Mohammed Shami : ആ പ്രതീക്ഷയും പോയി, മുഹമ്മദ് ഷമി ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കളിക്കില്ല; സ്ഥിരീകരിച്ച് ബിസിസിഐ
Medical and Fitness Update Mohammed Shami : കായികക്ഷമത വീണ്ടെടുക്കാന്‍ ബിസിസിഐയുടെ സെൻ്റർ ഓഫ് എക്‌സലൻസിലെ മെഡിക്കൽ സ്റ്റാഫിൻ്റെ മാർഗനിർദേശത്തിന് കീഴിൽ അദ്ദേഹം പ്രവര്‍ത്തിക്കും. കാലിന്റെ പരിക്ക് പൂര്‍ണമായി മാറിയെങ്കില്‍ മാത്രമേ അദ്ദേഹം വിജയ് ഹസാരെ ട്രോഫിയില്‍ പങ്കെടുക്കൂവെന്നും ബിസിസിഐ ഓണററി ജോയിൻ്റ് സെക്രട്ടറി ദേവജിത് സൈകിയ
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ പേസര്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തില്ലെന്ന് സ്ഥിരീകരീച്ച് ബിസിസിഐ. ഇടത് കാലിലെ വീക്കം മൂലമാണ് താരത്തെ ഉള്‍പ്പെടുത്താത്തത്. പരിക്കിനെ തുടര്‍ന്ന് ഏറെ നാള്‍ ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന താരം രഞ്ജി ട്രോഫിയിലൂടെയാണ് മടങ്ങിയെത്തിയത്. നവംബറില്‍ രഞ്ജി ട്രോഫിയില്‍ ബംഗാളിന് വേണ്ടി കളിച്ചു. തുടര്‍ന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കളിച്ചു. ടെസ്റ്റ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നതിനായി കൂടുതല്‍ ബൗളിംഗ് സെഷനുകളിലും താരം പങ്കെടുത്തിരുന്നു. ഇതിനിടെയാണ് ഇടത് കാലില്‍ വീക്കമുണ്ടായത്.
നീണ്ട കാലയളവിന് ശേഷം കൂടുതല്‍ ബൗളിംഗ് ചെയ്തതാണ് വീക്കത്തിന് കാരണമെന്ന് ബിസിസിഐ വിശദീകരിച്ചു. ഷമി പൂര്‍ണമായി ആരോഗ്യം വീണ്ടെടുക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് മെഡിക്കല്‍ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ശേഷിക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ താരത്തെ പരിഗണിക്കേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു.
കായികക്ഷമത വീണ്ടെടുക്കാന്‍ ബിസിസിഐയുടെ സെൻ്റർ ഓഫ് എക്‌സലൻസിലെ മെഡിക്കൽ സ്റ്റാഫിൻ്റെ മാർഗനിർദേശത്തിന് കീഴിൽ അദ്ദേഹം പ്രവര്‍ത്തിക്കും. കാലിന്റെ പരിക്ക് പൂര്‍ണമായി മാറിയെങ്കില്‍ മാത്രമേ അദ്ദേഹം വിജയ് ഹസാരെ ട്രോഫിയില്‍ പങ്കെടുക്കൂവെന്നും ബിസിസിഐ ഓണററി ജോയിൻ്റ് സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി.
Read Also : വിജയലക്ഷ്യം 404, പൊരുതിത്തോറ്റ് കേരളം; പടനയിച്ച് മുഹമ്മദ് അസ്ഹറുദ്ദീന്‍
നേരത്തെ ഗാബ ടെസ്റ്റിന് മുമ്പ് ഷമിയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്താന്‍ ആലോചിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫിറ്റ്‌നസ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ താരം ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ എത്തിയിരുന്നു. ഷമിയെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ല്യകാല പരിശീലകന്‍ മുഹമ്മദ് ബദ്‌റുദ്ദീന്റെ ആവശ്യം.
ബുംറയ്ക്ക് മാത്രമായി ടീമിനെ വിജയിപ്പിക്കാന്‍ കഴിയില്ലെന്നും, ഷമിയുടെ സഹായം കൂടി ഇന്ത്യന്‍ ബൗളിങിന് വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രിയും ആവശ്യപ്പെട്ടിരുന്നു. ഷമി എത്രയും വേഗം ടീമിലെത്തുന്നുവോ, അത്രയും നല്ലതെന്നായിരുന്നു ശാസ്ത്രി പറഞ്ഞത്. ഷമി ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കളിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കവെയാണ് താരത്തിന്റെ ഇടതുകാലിലെ വീക്കം തിരിച്ചടിയായത്.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി
പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ വിജയിച്ചെങ്കിലും പിന്നീട് മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല. പെര്‍ത്ത് ടെസ്റ്റില്‍ 295 റണ്‍സിനായിരുന്നു വിജയം. അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഓസീസ് തിരിച്ചടിച്ചു. 10 വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം.ഗാബയില്‍ നടന്ന മൂന്നാം മത്സരം സമനിലയില്‍ കലാശിച്ചു. ഇതോടെ നിലവില്‍ പരമ്പരയില്‍ 1-1 എന്ന നിലയിലാണ് ഇരുടീമുകളും.
നാലാം മത്സരം ഡിസംബര്‍ 26 മുതല്‍ 30 വരെ മെല്‍ബണിലും, അഞ്ചാം ടെസ്റ്റ് ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ സിഡ്‌നിയിലും നടക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള പ്രവേശനം സുഗമമാക്കണമെങ്കില്‍ ഇരുടീമുകള്‍ക്കും അവശേഷിക്കുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ.