IPL 2025: കെ.എൽ. രാഹുലിനെ കെെവിട്ട് ലക്നൗ; പകരക്കാരനായി നിലനിർത്തിയത് ഈ താരത്തെ
Lucknow Super Giants: കഴിഞ്ഞ സീസണിൽ രാഹുലിന് കീഴിൽ ഏഴാം സ്ഥാനത്താണ് ലക്നൗ സൂപ്പർ ജയന്റ്സ് ഫിനിഷ് ചെയ്തത്. പിന്നാലെ രാഹുലിന്റെ ക്യാപ്റ്റൻസിക്കെതിരെ വിമർശനം ഉയർന്നിരുന്നു.
ഐപിഎൽ 2025 സീസണുള്ള തയ്യാറെടുപ്പിലാണ് ഫ്രാഞ്ചെെസികൾ. ടീമിൽ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ഒക്ടോബർ 31- നകം ബിസിസിഐയ്ക്ക് കെെമാറേണ്ടതുണ്ട്. ടീമിൽ ആരെ ഉൾപ്പെടുത്തണം, ആരെയൊക്കെ ഒഴിവാക്കണം തുടങ്ങിയ കാര്യങ്ങൾ ടീം മാനേജ്മെന്റുകളുടെ അന്തിമ പരിഗണനയിലാണ്. ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെഎൽ രാഹുലുമായി വേർപിരിഞ്ഞെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത് .ടീം നിലനിർത്താൻ ആഗ്രഹിക്കുന്നവരുടെ പട്ടികയിൽ രാഹുൽ ഇടം നേടിയിട്ടില്ല.
രാഹുലിന് പകരക്കാരനെയും ടീം മാനേജ്മെന്റ് കണ്ടെത്തി. വെസ്റ്റിൻഡീസ് വിക്കറ്റ് കീപ്പർ ബാറ്റർ നിക്കോളാസ് പുരാനെയാണ് ലക്നൗ മാനേജ്മെന്റ് പകരക്കാരനായി കണ്ടെത്തിയിരിക്കുന്നത്.18 കോടി രൂപയ്ക്ക് ലഖ്‌നൗ സൂപ്പർ ജയന്റ്സും നിക്കോളാസ് പുരാനും തമ്മിലുള്ള സൈനിംഗ് പൂർത്തിയായതായി ക്രിക്ക് ബസ് റിപ്പോർട്ട് ചെയ്തു. ടീം ഉടമ സഞ്ജീവ് ഗോയങ്കയെ കാണാനും കരാറിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുമായി നിക്കോളസ് പുരാൻ ചൊവ്വാഴ്ച ആർപിഎസ്ജി ഗ്രൂപ്പിൻ്റെ കൊൽക്കത്തയിലെ ഓഫീസിലെത്തിയതായാണ് വിവരം. 2023ൽ 16 കോടി രൂപയ്ക്കാണ് പൂരനെ ലക്നൗ ടീമിലെത്തിയത്. 2025-ൽ ലക്നൗവിനെ നയിക്കുന്നത് നിക്കോളാസ് പുരാൻ ആണെന്ന റിപ്പോർട്ടുകളുമുണ്ട്.
“ടീമിനോട് 100 ശതമാനം പ്രതിബദ്ധത പുലർത്തുന്ന താരമാണ് നിക്കോളാസ് പുരാൻ. ടീമിന്റെ വിജയത്തിനായി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അദ്ദേഹത്തിന് സാധിക്കും. ഏത് ഓർഡിലും ബാറ്റ് ചെയ്യാൻ കഴിയും എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത”. എൽഎസ്ജി മാനേജ്മെന്റിന്റെ ഭാഗമായ ഒരാൾ ക്രിക്ക്ബസിനോട് പറഞ്ഞു .നിക്കോളാസ് പുരാൻ, മായങ്ക് യാദവ്, രവി ബിഷ്ണോയ്, ആയുഷ് ബദോണി, മൊഹ്‌സിൻ ഖാൻ എന്നിവരെയാണ് എൽഎസ്ജി നിലനിർത്തിയിരിക്കുന്നത്. 69 കോടി രൂപയാണ് അഞ്ച് പേർക്കും വേണ്ടി ചെലവഴിച്ചിരിക്കുന്നത്.
കഴിഞ്ഞ സീസണിൽ രാഹുലിന് കീഴിൽ ഏഴാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. പിന്നാലെ രാഹുലിന്റെ ക്യാപ്റ്റൻസിക്കെതിരെ വിമർശനം ഉയർന്നിരുന്നു. ക്യാപ്റ്റന്റെ മോശം പ്രകടനം മാനേജ്മെന്റിനെ പലപ്പോഴും പ്രകോപിപ്പിച്ചിരുന്നു. ഇന്ത്യൻ ടീമിലും തുടരെ പരാജയപ്പെടുകയാണ് രാഹുൽ. ഇതെല്ലാം പരിഗണിച്ചാണ് ലക്നൗ രാഹുലിനെ ഒഴിവാക്കിയതെന്നാണ് വിവരം. ലക്നൗ കെെവിട്ടതോടെ ഈ വർഷത്തെ മെഗാ താരലേലത്തിൽ രാഹുലുമുണ്ടാകും. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, ചെന്നെെ സൂപ്പർ കിംഗ്സ് എന്നീ ടീമുകൾ രാഹുലിനെ ടീമിലെത്തിക്കാനായി ശ്രമിക്കുന്നുണ്ട്.
അതേസമയം, ഗുജറാത്ത് ടെെറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, റാഷിദ് ഖാൻ, സായ് സുദർശൻ, രാഹുൽ തെവാട്ടിയ, ഷാരൂഖ് ഖാൻ എന്നിവരെ നിലനിർത്തുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സീസണിൽ ഗില്ലിന് കീഴിൽ ടീം എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 2022-ലെ അരങ്ങേറ്റ സീസണിൽ കീരിടം നേടിയ ടീമാണ് ഗുജറാത്ത് ടെെറ്റൻസ്. 2022-ലാണ് റാഷിദ് ഖാൻ ഗുജറാത്തിലെത്തിയത്. ടീമിനായി ഇതുവരെ 65 വിക്കറ്റുകൾ വീഴ്ത്തി. 12 കളികളിൽ നിന്ന് സെഞ്ച്വറി ഉൾപ്പെടെ 527 റൺസാണ് സായ് സുദർശൻ ഐപിഎല്ലിൽ ഗുജറാത്തിനായി നേടിയത്. ടീം ഇന്ത്യക്കായി മൂന്ന് ഏകദിനങ്ങളിലും ഒരു ടി20യിലും സായ് സുദർശൻ കളത്തിലിറങ്ങിയിട്ടുണ്ട്.