Kerala School Sports Meet: കാക്കിക്ക് എന്ത് കൗമാരം! കായികമേളയിൽ കയ്യാങ്കളി, സമാപന ചടങ്ങിൽ സംഘർഷം
Kerala School Meet 2024 Controversy: ആദ്യഘട്ടത്തിൽ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ വിദ്യാർത്ഥികളുമായി ചർച്ച നടത്തിയെങ്കിലും പരിഹാരം കണ്ടെത്താൻ സാധിച്ചിരുന്നില്ല. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെയും പൊലീസ് സ്ഥലത്ത് നിന്ന് മാറ്റിയിരുന്നു.
കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന വേദിയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. മേളയുടെ സമാപന വേദിയായ മഹാരാജാസ് കോളേജിലാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്പോർട്സ് സ്കൂളുകളെ കിരീടത്തിന് പരിഗണിച്ചതിലാണ് പ്രതിഷേധം. തിരുവനന്തപുരം ജിവി രാജ സ്കൂളിന് രണ്ടാം സ്ഥാനം നൽകിയതിന് പിന്നിൽ ഉദ്യോഗസ്ഥരുടെ ഇടപെടലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പൊലീസ് മർദിച്ചെന്നും ആരോപണമുണ്ട്. മലപ്പുറം നാവാമുകുന്ദ, എറണാകുളം മാർ ബേസിൽ സ്കൂളുകളിലെ വിദ്യാർത്ഥികളാണ് പ്രതിഷേധവുമായി എത്തിയത്.
ആദ്യഘട്ടത്തിൽ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ വിദ്യാർത്ഥികളുമായി ചർച്ച നടത്തിയെങ്കിലും പരിഹാരം കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിദ്യാർത്ഥികൾ, അധ്യാപകർ, സ്കൂൾ അധികൃതർ, രക്ഷിതാക്കൾ എന്നിവരുമായി സംസാരിക്കുകയും വിഷയത്തിൽ പരിഹാരം കാണാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. എന്നാൽ ഇതിന് പിന്നാലെ വി ശിവൻ കുട്ടിയെ പൊലീസ് സംഭവസ്ഥലത്ത് നിന്ന് മാറ്റി. തുടർന്ന് പ്രതിഷേധിച്ച വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ളവരെ പൊലീസ് മർദിച്ചെന്നാണ് ആരോപണം.
“ഞങ്ങളെ പൊലീസുകാർ വലിച്ചിഴച്ചു കൊണ്ടാണ് പോയത്. ഞങ്ങടെ കഷ്ടപ്പാടിനും വിയർപ്പിനുമൊന്നും യാതൊരു വിലയുമില്ല. പൈസ ഉള്ളവനൊപ്പം ന്യായവുമുണ്ട്.. പൊലീസുമുണ്ട് എല്ലാവരുമുണ്ട്”.- വിദ്യാർത്ഥികളിൽ ഒരാൾ പറഞ്ഞു. “ഞങ്ങൾക്ക് അർഹതപ്പെട്ടത് ഞങ്ങളല്ലേ ചോദിക്കേണ്ടത്. പുറത്ത് നിന്ന് ആരും വന്ന് ചോദിക്കില്ലാലോ.. അത് ചോദിച്ചപ്പോൾ നോക്കണ്ട കാര്യമില്ലെന്നാണ് പറഞ്ഞത്. ട്രാക്കിൽ വച്ചാണ് വിദ്യാർത്ഥിനികളായ ഞങ്ങളെ പുരുഷ പൊലീസ് ഉപദ്രവിക്കാൻ ശ്രമിച്ചത്. അധ്വാനിച്ച് നേടിയ കപ്പാണ് ചോദിച്ചത്. രാവും പകലുമില്ലാതെ കിടന്ന് അധ്വാനിച്ച കഷ്ടപ്പാടിന്റെ ഫലമാണത്. ആ കപ്പ് ചോദിക്കുമ്പോഴാണ് ഉപദ്രവം”. -മറ്റൊരു വിദ്യാർത്ഥി പറഞ്ഞു.
അതേസമയം, വിദ്യാർത്ഥികളെ മർദ്ദിച്ചില്ലെന്ന ന്യായീകരണവുമായി പൊലീസ് രംഗത്തെത്തി. എന്നാൽ പൊലീസ് വിദ്യാർത്ഥികളുടെ കഴുത്തിൽ പിടിക്കുന്നതും പിടിച്ച് തള്ളുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടിട്ടുണ്ട്. മേള കലക്കാൻ കുട്ടികളെ മനഃപൂർവ്വം ഇളക്കിവിട്ടെന്ന ആരോപണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും രംഗത്തെത്തി. “വിദ്യാർത്ഥികളുടെ പരാതിയിന്മേൽ നടപടി ഉചിതമായ തീരുമാനം കെെക്കൊള്ളുമെന്ന് ഉറപ്പ് നൽകിയിരുന്നു. പക്ഷേ ആ വാക്ക് വിശ്വാസത്തിലെടുക്കാതെ മനപൂർവ്വം മേള അലങ്കോലപ്പെടുത്തുന്നതിനായുള്ള പരിശ്രമമാണ് മാർബേസിലിലെയും നാവാമുകുന്ദയിലെയും അധ്യാപകർ നടത്തിയത്. ഇത് അംഗീകരിക്കാനാവില്ല”. – അദ്ദേഹം പറഞ്ഞു.
പ്രതിഷേധങ്ങൾ ശക്തമായതോടെ രണ്ടാം സ്ഥാനക്കാർക്ക് ലഭിച്ച ട്രോഫി തിരിച്ചു നൽകാൻ തയ്യാറാണെന്ന് ജി വി രാജ സ്കൂൾ അറിയിച്ചു. വേദിയിൽ സ്കൂളുകളുടെ സ്ഥാനം പ്രഖ്യാപിച്ചപ്പോൾ മാത്രമാണ് രണ്ടാം സ്ഥാനത്തെ കുറിച്ച് അറിഞ്ഞതെന്നും പരിശീലകൻ അജിമോൻ വ്യക്തമാക്കി. കായിക മേളയുടെ വെബ്സൈറ്റിൽ രണ്ടാം സ്ഥാനം നാവാമുകുന്ദക്ക് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കായികമേളയുടെ അത്ലറ്റിക്സ് വിഭാഗം കിരീടം മലപ്പുറം ജില്ലയ്ക്കാണ്. 22 സ്വർണം, 32 വെള്ളി, 24 വെങ്കലം എന്നിവ ഉൾപ്പെടെ 242 പോയിന്റോടെയാണ് മലപ്പുറം ചാമ്പ്യന്മാരായത്. 213 പോയിന്റ് നേടിയ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. ഒളിമ്പിക്സ് മാതൃകയിൽ നടന്ന കായികമേളയുടെ ഓവറോൾ ചാമ്പ്യന്മാർ തിരുവനന്തപുരമാണ്. 1935 പോയിന്റോടെയാണ് തിരുവനന്തപുരം ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി നേടിയിരിക്കുന്നത്. സ്കൂളുകളിൽ കടകശ്ശേരി ഐഡിയൽ സ്കൂളാണ് 80 പോയിന്റോടെ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്.