രോഹനും അനന്ദ് കൃഷ്ണനും സെഞ്ചുറി; പ്ലേ ഓഫുറപ്പിച്ച് ഗ്ലോബ്സ്റ്റാഴ്സും റോയൽസും | Kerala Cricket League Rohan Kunnummal And Anand Krishnan Century Calicut Globstars And Kochi Blue Tigers Won Malayalam news - Malayalam Tv9

Kerala Cricket League : രോഹനും അനന്ദ് കൃഷ്ണനും സെഞ്ചുറി; പ്ലേ ഓഫുറപ്പിച്ച് ഗ്ലോബ്സ്റ്റാഴ്സും റോയൽസും

Updated On: 

16 Sep 2024 10:07 AM

KCL Calicut Globstars Kochi Blue Tigers : കേരള ക്രിക്കറ്റ് ലീഗിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനും കൊച്ചി ബ്ലൂ ടൈഗേഴ്സിനും ജയം. യഥാക്രമം ട്രിവാൻഡ്രം റോയൽസിനെയും ആലപ്പി റിപ്പിൾസിനെയുമാണ് ടീമുകൾ പരാജയപ്പെടുത്തിയത്. ഗ്ലോബ്സ്റ്റാഴ്സിനായി രോഹൻ കുന്നുമ്മലും ടൈഗേഴ്സിനായി അനന്ദ് കൃഷ്ണനും സെഞ്ചുറി നേടി.

Kerala Cricket League : രോഹനും അനന്ദ് കൃഷ്ണനും സെഞ്ചുറി; പ്ലേ ഓഫുറപ്പിച്ച് ഗ്ലോബ്സ്റ്റാഴ്സും റോയൽസും

അനന്ദ് കൃഷ്ണൻ (Image Courtesy - KCL Facebook)

Follow Us On

കേരള ക്രിക്കറ്റ് ലീഗിൽ പ്ലേ ഓഫ് ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ്. ഇന്നലെ നടന്ന മത്സരത്തിൽ ട്രിവാൻഡ്രം റോയൽസിനെ നാല് വിക്കറ്റിന് തോല്പിച്ചാണ് ഗ്ലോബ്സ്റ്റാഴ്സ് പ്ലേഓഫിലേക്ക് ടിക്കറ്റെടുത്തത്. റോയൽസ് മുന്നോട്ടുവച്ച 171 റൺസ് വിജയലക്ഷ്യം 6 വിക്കറ്റ് നഷ്ടപ്പെടുത്തി രണ്ട് പന്തുകൾ ശേഷിക്കെ ഗ്ലോബ്സ്റ്റാഴ്സ് മറികടന്നു. 103 റൺസെടുത്ത ക്യാപ്റ്റൻ രോഹൻ കുന്നുമ്മലാണ് ഗ്ലോബ്സ്റ്റാഴ്സിൻ്റെ വിജയശില്പി.

ആദ്യം ബാറ്റ് ചെയ്ത റോയൽസിന് സുബിൻ എസിനെ (5) വേഗം നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ഗോവിന്ദ് ഡി പൈയും റിയ ബഷീറും ഉറച്ചുനിന്നതോടെ സ്കോർബോർഡ് ചലിച്ചു. ഫിഫ്റ്റിയടിച്ച ഇരുവരും ചേർന്ന് 122 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഒടുവിൽ 47 പന്തിൽ 64 റൺസ് നേടി റിയ ബഷീർ മടങ്ങിയതോടെ ഈ കൂട്ടുകെട്ട് തകർന്നു. 54 പന്തിൽ 79 റൺസ് നേടിയ ഗോവിന്ദ് ഡി പൈ ആണ് റോയൽസിൻ്റെ ടോപ്പ് സ്കോറർ. റോയൽസിൻ്റെ ഇന്നിംഗ്സ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 170 റൺസിന് അവസാനിച്ചു.

Also Read : ISL: ഹൃദയം തകർന്ന് തുടക്കം; പഞ്ചാബിനോട് തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ്‌

മറുപടി ബാറ്റിംഗിൽ രോഹൻ കുന്നുമ്മലും ഒമർ അബൂബക്കറും ചേർന്ന് ഗ്ലോബ്സ്റ്റാഴ്സിന് മികച്ച തുടക്കം നൽകി. 55 റൺസാണ് ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ഒമർ മടങ്ങിയതോടെ തുടരെ വിക്കറ്റുകൾ നഷ്ടമായ ഗ്ലോബ്സ്റ്റാഴ്സിനെ നാലാം വിക്കറ്റിൽ രോഹനും സൽമാൻ നിസാറും ചേർന്ന് രക്ഷപ്പെടുത്തി. 88 റൺസിൻ്റെ കൂട്ടുകെട്ടിലാണ് ഇവർ പങ്കാളികളായത്. ഇതിനിടെ രോഹൻ കെസിഎല്ലിലെ തൻ്റെ ആദ്യ സെഞ്ചുറിയടിച്ചു. സെഞ്ചുറിക്ക് പിന്നാലെ 58 പന്തിൽ 103 റൺസെടുത്ത് താരം പുറത്താവുകയും ചെയ്തു. എങ്കിലും ജയമുറപ്പിച്ചാണ് രോഹൻ പുറത്തായത്. റോയൽസിനായി വിനോദ് കുമാർ 4 വിക്കറ്റ് വീഴ്ത്തി. ജയത്തോടെ രണ്ടാം ഗ്ലോബ്സ്റ്റാഴ്സ് പ്ലേ ഓഫ് ഉറപ്പിച്ചു.

രണ്ടാം മത്സരത്തിൽ അവസാന സ്ഥാനക്കാരായ കൊച്ചി ബ്ലൂ ടൈഗേഴ്സും ആലപ്പി റിപ്പിൾസും തമ്മിലാണ് ഏറ്റുമുട്ടിയത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്സ് തങ്ങളുടെ അവസാന മത്സരത്തിൽ തകർപ്പൻ കളി കെട്ടഴിച്ചു. ജോബിൻ ജോബി (11), ഷോൺ റോജർ (11) നിഖിൽ തോട്ടത്ത് (15), അനന്ദു കെബി (13) എന്നിവരൊക്കെ നിരാശപ്പെടുത്തിയപ്പോൾ ഓപ്പണർ അനന്ദ് കൃഷ്ണൻ്റെ ഒറ്റയാൾ പ്രകടനമാണ് ടൈഗേഴ്സിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. 66 പന്തിൽ 9 ബൗണ്ടറിയും 11 സിക്സറും സഹിതം 138 റൺസെടുത്ത് പുറത്താവാതെ നിന്ന അനന്ദ് കൃഷ്ണൻ്റെ മികവിൽ ടൈഗേഴ്സ് 3 വിക്കറ്റ് നഷ്ടത്തിൽ 193 എന്ന സ്കോറാണ് നേടിയത്.

മറുപടി ബാറ്റിംഗിൽ മുഹമ്മദ് അസ്ഹറുദ്ദീനും (42 പന്തിൽ 65) കൃഷ്ണ പ്രസാദും (33 പന്തിൽ 39) ചേർന്ന് 98 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ടൈഗേഴ്സ് നന്നായി പന്തെറിഞ്ഞെങ്കിലും അധ്വാനിച്ച് ബാറ്റ് ചെയ്ത ഇരുവരും ചേർന്ന് റിപ്പിൾസിന് മികച്ച തുടക്കം സമ്മാനിച്ചു. എന്നാൽ ഇരുവരും പുറത്തായതോടെ ബാറ്റിംഗ് തകർച്ച നേരിട്ട റിപ്പിൾസിനായി പിന്നീട് അക്ഷയ് ടികെ (15), ആൽഫി ഫ്രാൻസിസ് (18 നോട്ടൗട്ട്) എന്നിവർ മാത്രമാണ് ഇരട്ടയക്കം കടന്നത്. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുക്കുന്നതിനിടെ റിപ്പിൾസിൻ്റെ ഇന്നിംഗ്സ് അവസാനിച്ചു.

Also Read: Sanju Samson: ദുലീപ് ട്രോഫി അരങ്ങേറ്റത്തിൽ സഞ്ജുവിൻ്റെ വക വെടിക്കെട്ട്; 40 റൺസ് നേടി പുറത്ത്

ഗ്ലോബ്സ്റ്റാഴ്സിനൊപ്പം ട്രിവാൻഡ്രം റോയൽസും പ്ലേ ഓഫ് ഉറപ്പിച്ചു. ആലപ്പി റിപ്പിൾസ് പരാജയപ്പെട്ടതോടെയാണ് റോയൽസ് മൂന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തിയത്. ഗ്ലോബ്സ്റ്റാഴ്സിന് 9 കളിയിൽ 6 ജയം സഹിതം 12 പോയിൻ്റുള്ളപ്പോൾ റോയൽസിന് 10 മത്സരങ്ങളിൽ 5 ജയം സഹിതം 10 പോയിൻ്റുണ്ട്. 9 കളിയിൽ 4 ജയം സഹിതം 8 പോയിൻ്റുള്ള തൃശൂർ ടൈറ്റൻസാണ് നിലവിൽ നാലാമത്. ഇന്ന് ഗ്ലോബ്സ്റ്റാഴ്സിനെതിരെ ഉയർന്ന മാർജിനിൽ വിജയിക്കുകയും തൃശൂർ ടൈറ്റൻസ് പരാജയപ്പെടുകയും ചെയ്താൽ റിപ്പിൾസ് പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമാകും. ഇന്ന് കൊല്ലം സെയിലേഴ്സിനെ തോല്പിച്ചാൽ ടൈറ്റൻസാവും പ്ലേ ഓഫിലെ അവസാന ടീം.

പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
മുന്തിരിക്കുരു എണ്ണയുടെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ ഇവ...
Exit mobile version