KL Rahul : ഇതെന്നാ നട്ട്മെഗ്ഗോ? വിചിത്രമായ രീതിയിലുള്ള കെഎൽ രാഹുലിൻ്റെ പുറത്താകൽ
KL Rahul Wicket Video India A vs Australia A : ടെസ്റ്റ് ക്രിക്കറ്റിൽ മോശം ഫോം തുടരുന്നതിനിടെയാണ് കെ.എൽ രാഹുൽ ഈ വിചിത്രമായ രീതിയിലുള്ള പുറത്താകലിന് പാത്രമാകുന്നത്. അതും സ്പിൻ ബോളിൽ.
മെൽബൺ : ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായിട്ടുള്ള ഇന്ത്യ എ-ഓസ്ട്രേലിയ എ തമ്മിലുള്ള സന്നാഹ മത്സരം ഓസ്ട്രേലിയയിൽ പുരോഗമിക്കുകയാണ്. ചതുർദിന മത്സരത്തിൽ കനത്ത തോൽവി ഒഴിവാക്കി ഇന്ത്യൻ ടീം നിലവിൽ ഓസ്ട്രേലിയയ്ക്കെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 11 റൺസിൻ്റെ ലീഡ് നേടിട്ടുണ്ട്. അതിനിടെ ചർച്ചയാകുന്നത് മത്സരത്തിൽ സീനിയർ താരം കെ.എൽ രാഹുൽ (KL Rahul) ഉൾപ്പെടെയുള്ള ഇന്ത്യയുടെ മുന്നേറ്റ താരങ്ങളുടെ മോശം പ്രകടനങ്ങളാണ്. കൂടാതെ ഇന്ന് നടന്ന രണ്ടാം ഇന്നിങ്സിൽ വിചിത്രമായി രീതിയിൽ താരം പുറത്തായതും ഇതിനിടെ ശ്രദ്ധേയമായി.
രണ്ടാം ഇന്നിങ്സിൽ ഓപ്പണിങ് താരമായി ഇറങ്ങിയ രാഹുൽ പത്ത് റൺസെടുത്ത് നിൽക്കവെയാണ് വിചിത്രമായി രീതിയിൽ ബോൾഡായി പുറത്താകുന്നത്. ഓസ്ട്രേലിയൻ സ്പിൻ താരം കോറി റോക്ക്ഹോളിയാണ് രാഹുലിൻ്റെ വിക്കറ്റ് തെറിപ്പിച്ചത്. ലെഗിലേക്ക് പന്ത് ലീവ് ചെയ്യാൻ ശ്രമിച്ച രാഹുലിൻ്റെ നിഗമനം തെറ്റി പോകുകയായിരുന്നു. എന്നാൽ പന്ത് താരത്തിൻ്റെ ഇരുകാലുകൾക്കുമിടയിലൂടെ സ്റ്റമ്പിൽ വന്ന് പതിക്കുകയായിരുന്നു.
വീഡിയോ കാണാം:
“Don’t know what he was thinking!”
Oops… that’s an astonishing leave by KL Rahul 😱 #AUSAvINDA pic.twitter.com/e4uDPH1dzz
— cricket.com.au (@cricketcomau) November 8, 2024
മോശം ഫോം തുടരുന്നതിനിടെയാണ് രാഹുൽ ഈ വിചിത്രമായി പുറത്താകലിന് പാത്രമാകുന്നതും. ഇതെ തുടർന്നാണ് ന്യൂസിലാൻഡിനെതിരെയുള്ള മൂന്നാം ടെസ്റ്റിൽ താരത്തെ പുറത്തിരുത്തി പകരം സർഫറാസ് ഖാനെ ഇലവനിൽ ഉൾപ്പെടുത്തിയത്. ഓസ്ട്രേലിയയ്ക്കെതിരെയുള്ള ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിൽ ഇന്ത്യൻ ടീമിൻ്റെ ഭാഗമായ താരത്തെ ഫോം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ബിസിസിഐ സന്നാഹ മത്സരങ്ങൾക്കായി ഓസ്ട്രേലിയയിലേക്ക് അയച്ചിരിക്കുന്നത്.
അതേസമയം ടെസ്റ്റ് മത്സരത്തിൽ ആകെ നേടാനായത് വെറും 14 റൺസ് മാത്രമാണ്. ആദ്യ ഇന്നിങ്സിലും ഓപ്പണിങ്ങിൽ ഇറങ്ങിയ താരം നാല് റൺസിനാണ് പുറത്തായത്. യുവതാരം ധ്രുവ് ജുറെലിൻ്റെ 80 റൺസ് ഇന്നിങ്സിൻ്റെ പിൻബലത്തിലാണ് മെൽബണിൽ ഇന്ത്യ എ ടീമിനെ ഭേദപ്പെട്ട സ്കോർ നേടാനായത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ടീം ഉയർത്തിയ 162 റൺസ് ലക്ഷ്യം പിന്തുർന്ന് ഓസ്ട്രേലിയ എ ഓപ്പണർ മാർക്കസ് ഹാരിസിൻ്റെ 74 റൺസിൻ്റെ മികവിൽ 62 റൺസിൻ്റെ ലീഡ് ഉയർത്തിയിരുന്നു. രണ്ടാം ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഇതുവരെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 11 റൺസിന് ലീഡാണ് ഉയർത്തിയിരിക്കുന്നത്. ധ്രുവ് ജുറെലും നിതീഷ് കുമാർ റെഡ്ഡിയുമാണ് ഇന്ത്യ എയ്ക്കായി നിലവിൽ ക്രീസിലുള്ളത്.