ISL: കൊച്ചി ഐഎസ്എൽ വെബിലേക്ക്; തിരുവോണനാളിൽ കെെപിടിച്ചു നയിക്കുക ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും കുട്ടികള്‍
Kerala Blasters: മുണ്ടക്കെെയിലേയും ചൂരൽമലയിലേയും വീടുകളിലിരുന്ന് കേരളാ ബ്ലാസ്റ്റേഴ്സിന്റെ മത്സരം കണ്ടവരാണ് ഇവരിൽ പലരും. ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ നേതൃത്വത്തിൽ കുട്ടികളെ ഹർഷാരവത്തോടെ സ്റ്റേഡിയത്തിലേക്ക് സ്വീകരിക്കും.
കൊച്ചി: തിരുവോണ നാളിൽ മലയാളികൾക്ക് ഓണസമ്മാനമൊരുക്കാനാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ 11-ാം സീസണിൽ കൊച്ചിയിൽ കേരളാ ബ്ലാസ്റ്റേഴ്സ് പന്തുതട്ടാനിറങ്ങുക. കൊച്ചിയിലെ കൊമ്പന്മാരുടെ ആദ്യ ഹോം മത്സരത്തിൽ താരങ്ങളുടെ കൈപിടിച്ച് ഗ്രൗണ്ടിലേക്ക് ഇറങ്ങുക വയനാട് ദുരന്തത്തെ അതിജീവിച്ച കുട്ടികളാണ്. മുണ്ടക്കെെയിലേയും ചൂരൽമലയിലേയും 24 കുട്ടികളാണ് കൊച്ചിയിൽ താരങ്ങളെ ഗ്രൗണ്ടിലേക്ക് വരവേൽക്കുക. വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസ്., മുണ്ടക്കൈ എല്‍.പി. സ്‌കൂള്‍, മേപ്പാടി ഡബ്ല്യു.എം.ഒ. സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് ഇവർ.
“ഒരുമിച്ചോണം” എന്ന പേരിലാണ് കുട്ടികളെ സ്റ്റേഡിയത്തിലെത്തിക്കുന്നത്. എംഇഎസ് സംസ്ഥാന കമ്മിറ്റി, സംസ്ഥാന യൂത്ത് വിംഗ് കമ്മിറ്റി, കൊച്ചിയിലെ ഫ്യൂച്ചർ എയ്സ് ആശുപത്രിയും കേരള ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്റും ചേർന്നാണ് ഈ ദൗത്യത്തിന് മുൻകെെയെടുത്തത്.
എട്ട് മുതൽ -12 വയസ് വരെയുള്ള കുട്ടികളാണുണ്ടാകുക. ഉരുൾപൊട്ടലിന്റെ ആഘാതത്തിൽനിന്ന് കരകയറുന്ന കുട്ടികൾക്ക് കൂടുതൽ ആശ്വാസം പകരാൻ ഇതിനാകും.
കേരളാ ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും വീട്ടിലിരുന്ന് ടിവിയിൽ കണ്ടവരാണ് പലരും. ആർത്തിരമ്പുന്ന സ്റ്റേഡിയത്തിൽ ഇഷ്ടടീമിന്റെ മത്സരം നേരിൽ കാണാൻ കഴിയുന്നതിന്റെയും താരങ്ങളുടെ കൂടെ ചേർന്ന് നടക്കാൻ അവസരം ലഭിച്ചതിന്റെയും ത്രില്ലിലാണ് കുട്ടികൾ. കൊമ്പന്മാരുടെ ആരാധക കൂട്ടായ്മയായ 12TH മാൻ എന്ന് അറിയപ്പെടുന്ന മഞ്ഞപ്പടയുടെ നേതൃത്വത്തിൽ കുട്ടികളെ ഹർഷാരവത്തോടെ സ്റ്റേഡിയത്തിലേക്ക് സ്വീകരിക്കും.
വയനാടിനെ ചേർത്തുപിടിക്കാനായി 25 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളാ ബ്ലാസ്റ്റേഴ്സ് സംഭാവന ചെയ്തത്. ഗോൾ ഫോർ വയനാട് എന്ന ക്യാമ്പയിനും ക്ലബ്ബ് ആരംഭിച്ചിട്ടുണ്ട്. സീസണിൽ ബ്ലാസ്റ്റേഴ്സ് നേടുന്ന ഓരോ ഗോളിനും ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെെമാറുന്ന ക്യാമ്പയിൻ ആണിത്. വയനാടിനെ ചേർത്തുപിടിക്കാനായി ഗോളുകൾ നേടുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്ന് മലയാളി താരങ്ങളായ കെപി രാഹുലും വിബിൻ മോഹനും പറഞ്ഞിരുന്നു. നാളെ നടക്കുന്ന മത്സരത്തിൽ സ്റ്റേഡിയം കപ്പാസിറ്റിയുടെ 50 ശതമാനം കപ്പാസിറ്റി മാത്രമാണുള്ളത്. അവശ്യ സേവനങ്ങൾ നൽകുന്നവരോടുള്ള കരുതലായാണ് ആരാധകരുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുന്നത്.
അതേ സമയം പത്ത് സീസണുകൾ പൂർത്തിയാക്കിയെങ്കിലും കേരളാ ബ്ലാസ്റ്റേഴ്സ് കിരീടം നേടാനായിട്ടില്ല. മൂന്നുതവണ ഫൈനലിലും രണ്ടുതവണ നോക്കൗട്ടിലും കാലിടറിയ ടീമിന് ആരാധകർക്ക് വേണ്ടി കിരീടം നേടിയെ തീരൂ. ടീമിനെ തുടർച്ചയായ മൂന്ന് സീസണുകളിൽ നോക്കൗട്ടിലേക്ക് നയിച്ച ഇവാന്‍ വുകോമനോവിച്ചിന് പകരക്കാരനായെത്തിയ സ്വീഡൻകാരൻ മിക്കേൽ സ്റ്റാറേ ആരാധക പിന്തുണയും ഉറപ്പ് വരുത്തേണ്ടതുണ്ട്. കളിക്കാരനായല്ല പരിശീലകനായാണ് സ്റ്റാറേ കരിയർ ആരംഭിച്ചത്. യുറുഗ്വായ് താരം അഡ്രിയാൻ ലൂണയാണ് ടീം ക്യാപ്റ്റൻ.
മെറോക്കൻ മുൻനിര താരം നേഹ സദോയി, ഘാന താരം ക്വാമി പെപ്രെ, സ്പാനിഷ് താരം ജീസസ് ജിമിനെസ്, ഫ്രഞ്ച് താരം അലക്സാണ്ടർ കോഫ് എന്നിവർ ഉൾപ്പെടുന്ന ശക്തമായ വിദേശക്കരുത്താണ് ബ്ലാസ്റ്റേഴ്സിനുള്ളത്. കെ.പി രാഹുൽ, മുഹമ്മദ് അസ്ഹർ, മുഹമ്മദ് ഐയ്മൻ, സച്ചിൻ സുരേഷ് ഉൾപ്പെടെയുള്ള മലയാളി താരങ്ങളും ടീമിനൊപ്പമുണ്ട്.