ISL: ഗുവാഹത്തിയിൽ കരുത്ത് കാട്ടാൻ കൊമ്പന്മാർ; ആദ്യ എവേ മാച്ചിന് ഒരുങ്ങി കേരളാ ബ്ലാസ്റ്റേഴ്സ്
Kerala Blasters 1st Away Match: നോർത്ത് ഈസ്റ്റ് യുണെറ്റഡിന് എതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ ഹോം മാച്ച്. ഒരു മാസത്തെ ഇടവേളയ്ക്ക് ഒക്ടോബർ 25-നാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ഹോം മത്സരം.
ഗുവാഹത്തി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എവേ മത്സരം ഇന്ന്. രാത്രി 7.30 ന് നടക്കുന്ന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യൂണെറ്റഡിനെ നേരിടും. സ്പോർട്സ് 18 ചാനലിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാം. പോയിന്റ് ടേബിളിൽ അടുത്തടുത്ത സ്ഥാനങ്ങളിലുള്ള ഇരു ടീമുകൾക്കും മുന്നേറാൻ ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്.
സ്വന്തം തട്ടകമായ കൊച്ചിയിൽ ഒന്നുവീതം തോൽവിയും ജയവുമായി സീസൺ തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് ഇനി ഉൗര് ചുറ്റലിന്റെ ഒരു മാസം. തുടരെയുള്ള മൂന്ന് എവേ മത്സരങ്ങളിൽ ആദ്യം നേരിടുന്നത് നോർത്ത് ഈസ്റ്റ് യുണെറ്റഡിനെ പഞ്ചാബ് എഫ്സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റുതുടങ്ങിയ ബ്ലാസ്റ്റേഴ്സ് ഇതേ സ്കോറിൽ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയാണ് ആദ്യ ജയം സ്വന്തമാക്കിയത്. പുതിയതായി ടീമിലെത്തിയ ജീസസ് ജിമിനെസും നോഹ സദൂയിയുമെല്ലാം ഗോളടിച്ചത് ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം നൽകുന്നു. ഒപ്പം ക്വാമി പെപ്ര ഫോമിലേക്ക് ഉയർന്നതും. പനി മൂലം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പുറത്തിരുന്ന നായകൻ അഡ്രിയാൻ ലൂണ ഇന്നും കളിക്കാൻ സാധ്യത കുറവ്.
ഡ്യൂറന്റ് കപ്പ് നേട്ടത്തോടെ സീസൺ തുടങ്ങിയ നോർത്ത് ഈസ്റ്റ് യൂണെെറ്റഡിന്റെ അക്കൗണ്ടിലുള്ളത് ഒന്ന് വീതം തോൽവിയും ജയവും. മുഹമ്മദൻസിനെ ഒറ്റ ഗോളിന് തോൽപ്പിച്ചുതുടങ്ങിയ നോർത്ത് ഈസ്റ്റുകാർ മോഹൻ ബഗാനോട് ആവേശപ്പോരിൽ 2-3-ന് തോറ്റു. മോഹൻ ബഗാന്റെ വിവാദ ഗോൾ ഇല്ലായിരുന്നുവെങ്കിൽ രണ്ടിൽ രണ്ട് ജയവും സ്വന്തമായേനേ. നേർക്കുനേർ പോരാട്ടങ്ങളിൽ മുൻതൂക്കം കേരളാ ബ്ലാസ്റ്റേഴ്സിനാണ്. 20 മത്സരങ്ങളിൽ 8 എണ്ണത്തിലും കൊമ്പൻമാർ വിജയിച്ചു. അഞ്ച് എണ്ണത്തിൽ നോർത്ത് ഈസ്റ്റ് യുണെെറ്റഡും. ഏഴ് മത്സരങ്ങൾ സമനിലയിലുമായി.
കേരളാ ബ്ലാസ്റ്റേഴ്സ് ടീമിൽ പരിശീലകൻ മിക്കേൽ സ്റ്റാറെ അഴിച്ചുപണി നടത്താൻ സാധ്യതയില്ല. ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ മധ്യനിരയിലെ മൂന്ന് താരങ്ങളെയും പരിശീലകൻ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തിരുന്നു. മധ്യനിരയിലേക്ക് ലൂണ കൂടി തിരിച്ചെത്തിയാൽ ബ്ലാസ്റ്റേഴ്സ് സെറ്റാണ്.നോർത്ത് ഈസ്റ്റ് ടീമിൽ ജിതിൻ എംഎസ്, മിർഷാദ് മിച്ചു, ഷിഗിൽ ഷാജി എന്നീ മലയാളികളുമുണ്ട്. 4-2-3-1 ശെെലിയാണ് നോർത്ത് ഈസ്റ്റിന്റെ സ്പാനിഷ് പരിശീലകൻ യുവാൻ പെദ്രോ ബെനാലിയുടേത്. മുൻനിരയിൽ സ്പാനിഷ് താരം ഗില്ലർമോ ഫെർണാണ്ടസ്, പിന്നിൽ വിങ്ങർമാരായ മലയാളി താരം എംഎസ് ജിതിനും മൊറോക്കൻ താരം അലിഡെെൻ അജരിയും നടുവിലായി നിക്സണും. പ്രതിരോധത്തിലെ നാല് താരങ്ങൾക്ക് മുന്നിലായി 2 മിഡ്ഫീൽഡർമാരുകൂടി നോർത്ത് ഈസ്റ്റ് നിരയിൽ ഉണ്ടാകും.
കേരളാ ബ്ലാസ്റ്റേഴ്സ് സാധ്യതാ ടീം: സച്ചിൻ സുരേഷ്, ഐബാൻ, പ്രീതം കോട്ടാൽ, മിലോസ് ഡ്രിൻസിച്ച്, നോച്ച സിംഗ്, അലക്സാന്ദ്രെ കോയഫ്,
വിബിൻ മോഹൻ, കെപി രാഹുൽ, നോഹ സദോയി, ജീസസ് ജിമിനെസ്, ക്വാമി പെപ്ര.