Kerala Blasters: ചത്ത കിളിക്ക് എന്തിനാ കൂട്, ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് പുതിയ പരിശീലകനില്ല; റിപ്പോർട്ട്
Kerala Blasters Head Coach: ഡിസംബർ 14-ന് കൊൽക്കത്തയിൽ വച്ച് നടന്ന മത്സരത്തിൽ മോഹൻ ബഗാനോട് 3-2-ന് തോൽവി വഴങ്ങിയതിന് പിന്നാലെയാണ് സ്വിഡീഷ് പരിശീലകൻ മിക്കേൽ സ്റ്റാറെയെയും അദ്ദേഹത്തിന് ഒപ്പമുള്ള കോച്ചിംഗ് സ്റ്റാഫുകളെയും ക്ലബ്ബ് പുറത്താക്കിയത്.
കൊച്ചി: നാഥനില്ലാ കളരിയായി 2024-25 സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സ്. പുറത്താക്കിയ മുൻ പരിശീലകൻ മിക്കേൽ സ്റ്റാറെയ്ക്ക് പകരക്കാരനായി ഒരാൾ ഉടൻ ടീമിലെത്തില്ലെന്ന് റിപ്പോർട്ട്. കൊമ്പന്മാരുടെ പ്ലേ ഓഫ് വിദൂരമായ ഘട്ടത്തിലാണ് പുതിയ പരിശീലകൻ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പം ചേരില്ലെന്ന വാർത്ത മലയാള മനോരമ റിപ്പോർട്ട് ചെയ്തത്. ഡസ് ബെക്കിങ്ങാം, ഒഡീഷ എഫ്സി പരിശീലകൻ സെർജിയോ ലൊബേറ, മുൻ പരിശീലകൻ എൽകോ ഷട്ടോരി, അന്റോണിയോ ലോപ്പസ് ഹബ്ബാസ്, മുൻ പരിശീലകൻ ഇവാൻ വുകമനോവിച്ച്, യുവാൻ ഫെറാണ്ടോ, മുൻ ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക് എന്നിവരെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങൾക്കിടെയാണ് ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ സ്ഥിരം പരിശീലകനെ നിയമിക്കില്ലെന്ന വിവരം പുറത്തുവരുന്നത്.
സഹപരിശീലകൻ ടിജി പുരുഷോത്തമൻ ഈ സീസൺ തീരും വരെ മുഖ്യപരിശീലകന്റെ റോളിൽ തുടരും. റിസർവ്വ് ടീ്ം പരിശീലകൻ തോമസ് കോർസും ടിജി പുരുഷോത്തമനും ചേർന്നാകും ഈ സീസണിലെ വരും മത്സരങ്ങൾക്കായി ടീമിനെ സജ്ജമാക്കുക. ജനുവരി 5-ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പഞ്ചാബ് എഫ്സിക്ക് എതിരായാണ് കേരളത്തിന്റെ അടുത്ത മത്സരം. ഈ മാസം 18-ന് നോർത്ത് ഈസ്റ്റ് യുണെെറ്റഡ്, 24-ന് ഈസ്റ്റ് ബംഗാൾ, 30-ന് ചെന്നെെ എഫ്സി ടീമുകൾക്കെതിരെ ടീമിന് മത്സരങ്ങളുണ്ട്. ഈ മത്സരങ്ങളിൽ പുരുഷോത്തമനും തോമസ് കോർസും ചേർന്നാണ് ടീമിനെ പരിശീലിപ്പിക്കുക. സീസണിൽ 10 മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് ഇനി ബാക്കിയുള്ളത്.
ഡിസംബർ 14-ന് കൊൽക്കത്തയിൽ വച്ച് നടന്ന മത്സരത്തിൽ മോഹൻ ബഗാനോട് 3-2-ന് തോൽവി വഴങ്ങിയതിന് പിന്നാലെയാണ് സ്വിഡീഷ് പരിശീലകൻ മിക്കേൽ സ്റ്റാറെയെയും അദ്ദേഹത്തിന് ഒപ്പമുള്ള കോച്ചിംഗ് സ്റ്റാഫുകളെയും ക്ലബ്ബ് പുറത്താക്കിയത്. സീസണിൽ സ്റ്റാറെയ്ക്ക് കീഴിൽ 12 മത്സരങ്ങളിലാണ് ബ്ലാസ്റ്റേഴ്സ് കളിക്കാനിറങ്ങിയത്. ഇതിൽ മൂന്നെണ്ണത്തിൽ മാത്രമാണ് ജയിക്കാനായത്. സ്റ്റാറെയ്ക്ക് പകരക്കാരൻ രണ്ടാഴ്ചയ്ക്ക് അകം ടീമിനൊപ്പം ചേരുമെന്നാണ് മാനേജ്മെന്റ് ആരാധകരെ അറിയിച്ചിരുന്നത്.
ടിജി പുരുഷോത്തമന് കീഴിൽ ബ്ലാസ്റ്റേഴ്സ് രണ്ട് മത്സരങ്ങൾക്കാണ് ഇറങ്ങിയത്. ഹോം ഗ്രൗണ്ടിൽ മുഹമ്മദൻസ് എഫ്സിയെ 3- 0-ന് തോൽപ്പിച്ചായിരുന്നു തുടക്കം. എവേ മത്സരത്തിൽ ജംഷഡ്പൂരിനോട് 1-0-തിന് പരാജയപ്പെട്ടു. ഈ രണ്ട് മത്സരത്തിലും ടീം തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ. നിലവിൽ 14 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി 10-ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
അതേസമയം, ബ്ലാസ്റ്റേഴ്സിന്റെ റെെറ്റ് ബാക്ക് പ്രബീർ ദാസ് ഇനിയുള്ള മത്സരങ്ങളിൽ മുംബെെ സിറ്റി എഫ്സിക്കായി കളത്തിലിറങ്ങും. ലോൺ അടിസ്ഥാനത്തിൽ താരം മുംബെെ സിറ്റിയിലേക്ക് പോകുകയാണെന്ന് ക്ലബ്ബ് അധികൃതരാണ് അറിയിച്ചത്. ഈ സീസണിൽ ഒരു മത്സരത്തിൽ മാത്രമാണ് പ്രബീർ ദാസ് ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങിയത്.