5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Cricket League : കളിക്കാൻ കൊച്ചി ബ്ലൂ ടൈഗേഴ്സ് റെഡിയാണ്; നയിക്കാൻ ബേസിൽ തമ്പിയും

Kerala Cricket Legaue Kochi Blue Tigers : കേരള ക്രിക്കറ്റ് ലീഗ് അടുത്ത മാസം രണ്ടിന് ആരംഭിക്കുകയാണ്. ലീഗിലെ പ്രധാന ടീമുകളിലൊന്നാണ് കൊച്ചി ആസ്ഥാനമായ കൊച്ചി ബ്ലൂ ടൈഗേഴ്സ്. സിംഗിൾ ഐഡി സ്ഥാപകൻ സുഭാഷ് മാനുവലാണ് ടീം ഉടമ. ബേസിൽ തമ്പി ടീമിനെ നയിക്കും.

Kerala Cricket League : കളിക്കാൻ കൊച്ചി ബ്ലൂ ടൈഗേഴ്സ് റെഡിയാണ്; നയിക്കാൻ ബേസിൽ തമ്പിയും
Kerala Cricket Legaue Kochi Blue Tigers (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 24 Aug 2024 15:46 PM

കേരള ക്രിക്കറ്റ് ലീഗിൻ്റെ പ്രഥമ സീസണായി (KCL) കൊച്ചി ബ്ലൂ ടൈഗേഴ്സ് തയ്യാർ. ഐപിഎലിലും ഇന്ത്യ എ ടീമിലും കളിച്ചിട്ടുള്ള പേസർ ബേസിൽ തമ്പിയുടെ നേതൃത്വത്തിലാണ് ടീം കളത്തിലിറങ്ങുക. കേരളത്തിൻ്റെ മുൻ രഞ്ജി താരം സെബാസ്റ്റ്യൻ ആൻ്റണിയാവും മുഖ്യ പരിശീലകൻ. 12 വർഷക്കാലം വിവിധ ടീമുകളുടെ പരിശീലക വേഷത്തിൽ സെബാസ്റ്റ്യൻ ആൻ്റണി പ്രവർത്തിച്ചിട്ടുണ്ട്.

ചില ശ്രദ്ധേയ പേരുകൾ ടീമിലുണ്ട്. കേരളത്തിൽ നിന്നുള്ള യുവതാരങ്ങളിൽ ഏറെ പ്രതീക്ഷ നൽകുന്ന ഓൾറൗണ്ടർ ഷോൺ റോജർ, കേരള സീനിയർ ടീമിലെ പ്രധാന താരവും ഓൾറൗണ്ടറുമായ സിജോമോൻ ജോസഫ്, കേരള ടീമിൽ മികച്ച പ്രകടനങ്ങൾ തുടരെ നടത്തുന്ന പേസ് ബൗളിംഗ് ഓൾറൗണ്ടർ ഉണ്ണികൃഷ്ണൻ മനുകൃഷ്ണൻ, ഏജ് ഗ്രൂപ്പ് മത്സരങ്ങളിൽ തിളങ്ങുന്ന ഓൾറൗണ്ടർ മുഹമ്മദ് ഇനാൻ, സഞ്ജു സാംസണിൻ്റെ സഹോദരനും ഓൾറൗണ്ടറുമായ സാലി സാംസൺ, ആഭ്യന്തര മത്സരങ്ങളിൽ തകർപ്പൻ പ്രകടനങ്ങൾ നടത്തുന്ന ബാറ്റർ അനന്ത് കൃഷ്ണൻ, എന്നിവരൊക്കെ ടീമിലെ പ്രധാന താരങ്ങളാണ്.

Also Read : Kerala Cricket League : കേരള ക്രിക്കറ്റ് ലീഗ് അടുത്ത മാസം; കളി കാണാൻ പ്രവേശനം സൗജന്യം

വിക്കറ്റ് കീപ്പർമാരായി പവൻ ശ്രീധർ, നിഖിൽ തോട്ടത്ത് എന്നിവർ ടീമിലുണ്ട്. അനന്ദു കെബി, ജോബിൻ ജോബി, ജെറിൻ പിഎസ്, ഷൈൻ ജോൺ ജേക്കബ്, ശ്രേയാസ് കെവി തുടങ്ങിയവർ ടീമിലെ ഓൾറൗണ്ടർമാരാണ്. അജയഘോഷ് എൻഎസ് ബൗളറായി ടീമിലുണ്ട്. അനുജ് ജോട്ടിൻ, വിപുൽ ശക്തി, അപ്പു പ്രകാശ് തുടങ്ങിയവരാണ് ബാറ്റർമാർ.

സെപ്തംബർ രണ്ടിനാണ് കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ ആദ്യ മത്സരം. ട്രിവാൻഡ്രം റോയൽസാണ് മത്സരത്തിൽ എതിരാളികൾ. റോയൽസിൻ്റെ തട്ടകത്തിൽ രാത്രി 7.45ന് മത്സരം ആരംഭിക്കും. സെപ്തംബർ നാലിനും അഞ്ചിനും രണ്ട് ഹോം മത്സരങ്ങളാണ് പിന്നീടുള്ളത്. യഥാക്രമം കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സ്, ആലപ്പി റിപ്പിൾസ് എന്നിവരുമായി ഏറ്റുമുട്ടുന്ന കൊച്ചി പിന്നീട് ഏഴാം തീയതി ഏരീസ് കൊല്ലം സെയ്‌ലേഴ്സിനെതിരെ എവേ മത്സരം കളിക്കും.

എട്ടിന് തൃശൂർ ടൈറ്റൻസിനെതിരെ എവേ മത്സരവും 9ന് ട്രിവാൻഡ്രം റോയൽസിനെതിരെ ഹോം മത്സരവും കളിക്കുന്ന കൊച്ചി ടീം 11ന് ഹോം മത്സരത്തിലും 12ന് എവേ മത്സരത്തിലും ഇറങ്ങും. ഏരീസ് കൊല്ലം സെയ്‌ലേഴ്സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ് എന്നിവരാണ് യഥാക്രമം എതിരാളികൾ. 14ന് തൃശൂർ ടൈറ്റൻസിനെതിരെ ഹോം മാച്ചിൽ കളിക്കുന്ന കൊച്ചി ടീമിൻ്റെ അവസാന ലീഗ് മത്സരം 15ന് ആലപ്പി റിപ്പിൾസിനെതിരെയാണ്. എല്ലാ മത്സരങ്ങളും തിരുവനന്തപുരം സ്പോർട്സ് ഹബ്ബിലാണ്.

മുൻ രഞ്ജി താരവും വിക്കറ്റ് കീപ്പറുമായ സിഎം ദീപക് സഹപരിശീലകനാവും. എസ് അനീഷാണ് ബൗളിംഗ് പരിശീലകൻ. സമീഷ് എആർ ആണ് ഫിസിയോ തെറാപിസ്റ്റ്. ഐപിഎൽ ടീം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ മലയാളി ത്രോഡൗൺ സ്പെഷ്യലിസ്റ്റ് ഗബ്രിയേൽ ബെൻ കുര്യൻ കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെയും ത്രോഡൗൺ സ്പെഷ്യലിസ്റ്റാണ്.

സെപ്തംബർ രണ്ട് മുതൽ 18 വരെയാണ് ലീഗ് നടക്കുക. തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ലീഗിലേക്കുള്ള പ്രവേശനം സൗജന്യമാണെന്ന് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.

Also Read : Kerala Cricket League : കേരള ക്രിക്കറ്റ് ലീഗ് താരലേലം അവസാനിച്ചു; ഇനി വെടിക്കെട്ട് തുടങ്ങാനുള്ള കാത്തിരിപ്പ്

ഓഗസ്റ്റ് 10നാണ് ക്രിക്കറ്റ് ലീഗ് താരലേലം അവസാനിച്ചത്. താരലേലത്തിൽ ഓൾറൗണ്ടർ എംഎസ് അഖിലിനാണ് ഏറ്റവുമധികം തുക ലഭിച്ചത്. താരത്തെ 7.4 ലക്ഷം രൂപയ്ക്ക് ട്രിവാൻഡ്രം റോയൽസ് സ്വന്തമാക്കി. അഖിൽ ഉൾപ്പെടെ നാല് താരങ്ങൾക്കാണ് ഏഴ് ലക്ഷത്തിലധികം രൂപ ലഭിച്ചത്. വിക്കറ്റ് കീപ്പർ വരുൺ നായനാറിനെ 7.2 ലക്ഷം രൂപയ്ക്ക് തൃശൂർ ടൈറ്റൻസ് ടീമിലെത്തിച്ചപ്പോൾ ഓൾറൗണ്ടർ ഉണ്ണികൃഷ്ണൻ മനു കൃഷ്ണനെ കൊച്ചി ബ്ലൂ ടൈ​ഗേഴ്സും ബാറ്റർ സൽമാൻ നിസാറിനെ കാലിക്കറ്റ് ​ഗ്ലോബ് സ്റ്റാർസും 7 ലക്ഷം രൂപ വീതം മുടക്കി ടീമിലെത്തിച്ചു. 50000 രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന എം നിഖിലാണ് സർപ്രൈസ് താരം. നിഖിലിനെ 4.6 ലക്ഷം രൂപയ്ക്ക് കാലിക്കറ്റ് ​ഗ്ലോബ് സ്റ്റാർസ് സ്വന്തമാക്കി. ഇന്ത്യൻ താരം സഞ്ജു സാംസൺ ലീഗിൽ കളിക്കില്ല.

 

Latest News