Kerala Blasters: ബ്ലാസ്റ്റേഴ്സിൽ ആടി സെയിൽ! കെ പി രാഹുൽ ടീം വിടുമെന്ന് റിപ്പോർട്ട്, താരത്തിനായി വലവിരിച്ച് ഒഡീഷ എഫ്സി
Kerala Blasters Player KP Rahul Transfer Update: ഒഡീഷ താരങ്ങളെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നതിലൂടെ ബ്ലാസ്റ്റേഴ്സ് പരിശീലക റോളിൽ ലക്ഷ്യം വയ്ക്കുന്നത് സെർജിയോ ലൊബേറയെയാണ് എന്നും അഭ്യൂഹങ്ങളുണ്ട്. ഈ മാസം 31-ന് ട്രാൻസ്ഫർ വിൻഡോ അവസാനിക്കും.
കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഈ തൃശൂർക്കാരൻ ഗഡി ആവേശമാണ്. കെ പി രാഹുൽ അവർക്ക് എല്ലാമെല്ലാമാണ്. രാഹുൽ ഉൾപ്പെടെയുള്ള താരങ്ങൾക്ക് ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കൂടുമാറ്റത്തിന് അവസരം നൽകിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്. മിക്കേൽ സ്റ്റാറെയ്ക്ക് പകരക്കാരൻ ഉടൻ വേണ്ടെന്ന മാനേജ്മെന്റ് നിലപാടിന് പിന്നാലെയാണ് വിക്കലും വാങ്ങലുമായി ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്സ് സജീവമാകുന്നത്. ട്രാൻസ്ഫർ വിൻഡോയുടെ തുടക്കത്തിൽ തന്നെ 2026 വരെ കരാറുള്ള റെെറ്റ് ബാക്ക് പ്രബിർ ദാസിനെ ബ്ലാസ്റ്റേഴ്സ് മുംബെെ സിറ്റിക്ക് നൽകിയിരുന്നു.
അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്കായി തിളങ്ങിയ രാഹുലിനെ തട്ടകത്തിലെത്തിക്കാനായി മൂന്ന് ടീമുകളാണ് വലവിരിച്ചിരിക്കുന്നത്. ഒഡീഷ എഫ്സി, ചെന്നെയിൻ എഫ്സി, ഹെെദരാബാദ് എഫ്സി എന്നീ ടീമുകളാണ് രാഹുലിനായി രംഗത്തെത്തിയിരിക്കുന്നത്. ക്ലബ്ബ് ഫീസ് നൽകി രാഹുലിനെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നവരിൽ മുൻതൂക്കം ഒഡീഷ എഫ്സിക്ക് ആണ്. 2019 മുതൽ ബ്ലാസ്റ്റേഴ്സിൽ റെെറ്റ് വിങ്ങറാണ് താരം. 76 മത്സരങ്ങളിൽ നിന്നായി 9 ഗോളുകളാണ് സമ്പാദ്യം. ഇനി സീസണിൽ ബ്ലാസ്റ്റേഴ്സിനായി നേടിയത് ഒരു ഗോൾ മാത്രം. ഇന്ത്യൻ ആരോസിൽ നിന്നാണ് രാഹുൽ ബ്ലാസ്റ്റേഴ്സിൽ എത്തിയത്.
കൗമാരം താരം കോറു സിംഗ് പ്ലേയിംഗ് ഇലവനിൽ സ്ഥാനം ഉറപ്പിച്ചതോടെയാണ് ചുവടുമാറ്റത്തിന് രാഹുലും തയ്യാറായത്. പ്രീതം കോട്ടാൽ, അമാവിയ, ബ്രെെസ് മിറാൻഡ, സൗരവ് മണ്ഡൽ എന്നിവരാണ് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ടീം വിടാൻ സാധ്യതയുള്ളത്. അലക്സാന്ദ്രെ കോയഫും ടീം വിടുമെന്ന റിപ്പോർട്ടുകളുണ്ട്.
ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം പാളിയെന്ന വിമർശനങ്ങൾക്കിടെയാണ് ടീമിന്റെ മൊത്തത്തിലുള്ള അഴിച്ചുപണി. പ്രതിരോധം ശക്തിപ്പെടുത്തുന്നതായി അടുത്ത സീസണിൽ ക്ലബ്ബിനൊപ്പം ചെന്നെെ എഫ്സിയുടെ സെന്റർ ബാക്ക് ബികാശ് യുമ്ന ചേരുമെന്ന റിപ്പോർട്ടുകളുമുണ്ട്. ഒഡീഷ എഫ്സിയുടെ താരങ്ങളായ നരേന്ദർ ഗെലോട്ട്, അമേയ് രണവദേ എന്നിവരെ ടീമിലെത്തിക്കാനുള്ള ശ്രമവും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നടത്തുന്നുണ്ട്. ഒഡീഷ താരങ്ങളെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നതിലൂടെ ബ്ലാസ്റ്റേഴ്സ് പരിശീലക റോളിൽ ലക്ഷ്യം വയ്ക്കുന്നത് സെർജിയോ ലൊബേറയെയാണ് എന്നും അഭ്യൂഹങ്ങളുണ്ട്. ഈ മാസം 31-ന് ട്രാൻസ്ഫർ വിൻഡോ അവസാനിക്കും.
ഡസ് ബെക്കിങ്ങാം, മുൻ പരിശീലകൻ എൽകോ ഷട്ടോരി, അന്റോണിയോ ലോപ്പസ് ഹബ്ബാസ്, ഇവാൻ വുകമനോവിച്ച്, യുവാൻ ഫെറാണ്ടോ, ഇഗോർ സ്റ്റിമാക് എന്നിവരുടെ പേരും പരിശീലകർ ആകാൻ സാധ്യതയുള്ളവരുടെ പട്ടികയിലുണ്ട്. സഹപരിശീലകൻ ടിജി പുരുഷോത്തമൻ, റിസർവ്വ് ടീം പരിശീലകൻ തോമസ് കോർസ് എന്നിവർ ചേർന്നാകും ഈ സീസണിലെ വരും മത്സരങ്ങൾക്കായി ടീമിനെ സജ്ജമാക്കുക. ജനുവരി 5 പഞ്ചാബ് എഫ്സിക്ക് എതിരായാണ് കേരളത്തിന്റെ അടുത്ത മത്സരം. 18-ന് നോർത്ത് ഈസ്റ്റ് യുണെെറ്റഡ്, 24-ന് ഈസ്റ്റ് ബംഗാൾ, 30-ന് ചെന്നെെ എഫ്സി ടീമുകൾക്കെതിരെയും ടീമിന് ഈ മാസം മത്സരങ്ങൾ അവശേഷിക്കുന്നുണ്ട്. സീസണിൽ 10 മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് ഇനി ബാക്കിയുള്ളത്. പ്ലേ ഓഫ് സാധ്യതയും ഏറെ കുറെ മങ്ങിയ നിലയിലാണ്.