ISL 2024 Kerala Blasters: ആരാധകർക്ക് പുതുവത്സര സമ്മാനം നൽകാൻ ബ്ലാസ്റ്റേഴ്സ്; മത്സരം എപ്പോൾ, എവിടെ കാണാം
Kerala Blasters vs Jamshedpur FC Match: ബ്ലാസ്റ്റേഴ്സ് നിരയിൽ ഗോൾ മീഷൻ ജീസസ് ജിമിനെസ് കളിക്കില്ല. പരിക്ക് കാരണമാണ് ജീസസ് ജിമിനെസിന് ഇന്നത്തെ മത്സരം നഷ്ടമാകുന്നത്. രണ്ട് മഞ്ഞകാർഡുകൾ കണ്ടെതിനാൽ പ്രതിരോധതാരം ഹോർമിപാമിനും ഇന്നത്തെ മത്സരം നഷ്ടമാകും.
കൊച്ചി: ആരാധകർക്ക് പുതുവത്സര സമ്മാനം നൽകാനായി കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഗ്രൗണ്ടിലേക്ക്. മുഹമ്മദൻസിനെതിരെ ഹോം ഗ്രൗണ്ടിൽ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ബൂട്ടു കെട്ടാനൊരുങ്ങുന്നത്. ജംഷഡ്പൂർ ടാറ്റാ സ്പോർട്സ് കോംപ്ലക്സിൽ രാത്രി 7.30-നാണ് മത്സരം. ആതിഥേയരായ ജംഷഡ്പൂർ എഫ്സിയാണ് എതിരാളികൾ. മുഖ്യപരിശീലകൻ മിക്കേൽ സ്റ്റാറെയ്ക്ക് പകരക്കാരനായി പുതിയ പരിശീലകനെ ഇതുവരെയും കണ്ടെത്താനാകാത്ത സഹപരിശീലകൻ ടി ജി പുരുഷോത്തമന് കീഴിലാണ് ബ്ലാസ്റ്റേഴ്സ് ഇന്നും ഇറങ്ങുക.
മുഹമ്മദൻസ് എഫ്സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചതിന് പിന്നിൽ ടി ജി പുരുഷോത്തമന്റെ തന്ത്രങ്ങളും ഉണ്ട്. കൊമ്പന്മാരുടെ ഈ വിജയം ജംഷഡ്പൂരിലും ആവർത്തിക്കുമോ എന്നാണ് ആരാധകർ ഉറ്റ് നോക്കുന്നത്. അതേസമയം, ഐഎസ്എല്ലിൽ 150-ാം മത്സരത്തിനാണ് ജംഷഡ്പൂർ എഫ്സി ഇന്നിറങ്ങുന്നത്. ഹാവിയർ സിവേറിനോ, ഹാവി ഹെർണാണ്ടസ്, മുൻ ബ്ലാസ്റ്റേഴ്സ് താരം ജോർദാൻ മുറെ തുടങ്ങിയവർ ജംഷഡ്പൂർ നിരയിൽ മിന്നും ഫോമിലാണ്. മലയാളി താരം മുഹമ്മദ് സനാനും ഇമ്രാൻ ഖാനും ആതിഥേയരുടെ പ്ലേയിംഗ് ഇലവനിൽ ഇടംപിടിച്ചേക്കും. നോവയും ലൂണയും ജംഷഡ്പൂരിന് ഭീഷണി ഉയർത്തുമെന്ന് ഉറപ്പാണ്. ആതിഥേയ ടീമിന്റെ പ്രതിരോധത്തിലെ പാളിച്ചകൾ മുതലെടുത്ത് ജയം സ്വന്തമാക്കാനായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ ശ്രമം.
ബ്ലാസ്റ്റേഴ്സ് നിരയിൽ ഗോൾ മീഷൻ ജീസസ് ജിമിനെസ് കളിക്കില്ല. പരിക്ക് കാരണമാണ് ജീസസ് ജിമിനെസിന് ഇന്നത്തെ മത്സരം നഷ്ടമാകുന്നത്. രണ്ട് മഞ്ഞകാർഡുകൾ കണ്ടെതിനാൽ പ്രതിരോധതാരം ഹോർമിപാമിനും ഇന്നത്തെ മത്സരം നഷ്ടമാകും. ജീസസ് ഹിമിനെസിന് പകരം ക്വാമി പെപ്ര പ്ലേയിംഗ് ഇലവനിൽ ഇടംപിടിടച്ചേക്കും. ഹോർമിപാം ബെഞ്ചിലിരിക്കുന്നതോടെ മിലോസ് ഡ്രിനിസിച്ചിന് കൊമ്പന്മാരുടെ പ്രതിരോധത്തിൽ വിയർപ്പൊഴുക്കേണ്ടി വരും. നായകൻ അഡ്രിയാൻ ലൂണയുടെ ഫോമും ബ്ലാസ്റ്റേഴ്സിന് സന്തോഷം പകരുന്നതാണ്. 13 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി പത്താമതാണ് കേരളാ ബ്ലാസ്റ്റേഴ്സ്. ജംഷഡ്പൂർ എഫ്സി ആകട്ടെ 11 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി എട്ടാം സ്ഥാനത്തുമാണ്. 2024-ൽ ബ്ലാസ്റ്റേഴ്സിന് ബാഡ് ലക്ക് ആയിരുന്നെങ്കിൽ 2025-ൽ വിജയതീരമണിയാൻ കൊമ്പന്മാർക്ക് സാധിക്കട്ടെ എന്ന പ്രാർത്ഥനയും ആരാധകർക്കുണ്ട്.
കേരളാ ബ്ലാസ്റ്റേഴ്സ്- ജംഷഡ്പൂർ എഫ്സി മത്സരം എങ്ങനെ കാണാനാവും
ഇന്ന് രാത്രി 7.30ന് ജംഷഡ്പൂർ ടാറ്റാ സ്പോർട്സ് കോംപ്ലക്സിലാണ് കേരളാ ബ്ലാസ്റ്റേഴ്സ്- ജംഷഡ്പൂർ എഫ്സി മത്സരം ആരംഭിക്കുക. ഐഎസ്എല്ലിന്റെ ബ്രോഡ്കാസ്റ്റിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് സ്പോർട്സ് 18 ആണ്. അതുകൊണ്ട് തന്നെ സ്പോർട്സ് 18 1, സ്പോർട്സ് 18 2, സ്പോർട്സ് 18 3 എന്നീ മത്സരം തത്സമയം കാണാം. മലയാളം പ്രേക്ഷകർക്ക് ഏഷ്യാനെറ്റ് പ്ലസ് ചാനൽ വഴിയും മത്സരം ആസ്വദിക്കാം. മലയാളം കമന്ററിയോടെയാണ് ഏഷ്യാനെറ്റ് പ്ലസിലെ ഐഎസ്എൽ സംപ്രേഷണം. ഒടിടി സേവനമുള്ളവർക്ക് ജിയോസിനിമയിലൂടെയും മത്സരം കാണാനാവും. ജിയോ സിനിമ വെബ്സെെറ്റിലും ഐഎസ്എൽ മത്സരങ്ങളുടെ സംപ്രേക്ഷണം ഉണ്ട്.