PR Sreejesh: ഇന്ത്യൻ ഹോക്കി ടീമിലേക്ക് ഉടൻ മലയാളി എത്തും; താൻ കേരളം വിടുന്നുവെന്ന പ്രഖ്യാപനവുമായി പി ആർ ശ്രീജേഷ്
Olympian PR Sreejesh: ജൂനിയർ ടീം ദേശീയ പരിശീലകനാണ് എറണാകുളം കിഴക്കമ്പലം സ്വദേശിയായ പി ആർ ശ്രീജേഷ്. ജൂനിയർ ഏഷ്യാ കപ്പിൽ ശ്രീജേഷിന് കീഴിൽ ഇന്ത്യൻ ടീം കിരീടത്തിൽ മുത്തമിട്ടിരുന്നു.
കൊച്ചി: കേരളം വിടാനൊരുങ്ങി ഒളിമ്പ്യൻ പിആർ ശ്രീജേഷ്. ബെംഗളൂരുവിലേക്കാണ് മുൻ ഇന്ത്യൻ താരം കുടുംബ സമേതം ചേക്കേറുന്നത്. കേരളം വിട്ടുപോകുന്നു എന്നല്ല ഇത് കൊണ്ട് അർത്ഥമാകുന്നത്. ഇത്രയും കാലം കരിയറിനാണ് പ്രധാന്യം നൽകിയത്. ഇനിയെങ്കിലും കുടുംബത്തിന് ഒപ്പം ചെലവഴിക്കണം. അല്ലെങ്കിൽ അവരോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാകും അത്. ജോലി സംബന്ധമായി ഒരു പ്രവാസിയെ പോലെയാണ് ബെംഗളൂരുവിലേക്ക് ചേക്കേറുന്നതെന്നും ശ്രീജേഷ് പറഞ്ഞു. മനോരമയുടെ ന്യൂസ് മേക്കർ പരിപാടിക്കിടെയായിരുന്നു ശ്രീജേഷിന്റെ വെളിപ്പെടുത്തൽ.
അടുത്ത വർഷം ഞാൻ ബാംഗ്ലൂരിലേക്ക് കുടിയേറുകയാണ്. കുടുംബവും എനിക്കൊപ്പം ഉണ്ടാകും. അവർക്കൊപ്പം ചെലവഴിക്കാനുള്ള സമയം എനിക്ക് കിട്ടുമെന്നാണ് വിശ്വാസം. മക്കളുടെ സ്കൂൾ ബെംഗളൂരുവിലേക്ക് മാറ്റാകുകയാണ്. അച്ഛനും അമ്മയും എനിക്കൊപ്പം ബെംഗളൂരുവിലേക്ക് വരികയാണ്. നമ്മൾ സാക്രിഫൈസ് ചെയ്യേണ്ടിടത്തോളം കാലം ചെയ്തു. കുടുംബത്തിൽ നിന്ന് മാറി നിൽക്കേണ്ടി വന്നു. ഇനിയെങ്കിലും അവർക്കൊപ്പം സമയം ചെലവഴിച്ചില്ലെങ്കിൽ അവരോട് ചെയ്യുന്ന തെറ്റാകും അത്. – ശ്രീജേഷ് പറഞ്ഞു.
ദേശീയ ഹോക്കി ടീമിലേക്ക് ഉടൻതന്നെ ഒരു മലയാളി എത്തുമെന്നും ശ്രീജേഷ് വെളിപ്പെടുത്തി. ആദർശ് എന്ന മലയാളി താരം നിലവിൽ ഹോക്കി ഇന്ത്യ ജൂനിയർ ടീം ക്യാമ്പിലുണ്ട്. 2027-ലെ ജൂനിയർ ലോകകപ്പിൽ ആദർശ് ടീമിന്റെ ഗോൾവല കാക്കുമെന്നും ശ്രീജേഷ് വെളിപ്പെടുത്തി. ഞാൻ പരിശീലിപ്പിക്കുന്ന ജൂനിയർ ടീമിൽ ആദർശ് എന്ന് പേരുള്ള മലയാളി പയ്യനുണ്ട്. ചെറിയ കുട്ടിയാണ്. 18 വയസ് ആകുന്നതെ ഉള്ളൂ. 2027-ലെ ഹോക്കി ലോകകപ്പ് കളിക്കാൻ അവൻ യോഗ്യനാണ്. അതുകൊണ്ടാണ് ഇപ്പോഴേ ടീമിനൊപ്പം ഉള്ളതെന്നും ശ്രീജേഷ് കൂട്ടിച്ചേർത്തു. നിലവിൽ ജൂനിയർ ടീം ദേശീയ പരിശീലകനാണ് എറണാകുളം കിഴക്കമ്പലം സ്വദേശിയായ പി ആർ ശ്രീജേഷ്. ജൂനിയർ ഏഷ്യാ കപ്പിൽ ശ്രീജേഷിന് കീഴിൽ ഇന്ത്യൻ ടീം കിരീടത്തിൽ മുത്തമിട്ടിരുന്നു.
പാരിസ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയതിന് പിന്നാലെയാണ് ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപിച്ചത്. ടോക്കിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിലും ശ്രീജേഷ് അംഗമായിരുന്നു. 36-ാം വയസിലാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. 2006-ൽ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ശ്രീജേഷ് സീനിയർ ടീമിന് വേണ്ടി 320-ൽ അധികം മത്സരങ്ങളിൽ ഗോൾവല കാത്തിട്ടുണ്ട്. രാജ്യം ഖേൽ രത്ന, അർജുന, പത്മശ്രീ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.