Jemimah Rodrigues: അംഗത്വം ദുരൂപയോഗം ചെയ്ത് പിതാവിന്റെ മതപരിവർത്തനം; ഇന്ത്യൻ താരത്തിന്റെ മെമ്പർഷിപ്പ് റദ്ദാക്കി ക്രിക്കറ്റ് ക്ലബ്ബ് ഖാർ ജിംഖാന
Jemimah Rodrigues Father Religious Activity: 2024 ഒക്ടോബർ 20 ന് നടന്ന ക്ലബ്ബിന്റെ വാർഷിക പൊതുയോഗത്തിൽ അംഗങ്ങൾ ജെമീമ റോഡ്രിഗസിന് എതിരെയുള്ള പ്രമേയം പാസാക്കിയിരുന്നു.
മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജെമീമ റോഡ്രിഗസിൻ്റെ അംഗത്വം റദ്ദാക്കി മുംബെെയിലെ പഴക്കം ചെന്ന ക്രിക്കറ്റ് ക്ലബ്ബായ ഖാർ ജിംഖാന. മതപരമായ കാര്യങ്ങൾക്കായി താരത്തിന്റെ പിതാവ് ഇവാൻ അംഗത്വം ദുരൂപയോഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് അംഗത്വം റദ്ദാക്കിയിരിക്കുന്നത്. ഞായറാഴ്ച ജനറൽ ബോഡി യോഗത്തിലാണ് ജെമീമയുടെ അംഗത്വം റദ്ദാക്കാൻ തീരുമാനിച്ചത്. അംഗത്വം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ജെമീമ റോഡ്രിഗസോ പിതാവോ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
ഖാർ ജിംഖാനയുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ മതപരമായ കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ക്ലബ്ബ് അംഗങ്ങൾ രംഗത്തെത്തിയിരുന്നു. ക്ലബ്ബിന്റെ പരിസര പ്രദേശങ്ങളിൽ താരത്തിന്റെ പിതാവിന്റെ നേതൃത്വത്തിൽ മതപരമായ പരിപാടികൾ സംഘടിപ്പിക്കുന്നതായും മതപരിവർത്തനത്തിനുള്ള സൗകര്യങ്ങൾ ചെയ്ത് കൊടുക്കുന്നുണ്ടെന്നുമായിരുന്നു ആരോപണം. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയതോടെയാണ് അംഗത്വം റദ്ദാക്കാൻ ക്ലബ്ബിന്റെ വാർഷിക പൊതുയോഗം തീരുമാനിച്ചതെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
2024 ഒക്ടോബർ 20 ന് നടന്ന ക്ലബ്ബിന്റെ വാർഷിക പൊതുയോഗത്തിൽ അംഗങ്ങൾ റോഡ്രിഗസിന് എതിരെയുള്ള പ്രമേയം പാസാക്കിയിരുന്നു. മെമ്പർഷിപ്പ് ദുരുപയോഗം ചെയ്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മൂന്ന് വർഷത്തെ അംഗത്വം റദ്ദാക്കിയതെന്ന് ഖാർ ജിംഖാന പ്രസിഡൻ്റ് വിവേക് ദേവ്‌നാനി പറഞ്ഞു. ജെമീമയുടെ അച്ഛൻ ഇവാൻ ബ്രദർ മാനുവൽ മിനിസ്ട്രീസ് എന്ന സംഘടനയുമായി ബന്ധം പുലർത്തിയിരുന്നു. ഒരു വർഷത്തോളമായി ഏകദേശം 35- ഓളം മതപരമായ പരിപാടികൾക്കായി ക്ലബ്ബിന്റെ ഹാൾ ഉപയോഗിച്ചു. അവിടെ സംഘടിപ്പിച്ച പരിപാടികളെ കുറിച്ച് തങ്ങൾക്ക് വിവരം ലഭിച്ചിരുന്നതായി ഖാർ ജിംഖാന മാനേജിംഗ് കമ്മിറ്റി അംഗം ശിവ് മൽഹോത്ര വ്യക്തമാക്കി.
രാജ്യത്തിന്റെ പലഭാഗങ്ങളിലും മതപരിവർത്തനം റിപ്പോർട്ട് ചെയ്തിരുന്നു. പക്ഷേ തങ്ങളുടെ മുന്നിൽ അതുണ്ടാകുമെന്ന് വിചാരിച്ചില്ല. ആട്ടവും പാട്ടുമൊക്കെയായി വലിയ രീതിയിലുള്ള മതപരിവർത്തനമാണ് താരത്തിന്റെ പിതാവ് ഇവാന്റെ നേതൃത്വത്തിൽ നടന്നത്. ഖാർ ജിംഖാന ഭരണഘടനയുടെ റൂൾ 4 എ പ്രകാരം, മതപരമായ കാര്യങ്ങൾക്ക് ക്ലബ്ബിനെ ഉപയോഗപ്പെടുത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അംഗത്വം ദുരൂപയോഗം ചെയ്ത് മതപരിവർത്തനം നടക്കുന്ന കാര്യത്തെ കുറിച്ച് ക്ലബ്ബിനെ അറിയിച്ചത് അംഗത്വമുള്ള ഒരാളാണെന്ന് മുൻ പ്രസിഡൻ്റ് നിതിൻ ഗഡേക്കർ പറഞ്ഞു. ആരോപണം ശരിയാണോ എന്ന് അറിയാനായി താനും മാനേജിംഗ് കമ്മിറ്റി അംഗം ശിവ് മൽഹോത്രയും പരിപാടി നടക്കുന്ന ഒരു ദിവസം ഹാളിലേക്ക് ചെന്നിരുന്നു. അവിടെ ഇരുണ്ട മുറിയിൽ ട്രാൻസ് മ്യൂസിക്കിനൊപ്പം ആളുകൾ ചുവടുവയ്ക്കുന്നതും ഒരു സ്ത്രീ ‘അവൻ ഞങ്ങളെ രക്ഷിക്കാൻ വരുന്നു’ എന്ന് പറയുന്നതും കേട്ടു. മതപരമായ കാര്യങ്ങൾക്ക് അംഗത്വം ഉപയോഗിച്ചെന്ന് ബോധ്യപ്പെട്ടതോടെയാണ് മെമ്പർഷിപ്പ് റദ്ദാക്കാൻ തീരുമാനിച്ചത്. ഗദേക്കർ പറഞ്ഞു.
2023-ലാണ് ജമീമ റോഡ്രിഗസിനെ ക്ലബ്ബിന്റെ ഭാഗമാകാൻ ഖാർ ജിംഖാന ക്ഷണിച്ചത്. മൂന്നു വർഷത്തെ അംഗത്വവും പരിശീലനത്തിന് ഉൾപ്പെടെ ക്ലബ്ബിന്റെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനുള്ള അവസരവുമാണ് താരത്തിന് മെമ്പർഷിപ്പിലൂടെ ലഭിച്ചിരുന്നത്.