Lionel Messi : അമേരിക്കയിൽ ഗോളടിച്ചും അടിപ്പിച്ചും ഗോട്ട്; മെസിയുടെ ഇരട്ട ഗോളിൽ ഇൻ്റർ മയാമിക്ക് തകർപ്പൻ ജയം
Lionel Messi Inter Miami : പരിക്കിൽ നിന്ന് മുക്തനായി തിരികെവന്ന ആദ്യ മത്സരത്തിൽ തന്നെ ഗോളടിച്ചും അടിപ്പിച്ചും ലയണൽ മെസി. ഇരട്ട ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത മെസി ഫിലാഡെൽഫിയക്കെതിരെ ഇൻ്റർ മയാമിക്ക് ഒന്നിനെതിരെ മൂന്ന് ഗോളിൻ്റെ ജയവും സമ്മാനിച്ചു.
മേജർ ലീഗ് സോക്കറിൽ ഫിലാഡെൽഫിയക്കെതിരെ ഇൻ്റർ മയാമിക്ക് തകർപ്പൻ ജയം. ഒരു ഗോളിന് പിന്നിൽ നിന്നതിന് ശേഷം മൂന്ന് ഗോളുകൾ തിരിച്ചടിച്ചാണ് മെസിയും സംഘവും ജയിച്ചുകയറിയത്. ഇരട്ട ഗോളുകളും അസിസ്റ്റുമായി മെസി തിളങ്ങിയപ്പോൾ ലൂയിസ് സുവാരസാണ് ഇൻ്റർ മയാമിയുടെ മൂന്നാം ഗോൾ നേടിയത്. മികായേൽ ഊറെ ഫിലാഡെൽഫിയയുടെ ആശ്വാസ ഗോൾ നേടി.
കളി തുടങ്ങി രണ്ടാം മിനിട്ടിൽ തന്നെ ഫിലാഡെൽഫിയ ഗോളടിച്ചു. 26ആം മിനിട്ടിൽ മെസിയിലൂടെ ഇൻ്റർ മയാമി തിരിച്ചടിച്ചു. ലൂയിസ് സുവാരസാണ് സമനില ഗോളിന് വഴിയൊരുക്കിയത്. 30ആം മിനിട്ടിൽ മെസി വീണ്ടും സ്കോർ ചെയ്തു. ഇത്തവണ മറ്റൊരു പഴയ ബാഴ്സ സഹതാരം ജോർഡി ആൽബയുടേതായിരുന്നു അസിസ്റ്റ്. ആദ്യ പകുതി അവസാനിക്കുമ്പോൾ സ്കോർ 2-1.
രണ്ടാം പകുതിയിൽ നിശ്ചിത സമയത്ത് പിന്നീട് ഗോളുകൾ പിറന്നില്ല. അധികസമയത്തിൻ്റെ അവസാന മിനിട്ടിൽ ലൂയിസ് സുവാരസ് മയാമിയുടെ മൂന്നാം ഗോൾ നേടി. ലയണൽ മെസിയായിരുന്നു അസിസ്റ്റ്. ഈ ഗോളോടെ ഇൻ്റർ മയാമി ജയം പൂർത്തിയാക്കി. പരിക്കേറ്റ് ഏറെക്കാലം പുറത്തിരുന്നതിന് ശേഷം മെസി കളിക്കുന്ന ആദ്യ മത്സരമായിരുന്നു ഇത്.
ഇക്കഴിഞ്ഞ ജൂലായ് 14ന് നടന്ന കോപ്പ അമേരിക്ക ഫൈനലിലാണ് മെസിക്ക് പരിക്കേറ്റത്. മെസി മടങ്ങിയെങ്കിലും ഫൈനലിൽ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി അർജൻ്റീന തുടരെ രണ്ടാം കോപ്പ നേടിയിരുന്നു. അധികസമയത്തിലേക്ക് നീണ്ട മത്സരത്തിൽ പകരക്കാരനായി എത്തിയ ലൗത്താരോ മാർട്ടിനസാണ് നിർണായക ഗോൾ നേടിയത്.
അർജൻ്റൈൻ വിജയഗാഥ കണ്ട കലാശപ്പോരിൽ ഇതിഹാസതാരം ലയണൽ മെസി നിറഞ്ഞുകളിച്ചെങ്കിലും 66ആം മിനിട്ടിൽ താരത്തിന് കളം വിടേണ്ടിവന്നു. കണ്ണങ്കാലില് പരിക്കേറ്റ് ഗ്രൗണ്ടിൽ വീണ മെസി കരഞ്ഞുകൊണ്ടാണ് മടങ്ങിയത്. താരം ബൂട്ട് വലിച്ചെറിയുന്നതും കാണാമായിരുന്നു. നിക്കോളാസ് ഗോൺസാലസാണ് മെസിക്ക് പകരം കളത്തിലിറങ്ങിയത്. പന്തിനുപിന്നാലെ ഓടുന്നതിനിടെ കാല് തെന്നിവീണ മെസി മെഡിക്കലിനെ വിളിച്ചെങ്കിലും തുടർന്ന് കളിക്കാനാവില്ലെന്ന് മെഡിക്കൽ ടീം അറിയിച്ചു. ഇതോടെ നിർബന്ധിതമായ കളം വിടേണ്ടിവന്നു താരത്തിന്. കണ്ണങ്കാലിൽ ഐസ് പാക്ക് വച്ച് ഡഗൗട്ടിലിരുന്ന് കരയുന്ന മെസിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
പരിക്കേൽക്കുന്നതിന് മുൻപും മെസി പലതവണ ഗ്രൗണ്ടിൽ വേദന കൊണ്ട് അസ്വസ്ഥനായിരുന്നു. ഇടയ്ക്ക് കൊളംബിയൻ താരം സാൻ്റിയാഗോ അരിയാസുമായി കൂട്ടിയിടിച്ചപ്പോൾ താരം വേദനകൊണ്ട് പുളഞ്ഞു. ഇതിന് പിന്നാലെയാണ് താരം വേദന സഹിക്കാനാവാതെ മടങ്ങിയത്. ടൂർണമെൻ്റിലുടനീളം പരിക്കേറ്റ കാലുമായാണ് മെസി കളിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം കളിക്കാൻ താരത്തിന് സാധിച്ചതുമില്ല. രണ്ട് മാസത്തോളം പുറത്തിരുന്നതിന് ശേഷമാണ് മെസി കളത്തിലേക്ക് തിരികെ എത്തിയത്. കഴിഞ്ഞ മാസം ഇൻ്റർ മയാമിക്കൊപ്പം മെസി പരിശീലനത്തിറങ്ങിയിരുന്നു. എന്നാൽ, പരിക്കിൽ നിന്ന് പൂർണമായി മുക്തനാവാത്തതിനാൽ താരത്തെ കഴിഞ്ഞ രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ പരിഗണിച്ചതുമില്ല. കൊളംബിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റെങ്കിലും പട്ടികയിൽ ഇപ്പോഴും അർജൻ്റീന തന്നെയാണ് ഒന്നാമത്. 8ൽ ആറ് കളിയും ജയിച്ച അർജൻ്റീനയ്ക്ക് 18 പോയിൻ്റുണ്ട്.
ലീഗിൽ 28 മത്സരങ്ങൾ അവസാനിക്കുമ്പോൾ 62 പോയിൻ്റുമായി ഇൻ്റർ മയാമിയാണ് ഒന്നാമത്. 19 ജയവും അഞ്ച് സമനിലയും സഹിതമാണ് ഇൻ്റർ മയാമിയുടെ പ്രകടനങ്ങൾ. ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് 16 ജയവും നാല് സമനിലയും സഹിതം 52 പോയിൻ്റുള്ള സിൻസിനാറ്റിയാണ് രണ്ടാമത്. 7 ജയം സഹിതം 30 പോയിൻ്റുള്ള ഫിലാഡെൽഫിയ പട്ടികയിൽ 11 ആമതാണ്.