Kerala Blasters : ഹാവൂ, ആശ്വാസം ! മുഹമ്മദനെതിരെ തകര്‍പ്പന്‍ ജയം; കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും വിജയവഴിയില്‍
ISL Kerala Blasters Vs Mohammedan SC : ഒക്ടോബര്‍ 20ന് നടന്ന എവേ മത്സരത്തിലും ബ്ലാസ്‌റ്റേഴ്‌സ് മുഹമ്മദനെ തോല്‍പിച്ചിരുന്നു. 2-1നായിരുന്നു ജയം. ക്വാമി പെപ്രയും, ഹെസൂസ് ജിമനസുമായിരുന്നു അന്ന് ഗോളുകള്‍ നേടിയത്. ആദ്യം ഒരു ഗോളിന് പിന്നില്‍ നിന്ന മത്സരത്തിലാണ് അന്ന് കേരളം തകര്‍പ്പന്‍ ജയം നേടിയത്
കൊച്ചി: തുടര്‍ തോല്‍വികളില്‍ വലഞ്ഞ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഒടുവില്‍ ചെറു ആശ്വാസം. ഇന്ന് നടന്ന മത്സരത്തില്‍ മുഹമ്മദനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്തു. 62-ാം മിനിറ്റില്‍ മുഹമ്മദന്‍ താരം ഭാസ്‌കര്‍ റോയ് വഴങ്ങിയ ഓണ്‍ ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ ലീഡ് സമ്മാനിച്ചത്. 80-ാം മിനിറ്റില്‍ നോവ സദൂയി വല കുലുക്കിയതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ആധികാരിക ലീഡ് ഉറപ്പിക്കുകയായിരുന്നു. 90-ാം മിനിറ്റില്‍ അലക്‌സാണ്ട്രെ കൊയിഫും ഗോളടിച്ചു.
ഒക്ടോബര്‍ 20ന് നടന്ന എവേ മത്സരത്തിലും ബ്ലാസ്‌റ്റേഴ്‌സ് മുഹമ്മദനെ തോല്‍പിച്ചിരുന്നു. 2-1നായിരുന്നു ജയം. ക്വാമി പെപ്രയും, ഹെസൂസ് ജിമനസുമായിരുന്നു അന്ന് ഗോളുകള്‍ നേടിയത്. ആദ്യം ഒരു ഗോളിന് പിന്നില്‍ നിന്ന മത്സരത്തിലാണ് അന്ന് കേരളം തകര്‍പ്പന്‍ ജയം നേടിയത്.
മുഖ്യപരിശീലകനില്ലാതെ
ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് മികായേല്‍ സ്റ്റാറെയെ മുഖ്യപരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കിയതിന് ശേഷം നടന്ന ആദ്യ മത്സരമായിരുന്നു മുഹമ്മദനെതിരെ നടന്നത്. പുതിയ പരിശീലകനെ കണ്ടെത്തും വരെ അസിസ്റ്റന്റ് കോച്ച് ടി.ജി. പുരുഷോത്തമന്‍, റിസര്‍വ് ടീം ഹെഡ് കോച്ചും യൂത്ത് ഡെവലപ്‌മെന്റ് തലവനുമായ ടോമാഷ് ടോര്‍സ് എന്നിവര്‍ക്കാണ് പരിശീലക ചുമതല. താല്‍ക്കാലികമായിട്ടാണെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനാകുന്ന ആദ്യ മലയാളിയാണ് പുരുഷോത്തമന്‍. പരിശീലക സ്ഥാനത്ത് ചുമതലയേറ്റ ആദ്യ മത്സരത്തില്‍ തന്നെ ടീമിനെ വിജയിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു.
കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെ
13 മത്സരങ്ങളില്‍ നിന്ന് നാല് വിജയവും, രണ്ട് സമനിലയും, ഏഴ് തോല്‍വിയുമാണ് ബ്ലാസ്‌റ്റേഴ്‌സ് ഇതുവരെ നേടിയത്. പോയിന്റ് പട്ടികയില്‍ പത്താമതാണ് സ്ഥാനം. ഏറെ പ്രതീക്ഷയോടെയാണ് ഈ സീസണെ ആരാധകര്‍ വരവേറ്റത്. മുന്‍ സീസണിലെ പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് ക്ലബ് വിട്ടത് മാത്രമായിരുന്നു നിരാശ.
മുന്‍ സീസണിലും ടീമിനൊപ്പമുണ്ടായിരുന്ന അഡ്രിയാന്‍ ലൂണയ്ക്കും, ക്വാമി പെപ്രയ്ക്കുമൊപ്പം, ഹെസൂസ് ജിമനസ്, നോവ സദൂയി, അലക്‌സാണ്ട്രെ കൊയിഫ് തുടങ്ങിയ പുതിയ താരങ്ങളെയും ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരുന്നു.
എന്നാല്‍ തോല്‍വിയോടെയായിരുന്നു തുടക്കം. ആദ്യ മത്സരത്തില്‍ പഞ്ചാബ് എഫ്‌സിയോട് 1-2നാണ് പരാജയപ്പെട്ടത്. എന്നാല്‍ പിന്നീട് നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ 2-1ന് തകര്‍ത്ത് സീസണിലെ ആദ്യ ജയം കരസ്ഥമാക്കി. തുടര്‍ന്ന് നടന്ന മത്സരങ്ങളില്‍ നോര്‍ത്ത് ഈസ്റ്റിനോടും, ഒഡീഷയോടും സമനില വഴങ്ങി.
പിന്നീടായിരുന്നു മുഹമ്മദന്‍സിനെതിരായ മത്സരം നടന്നത്. ഈ മത്സരത്തിലെ വിജയത്തിന് ശേഷം കേരളത്തെ കാത്തിരുന്നത് തുടര്‍ തോല്‍വികളായിരുന്നു. തുടര്‍ന്ന് നടന്ന മൂന്ന് മത്സരങ്ങളിലും തോല്‍വിയായിരുന്നു വിധി.
Read Also : സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ അപരാജിത കുതിപ്പ്; ഡല്‍ഹിയെയും കീഴടക്കി
ബെംഗളൂരുവിനോട് 3-1, മുംബൈയോട് 4-2, ഹൈദരാബാദിനോട് 2-1 എന്നിങ്ങനെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. എന്നാല്‍ നവംബര്‍ 24ന് നടന്ന മത്സരത്തില്‍ ചെന്നൈയിനെ തകര്‍ത്തു. എന്നാല്‍ പിന്നീട് വീണ്ടും (മൂന്ന്) തുടര്‍ തോല്‍വികള്‍ വഴങ്ങി. ഗോവയോട് എതിരില്ലാത്ത ഒരു ഗോളിനും, ബെംഗളൂരുവിനോട് 4-2നും. മോഹന്‍ ബഗാനോട് 3-2നുമാണ് പരാജയപ്പെട്ടത്.
മിക്ക മത്സരങ്ങളിലും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അതൊന്നും ബ്ലാസ്റ്റേഴ്‌സിന് മുതലാക്കാനായില്ല. മുന്നേറ്റ നിര താരതമ്യേന ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുമ്പോഴും, പ്രതിരോധവും ഗോള്‍ കീപ്പിങ്ങുമാണ് പലപ്പോഴും നിരാശപ്പെടുത്തിയത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിസാര പിഴവുകള്‍ മുതലെടുത്താണ് എതിര്‍ടീമുകള്‍ ഗോളുകള്‍ കണ്ടെത്തുന്നതെന്നതും ശ്രദ്ധേയം. ഈ സീസണിലും കിരീട പ്രതീക്ഷകള്‍ അസ്തമിച്ച സാഹചര്യത്തില്‍ ആരാധകരും നിരാശയിലാണ്. സമൂഹമാധ്യമങ്ങളിലൂടെയടക്കം ആരാധകര്‍ തങ്ങളുടെ പ്രതിഷേധം വ്യക്തമാക്കുന്നുണ്ട്.