5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala Cricket League : 45 പന്തിൽ 139; വിഷ്ണു വിനോദിൻ്റെ സംഹാരരൂപത്തിൽ റിപ്പിൾസ് ഭസ്മം; ഒന്നാം സ്ഥാനം വിട്ടുനൽകാതെ സെയിലേഴ്സ്

Kerala Cricket League Thrissur Titans Kollam Sailors : കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിനും കൊല്ലം സെയിലേഴ്സിനും ജയം. ടൈറ്റൻസിനായി 45 പന്തിൽ 139 റൺസ് നേടിയ വിഷ്ണു വിനോദിൻ്റെ ഇന്നിംഗ്സാണ് ഇന്നലത്തെ ഹൈലൈറ്റ്. ജയത്തോടെ സെയിലേഴ്സ് ഒന്നാം സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചു.

Kerala Cricket League : 45 പന്തിൽ 139; വിഷ്ണു വിനോദിൻ്റെ സംഹാരരൂപത്തിൽ റിപ്പിൾസ് ഭസ്മം; ഒന്നാം സ്ഥാനം വിട്ടുനൽകാതെ സെയിലേഴ്സ്
വിഷ്ണു വിനോദ് (Image Courtesy – KCL Facebook)
Follow Us
abdul-basithtv9-com
Abdul Basith | Published: 14 Sep 2024 07:06 AM

കേരള ക്രിക്കറ്റ് ലീഗിലെ ഒന്നും രണ്ടും സ്ഥാനക്കാരുടെ മത്സരത്തിൽ ഏരീസ് കൊല്ലം സെയിലേഴ്സിന് ജയം. ഈ മാസം 13ന് ഉച്ചകഴിഞ്ഞ് നടന്ന മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനെ മൂന്ന് വിക്കറ്റിന് വീഴ്ത്തിയ സെയിലേഴ്സ് ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഗ്ലോബ്സ്റ്റാഴ്സ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 172 റൺസ് നേടിയപ്പോൾ ഒരു പന്തും മൂന്ന് വിക്കറ്റും ബാക്കിനിൽക്കെ സെയിലേഴ്സ് വിജയലക്ഷ്യം മറികടന്നു.

സീസണിലാദ്യമായി ഫിഫ്റ്റിയടിച്ച ഗ്ലോബ്സ്റ്റാഴ്സ് ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിൻ്റെ ഇന്നിംഗ്സ് വിഫലമാക്കി ബാറ്റർമാരുടെ കൂട്ടായ ശ്രമത്തിലൂടെയാണ് കൊല്ലത്തിൻ്റെ ജയം. ഓപ്പണർമാരായ ഒമർ അബൂബക്കറും രോഹൻ കുന്നുമ്മലും ചേർന്ന് തകർപ്പൻ തുടക്കമാണ് ഗ്ലോബ്സ്റ്റാഴ്സിന് നൽകിയത്. ഒമർ ആക്രമിച്ചുകളിച്ചപ്പോൾ രോഹൻ പിന്തുണ നൽകി. 77 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ 28 പന്തിൽ 47 റൺസ് നേടി ഒമർ മടങ്ങി. പിന്നാലെ രോഹൻ ആക്രമണച്ചുമതല ഏറ്റെടുത്തു. മുഹമ്മദ് അജിനാസിനെ (4) വേഗം നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ സൽമാൻ നിസാറുമൊത്ത് 38 റൺസ് കൂടി രോഹൻ കൂട്ടിച്ചേർത്തു. 48 പന്തിൽ 61 റൺസ് നേടിയാണ് രോഹൻ പുറത്തായത്. ഉജ്ജ്വല ഫോമിലുള്ള സൽമാൻ നിസാർ 26 പന്തിൽ 37 റൺസ് നേടി പുറത്തായി. കൊല്ലത്തിനായി ആഷിക് മുഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി.

Also Read : Kerala Blasters: സൂപ്പർ പോരാട്ടം കാണാനിരുന്ന ആരാധകർക്ക് തിരിച്ചടി; ഞെട്ടിക്കുന്ന തീരുമാനവുമായി കേരളാ ബ്ലാസ്റ്റേഴ്സ്

മറുപടി ബാറ്റിംഗിൽ ചന്ദ്ര തേജസ് (4) വേഗം മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റിൽ അരുൺ പൗലോസും സച്ചിൻ ബേബിയും ചേർന്ന് 58 റൺസ് കൂട്ടിച്ചേർത്തു. 24 പന്തിൽ 44 റൺസ് നേടിയ അരുൺ ആണ് ആക്രമണത്തിന് ചുക്കാൻ പിടിച്ചത്. അനന്ദു സുനിൽ (20 പന്തിൽ 24), സച്ചിൻ ബേബി (31 പന്തിൽ 34) എന്നിവരും സെയിലേഴ്സ് സ്കോർബോർഡിലേക്ക് മാന്യമായ സംഭാവന നൽകി. പിന്നാലെ രാഹുൽ ശർമ (9), അർജുൻ എകെ (2) എന്നിവർ വേഗം മടങ്ങിയെങ്കിലും ഷറഫുദ്ദീൻ എൻഎം (10 പന്തിൽ 20), ആഷിക് മുഹമ്മദ് (10 പന്തിൽ 12), അമൽ എജി (7 പന്തിൽ 17) എന്നിവർ ചേർന്ന് സെയിലേഴ്സിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ആഷികും അമലും നോട്ടൗട്ടാണ്. കാലിക്കറ്റിനായി നിഖിൽ എം, പള്ളം അൻഫൽ, അഖിൽ സ്കറിയ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

രണ്ടാം മത്സരത്തിൽ ആലപ്പി റിപ്പിൾസിനെ തൃശൂർ ടൈറ്റൻസ് 8 വിക്കറ്റിന് കീഴടക്കി. 33 പന്തിൽ സെഞ്ചുറിയടിച്ച് 45 പന്തിൽ 139 റൺസ് നേടി പുറത്തായ വിഷ്ണു വിനോദാണ് ടൈറ്റൻസിന് നിർണായക ജയം സമ്മാനിച്ചത്. റിപ്പിൾസ് മുന്നോട്ടുവച്ച 182 റൺസ് വിജയലക്ഷ്യം കേവലം 12.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ടൈറ്റൻസ് മറികടക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത റിപ്പിൾസിന് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ്റെ ഇന്നിംഗ്സ് ആണ് കരുത്തായത്. 53 പന്തിൽ 90 റൺസ് നേടിയ അസ്ഹറിനൊപ്പം കൃഷ്ണ പ്രസാദ് (38 പന്തിൽ 43), അതുൽ ഡയമണ്ട് (12 പന്തിൽ 20), ആൽഫി ഫ്രാൻസിസ് (10 പന്തിൽ 16) എന്നിവരും സ്കോർബോർഡിലേക്ക് ഭേദപ്പെട്ട സംഭാവന നൽകി. 123 റൺസിൻ്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ആദ്യ ഇന്നിംഗ്സിൽ നിർണായകമായത്. ടൈറ്റൻസിനായി മോനു കൃഷ്ണ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Also Read : Vinesh Phogat : ‘പിടി ഉഷയുടേത് വെറും ഷോ’; ഒരു പിന്തുണയും നൽകിയില്ലെന്ന് വിനേഷ് ഫോഗട്ട്

രണ്ടാം ഇന്നിംഗ്സിൽ സ്വയം ഡിമോട്ട് ചെയ്ത ക്യാപ്റ്റൻ വരുൺ നായനാർ ഓപ്പണിംഗിൽ അഹ്മദ് ഇമ്രാനൊപ്പം വിഷ്ണു വിനോദിനെ അയച്ചു. ഈ നീക്കം മാസ്റ്റർ പീസായി. ഐപിഎലിൽ രാജ്യാന്തര ബൗളർമാരെ അനായാസം അതിർത്തി കടത്തിയിട്ടുള്ള വിഷ്ണു വിനോദ് തൻ്റെ ക്ലാസ് അറിയിക്കുന്ന കാഴ്ചയായിരുന്നു പിന്നീട്. ആദ്യ പന്ത് മുതൽ ബൗണ്ടറി ക്ലിയർ ചെയ്ത വിഷ്ണു ബൗളർമാർക്ക് ഒരു അവസരവും നൽകിയില്ല. വെറും 33 പന്തിൽ വിഷ്ണു സെഞ്ചുറി തികച്ചു. സീസണിലെ രണ്ടാം സെഞ്ചുറി. കെസിഎല്ലിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറി. സെഞ്ചുറിക്ക് ശേഷവും ആക്രമണം തുടർന്ന വിഷ്ണു 45 പന്തിൽ 139 റൺസെടുത്ത് ടീമിന് കൂറ്റൻ ജയമുറപ്പിച്ചാണ് മടങ്ങിയത്. 17 പടുകൂറ്റൻ സിക്സുകളും 5 ബൗണ്ടറിയും അടങ്ങുന്നതായിരുന്നു വിഷ്ണുവിൻ്റെ ഇന്നിംഗ്സ്. 18 പന്തിൽ 24 റൺസെടുത്ത അഹ്മദ് ഇമ്രാനും 13 പന്തിൽ 16 റൺസെടുത്ത് പുറത്താവാതെ നിന്ന അക്ഷയ് മനോഹറുമാണ് വിജയത്തിലേക്ക് സംഭാവന നൽകിയ മറ്റ് താരങ്ങൾ.

Latest News