ISL: ആരാധകരെ നിങ്ങളിത് കാണുക; രണ്ടാം അങ്കത്തില്‍ കലിപ്പടക്കി ബ്ലാസ്റ്റേഴ്‌സ്
Kerala Blasters vs East Bengal: അവസാന മിനിറ്റുകളിലും സമനിലയില്‍ തുടര്‍ന്ന കളി പിന്നീട് മാറിമറിയുകയായിരുന്നു.ഗോള്‍ രഹിത ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഗോളുകള്‍ പിറന്നത്. ഈസ്റ്റ് ബംഗാളിനായി മലയാളി താരം പിവി വിഷ്ണു ആണ് ഗോള്‍ അടിച്ചെടുത്തത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (ISL) രണ്ടാം മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് (Kerala Blasters ). 2-1 ഗോളിനാണ് ബംഗാളിനെ ബ്ലാസ്‌റ്റേഴ്‌സ് മുട്ടുകുത്തിച്ചത്. അവസാന മിനിറ്റുകളിലും സമനിലയില്‍ തുടര്‍ന്ന കളി പിന്നീട് മാറിമറിയുകയായിരുന്നു. അഡ്രിയന്‍ ലൂണയെന്ന പ്രധാനി ഇല്ലെങ്കിലും എങ്ങനെ നന്നായി കളിക്കാമെന്ന് ബ്ലാസ്‌റ്റേഴ്‌സ് പഠിച്ചെടുത്തു. പഞ്ചാബ് എഫ്‌സിക്കെതിരായ ആദ്യ മത്സരത്തിലെ പിഴവുകളെല്ലാം തിരുത്തിയാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് കളിക്കളത്തിലേക്ക് എത്തിയത്.
ഗോള്‍ രഹിത ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഗോളുകള്‍ പിറന്നത്. ഈസ്റ്റ് ബംഗാളിനായി മലയാളി താരം പിവി വിഷ്ണു ആണ് ഗോള്‍ അടിച്ചെടുത്തത്. പിന്നീട് 63ാം മിനിറ്റില്‍ നോഹ സദൂയിയാണ് ആദ്യമായി ബ്ലാസ്‌റ്റേഴ്‌സിനായി ബംഗാളിന്റെ വല കുലുക്കിയത്. സമനിലയില്‍ തുടര്‍ന്ന മത്സരം പിന്നീട് ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണത്തോടെ ആകെ മാറി. ബംഗാളിന് നേരെ ആക്രമണം തുടര്‍ന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ ഘാനാ താരം ക്വാമി പെപ്രയിലൂടെ 88ാം മിനിറ്റില്‍ രണ്ടാം ഗോള്‍ എന്ന ലക്ഷ്യം കണ്ടു.
ഈ മത്സരത്തില്‍ ഗോളിനോളമുള്ള അസിസ്റ്റുമായി തിളങ്ങിയത് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ദിമിത്രി ഡയമെന്റകോസ് ആണ്. ബ്ലാസ്‌റ്റേഴ്‌സ് താരമായ പ്രതിരോധ നിരയിലെ സന്ദീപ് സിങ്ങിന്റെ പിഴവില്‍ നിന്നാണ് ഡയമെന്റാകോസിന്റെ മുന്നേറ്റം. ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളെ ബോക്‌സിനുള്ളില്‍ വട്ടം കറക്കിയ ശേഷം പന്ത് നേരെ വിഷ്ണുവിലേക്ക്. ഈ മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ നിന്ന ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളെ കാഴ്ചക്കാരാക്കി വിഷ്ണുവിന്റെ ഷോട്ട് 59ാം മിനിറ്റില്‍ ലക്ഷ്യം കണ്ടും. ഗാലറിയിലെ ആര്‍പ്പുവിളികളെല്ലാം നിശബ്ദമായി.
എന്നാല്‍ പിന്നാലെ 62ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റം. ഇതിനിടയില്‍ ബംഗാളിന്റെ മറ്റൊരു നീക്കം ബ്ലാസ്റ്റേഴ്‌സിനെ നന്നായി വിറപ്പിച്ചു. പക്ഷെ ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിനെ മാത്രം മുന്നില്‍ നിര്‍ത്തികൊണ്ട് ഡയമെന്റകോസ് തൊടുത്ത ഷോട്ട് നേരെ പുറത്തേക്ക്. ഇതോടെ ഗാലറിയില്‍ വീണ്ടും ആര്‍പ്പുവിളികള്‍. ഇടതുവിങ്ങില്‍ നിന്ന് കളിച്ച മൊറോക്കോ താരം നോഹ സദൂയിയുടേതാണ് ആ സമനില ഗോള്‍. ബംഗാളിനെ കാഴ്ചക്കാരാക്കി അതിവേഗം ഓടിയെത്തി പ്രതിരോധനിരയെ അത്യുഗ്രന്‍ ഡ്രിബ്ലിങ്ങിലൂടെ വെട്ടിച്ച് സദൂയി ബോക്‌സിനുള്ളില്‍ പ്രവേശിച്ചു. പിന്നീട് ഇടംകാല്‍ കൊണ്ട് നേരെ പന്ത് തൊടുത്തത് ബംഗാളിന്റെ വലയിലേക്ക്.
പകരക്കാര്‍ക്ക് അരങ്ങ് നല്‍കിയ കാഴ്ചയാണ് രണ്ടാം പകുതി സമ്മാനിച്ചത്. ദിമിത്രി ഡയമെന്റാകോസിന് മഞ്ഞ കാര്‍ഡ് കിട്ടിയതോടെ രണ്ടാം പകുതി ആകെ ഉണര്‍ന്നു. ഇതിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് നടത്തിയ നീക്കങ്ങള്‍ ഈസ്റ്റ് ബംഗാള്‍ അതിഗംഭീരമായി തന്നെ പ്രതിരോധിച്ചു. പല നീക്കങ്ങളും ബ്ലാസ്റ്റേഴ്‌സിന്റെ നിര്‍ഭാഗ്യം കൊണ്ട് ലക്ഷ്യം കാണാതെ പോയി.
Also Read: Chess Olympiad: ആഹാ അര്‍മാദം, ഇന്ത്യൻ അര്‍മാദം! ചെസ് ഒളിമ്പ്യാഡിൽ ചരിത്രനേട്ടത്തിന് അരികെ ഇന്ത്യ
എന്നാല്‍ ഈ സമയത്ത് ബ്ലാസ്‌റ്റേഴ്‌സിന് ഊര്‍ജം പകര്‍ന്ന് പരിശീലകന്‍ മികായേല്‍ സ്റ്റാറേ വക രണ്ട് സമ്മാനം. ബംഗാളിന്റെ ആദ്യ ഗോളിന് കാരണമായ സന്ദീപ് സിങിന് പകരം മുഹമ്മദ് ഐമനും ഡാനിഷ് ഫാറൂഖിന് പകരം ഐബാന്‍ബ ദോഹ്ലിങും കളത്തിലേക്ക്. ഇതിന് പിന്നാലെ ഡയമെന്റാകോസിനെ പിന്‍വലിച്ച് ക്ലെയ്റ്റന്‍ സില്‍വയെ ബംഗാളും കളത്തിലെത്തിച്ചു.
മത്സരം അവസാന 20 മിനിറ്റിലേക്ക് എത്തിയപ്പോള്‍ ഹെസൂസിന് പകരം ക്വാമി പെപ്രയേയും വിബിന്‍ മോഹനന് പകരം മുഹമ്മദ് അസ്ഹറിനേയും ബ്ലാസ്റ്റേഴ്‌സ് ഇറക്കി. ഇതോടെ പെപ്രയുടെ വിളയാട്ടമാണ് പിന്നീട് കാണികള്‍ കണ്ടത്. പെപ്ര തുടങ്ങിവെച്ച ഇടതുവിങ്ങില്‍ നിന്ന് പന്ത് നേരെ ഐമന്. എന്നാല്‍ ഐമന്‍ തൊടുത്ത പന്ത് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. പിന്നീട് 88ാം മിനിറ്റില്‍ ആരാധകരുടെ ആര്‍പ്പുവിളികള്‍ക്കിടയില്‍ പെപ്ര വിജയഗോള്‍ സ്വന്തമാക്കി.
രണ്ട് കളിയില്‍ മൂന്ന് പോയിന്റുമായി ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് എത്തിയ ബ്ലാസ്റ്റേഴ്‌സിനുള്ളത് ഇനി എവേ മത്സരമാണ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. സെപ്റ്റംബര്‍ 29ന് ഗുവാഹത്തിയില്‍ വെച്ചാണ് മത്സരം നടക്കുന്നത്. ഇനിയുള്ള മൂന്ന് മത്സരങ്ങളും ബ്ലാസ്റ്റേഴ്‌സിന്റേത് എവേ മത്സരമാണ്.