5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ISL 2024 : രണ്ടാം പകുതിയിലെ തിരിച്ചുവരവ്; മുഹമ്മദൻസ് ആരാധകരുടെ കലിപ്പും മറികടന്ന് ബ്ലാസ്റ്റേഴ്സിന് ജയം

ISL 2024 Kerala Blasters Won : ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം ജയം. ഇന്ന് മുഹമ്മദൻസിനെതിരെ കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിൻ്റെ ജയം.

ISL 2024 : രണ്ടാം പകുതിയിലെ തിരിച്ചുവരവ്; മുഹമ്മദൻസ് ആരാധകരുടെ കലിപ്പും മറികടന്ന് ബ്ലാസ്റ്റേഴ്സിന് ജയം
ബ്ലാസ്റ്റേഴ്സ് – മുഹമ്മദൻ (Image Courtesy – Social Media)
abdul-basithtv9-com
Abdul Basith | Published: 20 Oct 2024 21:51 PM

ഇന്ത്യൻ സൂപ്പർ ലീഗിൽ മുഹമ്മദൻസിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ജയം. മുഹമ്മദൻസ് ആരാധകരുടെ ഇടപെടൽ മൂലം അല്പസമയം കളി തടസപ്പെട്ടിരുന്നു. ഇതും മറികടന്നാണ് മുഹമ്മദൻസിൻ്റെ തട്ടകത്തിൽ ബ്ലാസ്റ്റേഴ്സ് തകർപ്പൻ ജയം നേടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. ബ്ലാസ്റ്റേഴ്സിനായി ക്വാമെ പെപ്രയും ഹെസ്യൂസ്‌ ഹിമനസും സ്കോർ ചെയ്തപ്പോൾ മുഹമ്മദൻസിൻ്റെ ആശ്വാസ ഗോൾ മിർഹാലോൽ കാസിമോവ് ആണ് നേടിയത്.

കളിയിൽ ബ്ലാസ്റ്റേഴ്സിനായിരുന്നു മുൻതൂക്കമെങ്കിലും മുഹമ്മദൻസാണ് ആദ്യ ഗോൾ നേടിയത്. 28ആം മിനിട്ടിൽ ലഭിച്ച പെനാൽറ്റി മിർഹാലോൽ കാസിമോവ് ഗോളാക്കി മാറ്റി. അതിന് മുൻപും ശേഷവും ചില ശ്രദ്ധേയമായ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്സിന് മുഹമ്മദൻസ് പ്രതിരോധം ഭേദിക്കാനായില്ല. ആദ്യ പകുതിയിൽ ആതിഥേയർ ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിലായിരുന്നു.

Also Read : Ind vs Nz : 1988ന് ശേഷം ഇന്ത്യയിൽ ഒരു ടെസ്റ്റ് ജയിച്ച് ന്യൂസീലൻഡ്; ജയം എട്ട് വിക്കറ്റിന്

രണ്ടാം പകുതിയിൽ ക്വാമെ പെപ്ര കളത്തിലിറങ്ങിയതോടെ ആക്രമണങ്ങൾക്ക് മൂർച്ച വർധിച്ചു. 67ആം മിനിട്ടിൽ ഈ നീക്കം ഫലം കണ്ടു. വലത് പാർശ്വത്തിൽ നിന്ന് ലൂണ നൽകിയ ക്രോസ് നോഹ സദോയ് പെപ്രയ്ക്ക് മറിച്ചുനൽകി. പിഴവുകളില്ലാതെ പെപ്ര പന്ത് വലയിലെത്തിച്ചു. വീണ്ടും ആക്രമണം തുടർന്ന ബ്ലാസ്റ്റേഴ്സ് 75ആം മിനിട്ടിൽ ലീഡെടുത്തു. നവോച നൽകിയ പന്തിൽ തലവച്ച് ഹെസ്യൂസ്‌ ഹിമനസ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. അവസാന മിനിട്ടിൽ സോം കുമാറിൻ്റെ തകർപ്പൻ സേവ് ബ്ലാസ്റ്റേഴ്സിൻ്റെ വിജയത്തിൽ നിർണായകമായി.

ബ്ലാസ്റ്റേഴ്സ് മുന്നേറവെ മുഹമ്മദൻസ് ആരാധകർ ഗ്യാലറിയിൽ നിന്ന് ചെരിപ്പുകളും കുപ്പികളുമൊക്കെ ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞു. ഇതേ തുടർന്ന് കളി കുറച്ചുസമയം തടസപ്പെട്ടു. ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെയും ആക്രമണമുണ്ടായി.
തടസപ്പെട്ടതിന് ശേഷം പുനരാരംഭിച്ച കളിയുടെ അവസാന മിനിട്ടുകളിൽ മുഹമ്മദൻസ് സമനിലയ്ക്കായി കിണഞ്ഞ് ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ജയത്തോടെ അഞ്ച് മത്സരങ്ങളിൽ നിന്ന് എട്ട് പോയിൻ്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്കുയർന്നു. അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് പോയിൻ്റുള്ള മുഹമ്മദൻസ് പട്ടികയിൽ 11 ആമതാണ്.

 

 

Latest News