5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Indian Super League: കേരളാ ബ്ലാസ്റ്റേഴ്സിന് രണ്ടാം അങ്കം; നായകൻ അഡ്രിയാൻ ലൂണ കളിക്കില്ല

Kerala Blasters: സീസണിലെ രണ്ടാം മത്സരത്തിൽ മാറ്റങ്ങളോടെയാകും കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുക. ദിമിത്രിയോസ് ക്ലെയ്റ്റൺ സിൽവയും ഉൾപ്പെടുന്ന ബം​ഗാളിന്റെ ആക്രമണത്തെ പൂട്ടുന്നതിൽ ‌പ്രതിരോധനിര വിജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ എളുപ്പമാകും.

Indian Super League: കേരളാ ബ്ലാസ്റ്റേഴ്സിന് രണ്ടാം അങ്കം; നായകൻ അഡ്രിയാൻ ലൂണ കളിക്കില്ല
Credits: Kerala Blasters Facebook page
Follow Us
athira-ajithkumar
Athira CA | Published: 22 Sep 2024 09:07 AM

കൊച്ചി: സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ട് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. ഈസ്റ്റ് ബം​ഗാൾ ആണ് എതിരാളി. ഇന്ന് രാത്രി 7.30ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സ് – ഈസ്റ്റ് ബം​ഗാൾ മത്സരം സ്പോർട്സ് 18 ചാനലിലും ജിയോ സിനിമയിലും തത്സമയം കാണാം. നായകൻ അഡ്രിയാൻ ലൂണ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം അങ്കത്തിന് ഇറങ്ങുന്നത്. പനിയിൽ നിന്ന് മുക്തനായെങ്കിലും ഡോക്ടർമാർ വിശ്രമം വേണമെന്ന് നിർദേശിച്ചതിനെ തുടർന്നാണിത്.

ആദ്യ മത്സരത്തിൽ മുറിവേറ്റാണ് ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബം​ഗാളും മത്സരത്തിനിറങ്ങുന്നത്. സ്വന്തം തട്ടകത്തിലെ തോൽവി തിരുവോണ ദിനത്തിൽ ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിച്ചിരുന്നില്ല. താരനിരയുമായി ഇറങ്ങിയിട്ടും ബെം​​ഗ്ലൂരുവിനോട് ഈസ്റ്റ് ബം​ഗാളും അടിയറവ് പറഞ്ഞു. പരാജയപ്പെട്ടെങ്കിലും ബ്ലാസ്റ്റേഴ്സ് പൊരുതി കളിച്ചെന്നാണ് പരിശീലകൻ മെെക്കിൾ സ്റ്റാറെയുടെ നിരീക്ഷണം. പഞ്ചാബിനെതിരെ പന്തടക്കത്തിലും ഷോട്ടുകളിലും ടീം മികച്ചുനിന്നു.

മധ്യനനിരയിൽ നായകൻ അഡ്രിയാൻ ലൂണ തിരിച്ചെത്തിയാൽ കൂടുതൽ കരുത്താകും. ആദ്യ മത്സരത്തിൽ തന്നെ ലക്ഷ്യം കണ്ട ജീസസ് ജിമിനെസ്, നോഹ സദോയി എന്നിവർ നേതൃത്വം നൽകിയ ടീമിന്റെ മുന്നേറ്റവും മികച്ചതാണ്. എന്നാൽ ബ്ലാസ്റ്റേഴ്സ് മുൻ ​ഗോളടി യന്ത്രം ദിമിത്രിയോസ് ഡയമന്റകോസും മധ്യനിരയിലെ കരുത്ത് ജീക്സൺ സിം​ഗും ഇത്തവണ ഈസ്റ്റ് ബം​ഗാളിലുണ്ട്. വിലക്കുമാറി ഇന്ത്യൻ താരം അൻവർ അലി കൂടി എത്തുന്നതോടെ ഈസ്റ്റ് ബം​ഗാൾ കടലാസിൽ കരുത്തർ. ദിമിയും ക്ലെയ്റ്റൺ സിൽവയും ഉൾപ്പെടുന്ന ബം​ഗാളിന്റെ ആക്രമണത്തെ പൂട്ടുന്നതിൽ കൊമ്പന്മാരുടെ പ്രതിരോധം വിജയിച്ചാൽ ബ്ലാസ്റ്റേഴസിന്റെ വിജയത്തിലേക്കുള്ള വഴി എളുപ്പമാകും. പ്രതിരോധ നിരയിലെ പിഴവ് കാരണമാണ് പഞ്ചാബ് രണ്ട് ​ഗോളുകൾ നേടിയത്. പ്രതിരോധ- ആക്രമണ നിരയിലെ ഏകോപനം ഫലപ്രദമാകുകയാണ് സ്റ്റാറെയുടെ ലക്ഷ്യം.

എന്നാൽ സ്വന്തം ആരാധക കൂട്ടത്തിന് നടുവിൽ വീണ്ടുമൊരു മത്സരത്തിന് ഇറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്സിന് മതിയാകില്ല. അതുകൊണ്ട് തന്നെ ഇന്ന് പ്ലേയിം​ഗ് ഇലവനിൽ മാറ്റമുണ്ടാകുമെന്നാണ് റിപ്പോർട്ട്. മധ്യനിരയിൽ ഫ്രെഡിക്കോ അലക്സാണ്ടർ കോയെഫിനോ പകരക്കാരനായി മലയാളി താരം വിബിൻ മോഹൻ സ്റ്റാർട്ടിം​ഗ് ഇലവനിൽ ഇടംപിടിച്ചേക്കും. പഞ്ചാബിനെതിരായ മത്സരത്തിൽ വിബിൻ പകരക്കാരനായി എത്തിയതോടെ മിഡ്ഫീൽഡ് ഉണർന്നിരുന്നു. ക്വാമി പെപ്രെയും പകരക്കാരനായി ഇറങ്ങാനാണ് സാധ്യത. പകരം ആദ്യ മത്സരത്തിൽ ​ഗോളടിച്ച് തന്റെ വരവറിയിച്ച ജീസസ് ജിമിനെസ് കളത്തിലിറങ്ങും.

ഐഎസ്എല്ലിനോട് അനുബന്ധിച്ച് ഇന്ന് കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 2 മണി മുതലാണ് നിയന്ത്രണം. ഐഎസ്എൽ മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ വെെകിട്ട് 4 മുതൽ രാത്രി 11 വരെ സ്റ്റേഡിയം സ്റ്റേഷനിൽ നിന്ന് അധിക മെട്രോ സർവ്വീസുകൾ ഉണ്ട്. യാത്രക്കാർക്ക് റിട്ടേൺ ടിക്കറ്റും ഒരുമിച്ച് എടുക്കാം.

Latest News