്നയിച്ചിരുന്നു. ഇന്ത്യയിൽ പോയി ഐസിസി ടൂർണമെന്റുകൾ
കളിക്കാൻ സാധിക്കില്ലെന്നാണ് പാകിസ്താന്റെ നിലപാട്. പിസിബിയുടെ ഈ നിർദ്ദേശത്തിന് ഐസിസി ഇതുവരെയും മറുപടി നൽകിയിട്ടില്ല. പാകിസ്താൻ വേദിയായ ഏഷ്യ കപ്പും ഹെെബ്രിഡ് മോഡലിലാണ് നടന്നത്. അന്ന് ഇന്ത്യയുടെ മത്സരങ്ങൾക്ക് വേദിയായത് ശ്രീലങ്കയായിരുന്നു.
സുരക്ഷ മുൻനിർത്തി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പാകിസ്താനിലേക്ക് അയക്കില്ലെന്ന് ബിസിസിഐ ഐസിസിയെ അറിയിച്ചിരുന്നു. ഹെെബ്രിഡ് മോഡലിൽ ടൂർണമെന്റ് നടത്തിയില്ലെങ്കിൽ ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പിന്മാറുമെന്നും നിലപാട് അറിയിച്ചതോടെയാണ് ഐസിസി പാകിസ്താന്മേൽ സമ്മർദ്ദം ചെലുത്തിയത്. ഹെെബ്രിഡ് മോഡലിൽ ചാമ്പ്യൻസ് ട്രോഫി നടത്തണമെന്ന ഇന്ത്യയുടെ ആവശ്യത്തെ പല രാജ്യങ്ങളും അംഗീകരിച്ചു. ഇതോടെ പാകിസ്താന് ഹെെബ്രിഡ് മോഡൽ അംഗീകരിക്കാതെ നിവർത്തിയില്ലാതെ വരികയായിരുന്നു. ഹെെബ്രിഡ് മോഡൽ അംഗീകരിച്ചിലെങ്കിൽ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശവും പാകിസ്താന് നഷ്ടപ്പെടുമായിരുന്നു. ഇത് സാമ്പത്തിക നഷ്ടത്തിലേക്കും വഴിവെക്കും. ഇത് മുൻ നിർത്തിയാണ് പാകിസ്താന്റെ മനം മാറ്റം. ഹൈബ്രിഡ് മോഡൽ പ്രകാരം ഇന്ത്യയുടെ മത്സരങ്ങൾക്ക് ദുബായും, മറ്റ് മത്സരങ്ങൾക്ക് പാകിസ്താനും വേദിയാകും.