'പ്രാർത്ഥാനായോഗങ്ങൾക്കാണ് ക്ലബ് ഉപയോഗിച്ചത്, മതപരിവർത്തനം നടത്തിയിട്ടില്ല'; പ്രതികരിച്ച് ജമീമ റോഡ്രിഗസിൻ്റെ പിതാവ് | Jemimah Rodrigues Father Ivan Rodrigues Responds to Controversy Surrounding Khar Gymkhana Cricket Club Malayalam news - Malayalam Tv9

Jemimah Rodrigues : ‘പ്രാർത്ഥാനായോഗങ്ങൾക്കാണ് ക്ലബ് ഉപയോഗിച്ചത്, മതപരിവർത്തനം നടത്തിയിട്ടില്ല’; പ്രതികരിച്ച് ജമീമ റോഡ്രിഗസിൻ്റെ പിതാവ്

Jemimah Rodrigues Father Ivan Rodrigues : പ്രാർത്ഥനായോഗങ്ങൾക്കാണ് ഖാർ ജിംഖാന ക്ലബ് ഉപയോഗിച്ചതെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ജമീമ റോഡ്രിഗസിൻ്റെ പിതാവ് ഇവാൻ റോഡ്രിഗസ്. ഇത് ക്ലബിൻ്റെ അറിവോടെയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Jemimah Rodrigues : പ്രാർത്ഥാനായോഗങ്ങൾക്കാണ് ക്ലബ് ഉപയോഗിച്ചത്, മതപരിവർത്തനം നടത്തിയിട്ടില്ല; പ്രതികരിച്ച് ജമീമ റോഡ്രിഗസിൻ്റെ പിതാവ്

ജമീമ റോഡ്രിഗസ്, പിതാവ് ഇവാൻ റോഡ്രിഗസ് (Image Courtesy - Social Media)

Published: 

25 Oct 2024 18:27 PM

ഖാർ ജിംഖാന ക്ലബുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ജമീമ റോഡ്രിഗസിൻ്റെ പിതാവ് ഇവാൻ റോഡ്രിഗസ്. പ്രാർത്ഥാനായോഗങ്ങൾക്കാണ് ക്ലബ് ഉപയോഗിച്ചത് എന്ന് ഇവാൻ റോഡ്രിഗസ് പറഞ്ഞു. മതപരിവർത്തനം നടത്തിയിട്ടില്ല. ക്ലബിൻ്റെ അനുമതിയോടെയാണ് പ്രാർത്ഥനായോഗങ്ങൾ നടത്തിയതെന്നും വാർത്താ കുറിപ്പിലൂടെ അദ്ദേഹം അറിയിച്ചു. തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് ഇവാൻ റോഡ്രിഗസ് വാർത്താ കുറിപ്പ് പുറത്തുവിട്ടത്.

Also Read : IND vs NZ : ബാറ്റ് ചെയ്യുമ്പോ ബൗളിംഗ് പിച്ച്, പന്തെറിയുമ്പോ ബാറ്റിംഗ് പിച്ച്; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് നാണക്കേടിൻ്റെ റെക്കോർഡ്

“2023 ഏപ്രിൽ മുതൽ പ്രാർത്ഥനായോഗങ്ങൾക്കായി പലതവണ ഖാർ ജിംഖാനയിലെ സൗകര്യങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഇത് ക്ലബിൻ്റെ നടപടിക്രമങ്ങൾക്കനുസരിച്ച്, ബന്ധപ്പെട്ടവരുടെ പൂർണ അറിവോടെയാണ് നടത്തിയിട്ടുള്ളത്. ഇത്തരം പ്രാർത്ഥനായോഗങ്ങളിൽ ആർക്കും പങ്കെടുക്കാം. ഇത് മതപരിവർത്തന യോഗങ്ങളായിരുന്നില്ല. മാധ്യമങ്ങളിൽ ഇങ്ങനെ തെറ്റായ രീതിയിലാണ് റിപ്പോർട്ടുകൾ വന്നത്. ഞങ്ങളോട് പ്രാർത്ഥനായോഗങ്ങൾ നടത്തരുതെന്ന് ക്ലബ് ആവശ്യപ്പെട്ടു. ആ തീരുമാനത്തെ ബഹുമാനിച്ചുകൊണ്ട് ഞങ്ങൾ ഉടൻ അപ്രകാരം ചെയ്യുകയും ചെയ്തു. ഞങ്ങൾ നിയമം അനുസരിക്കുന്ന, സത്യസന്ധരായ ആളുകളാണ്. മറ്റുള്ളവർക്ക് ഒരു തരത്തിലും ശല്യമാവാത്ത വിധം മതം പിന്തുടരാൻ കഴിയുന്നു എന്ന ആശ്വാസം ഞങ്ങൾക്കുണ്ട്. പുറത്തുവരുന്ന അസംബന്ധ പ്രസ്താവനകൾ ഹൃദയഭേദകമാണ്. എല്ലാവർക്കും നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു.”- വാർത്താ കുറിപ്പിൽ പറയുന്നു.

ഈ മാസം 22നാണ് മുംബെെയിലെ പഴക്കം ചെന്ന ക്രിക്കറ്റ് ക്ലബ്ബായ ഖാർ ജിംഖാന ജെമീമ റോഡ്രിഗസിൻ്റെ അംഗത്വം റദ്ദാക്കിയത്. താരത്തിൻ്റെ പിതാവ് മതപരമായ കാര്യങ്ങൾക്കായി ക്ലബിൻ്റെ സൗകര്യങ്ങൾ ദുരുപയോ​ഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ‌‌ഖാർ ജിംഖാനയുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ മതപരമായ കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നുവെന്ന് ആരോ​പിച്ച് ക്ലബ്ബ് അം​ഗങ്ങളാണ് രംഗത്തുവന്നത്. ക്ലബിൻ്റെ സ്ഥലത്ത് ഇവാൻ്റെ നേതൃത്വത്തിൽ മതപരമായ പരിപാടികൾ സംഘടിപ്പിക്കുന്നു എന്നും ഇവിടെ മതപരിവർത്തനമാണ് നടക്കുന്നതെന്നും ആരോപണമുയർന്നു. ഇതിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഒരു വി​ഭാ​ഗം ആളുകൾ രം​ഗത്തെത്തിയതോടെയാണ് അംഗത്വം റദ്ദാക്കാൻ തീരുമാനമായത്. ക്ലബ്ബിന്റെ വാർഷിക പൊതുയോഗത്തിൽ ഐകകണ്ഠേനയായിരുന്നു തീരുമാനം.

ജെമീമയുടെ അച്ഛൻ ഇവാൻ ബ്രദർ മാനുവൽ മിനിസ്ട്രീസ് എന്ന സംഘടനയുമായി ബന്ധം പുലർത്തിയിരുന്നു എന്ന് ക്ലബ് ഭാരവാഹികൾ ആരോപിച്ചിരുന്നു. ഒരു വർഷത്തിൽ ഏകദേശം 35ഓളം തവണയാണ് മതപരമായ പരിപാടികൾക്കായി ക്ലബ്ബിന്റെ ഹാൾ ഉപയോ​ഗിച്ചത്. ഈ പരിപാടികളെപ്പറ്റി തങ്ങൾക്ക് വിവരം ലഭിച്ചിരുന്നു. രാജ്യത്തിന്റെ പലഭാ​ഗങ്ങളിലും മതപരിവർത്തനം റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും തങ്ങളുടെ മുന്നിൽ അതുണ്ടാകുമെന്ന് വിചാരിച്ചില്ല. വലിയ രീതിയിലുള്ള മതപരിവർത്തനമാണ് ജമീമയുടെ പിതാവ് ഇവാന്റെ നേതൃത്വത്തിൽ അവിടെ നടന്നത്. ക്ലബ് ഭരണഘടന റൂൾ 4 എ പ്രകാരം, മതപരമായ കാര്യങ്ങൾക്ക് ക്ലബ്ബിനെ ഉപയോ​ഗപ്പെടുത്താനാവില്ല എന്നും ഖാർ ജിംഖാന മാനേജിംഗ് കമ്മിറ്റി അംഗം ശിവ് മൽഹോത്ര വ്യക്തമാക്കിയിരുന്നു.

ഇവാനെതിരെ ഉയർന്ന ആരോപണം ശരിയാണോ എന്ന് അറിയാനായി താനും മാനേജിംഗ് കമ്മിറ്റി അംഗം ശിവ് മൽഹോത്രയും പരിപാടി നടക്കുന്ന ഒരു ദിവസം ഈ ഹാളിലേക്ക് ചെന്നിരുന്നു എന്ന് മുൻ പ്രസിഡൻ്റ് നിതിൻ ഗഡേക്കർ പറഞ്ഞു. ഇരുണ്ട മുറിയിൽ ട്രാൻസ് മ്യൂസിക്കിനൊപ്പം ആളുകൾ ചുവടുവയ്ക്കുന്നതും ഒരു സ്ത്രീ ‘അവൻ നമ്മളെ രക്ഷിക്കാൻ വരുന്നു’ എന്ന് പറയുന്നതും തങ്ങൾ കേട്ടു. ഇതോടെ മതപരമായ കാര്യങ്ങൾക്ക് ജമീമയുടെ അം​ഗത്വം ഉപയോ​ഗിച്ചെന്ന് ബോധ്യപ്പെട്ടു. തുടർന്നാണ് മെമ്പർഷിപ്പ് റദ്ദാക്കാൻ തീരുമാനിച്ചത് എന്നും ഗഡേക്കർ പറഞ്ഞു.

Also Read : Ind vs Nz : വാഷിംഗ്ടൺ സുന്ദറിനെ എന്തിന് ടീമിലെടുത്തു എന്ന് കളിക്ക് മുൻപേ വിമർശനം; കളി കഴിഞ്ഞതോടെ യുടേണടിച്ച് ഗവാസ്കർ

2023-ലാണ് ജമീമ റോഡ്രിഗസിന് ഖാർ ജിംഖാന ക്ലബ് അംഗത്വം നൽകിയത്. മൂന്നു വർഷത്തെ അംഗത്വവും പരിശീലനത്തിന് ഉൾപ്പെടെ ക്ലബ്ബിന്റെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനുള്ള അവസരവുമായിരുന്നു ജമീമയ്ക്ക് അംഗത്വത്തിലൂടെ ലഭിച്ചിരുന്നത്. എന്നാൽ, പിതാവ് മതപരിവർത്തനം നടത്തുന്നു എന്ന് ആരോപിച്ച് ജമീമയുടെ അംഗത്വം റദ്ദാക്കുകയായിരുന്നു. നിലവിൽ ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിൽ കളിക്കുകയാണ് ജമീമ. ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനെ 59 റൺസിന് ഇന്ത്യ കീഴടക്കിയപ്പോൾ ജമീമ നിർണായകമായ പ്രകടനം നടത്തിയിരുന്നു. ഒക്ടോബർ 27നാണ് പരമ്പരയിലെ അടുത്ത മത്സരം.

 

 

Related Stories
ISL 2024 : കൊച്ചിയിൽ വന്ന് ബ്ലാസ്റ്റേഴ്സിനെ പഞ്ഞിക്കിട്ട് ബെംഗളൂരു; ജയം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്
IND vs NZ : ബാറ്റ് ചെയ്യുമ്പോ ബൗളിംഗ് പിച്ച്, പന്തെറിയുമ്പോ ബാറ്റിംഗ് പിച്ച്; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് നാണക്കേടിൻ്റെ റെക്കോർഡ്
Ind vs Nz : വാഷിംഗ്ടൺ സുന്ദറിനെ എന്തിന് ടീമിലെടുത്തു എന്ന് കളിക്ക് മുൻപേ വിമർശനം; കളി കഴിഞ്ഞതോടെ യുടേണടിച്ച് ഗവാസ്കർ
Ind vs Nz : നതാൻ ലിയോണിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റിലെ തകർപ്പൻ റെക്കോർഡിൽ അശ്വിൻ മുന്നിൽ
Ind vs Nz : ഏഴ് വിക്കറ്റ് നേട്ടവുമായി വാഷിംഗ്ടൺ സുന്ദർ; കോൺവേയ്ക്കും രചിനും ഫിഫ്റ്റി; കിവീസ് 259ന് ഓൾ ഔട്ട്
Zim vs Gm : ടീം ടോട്ടൽ 344; ജയിച്ചത് 290 റൺസിന്: ഇത് ഏകദിനത്തിലല്ല, ടി20യിൽ!
​ഈ ആരോ​ഗ്യ പ്രശ്നമുള്ളവർ കാന്താരി മുളക് കഴിക്കരുത്!
അംബാനിയുടെ ആഡംബര മാളികയിലെ അതിശയങ്ങൾ
ബൊ​ഗെയിൻവില്ല ഒരു സാധാരണ ചെടിയല്ല, പ്രത്യകതകൾ ഇങ്ങനെ
മാതളനാരങ്ങയുടെ തൊലികൊണ്ടും ചായ, ​ഗുണങ്ങളേറെ