Sanju Samson : ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു പുറത്ത്, കിഷനും ജുറേലും ടീമിൽ
Sanju Samson Irani Cup : ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിൽ മലയാളി താരം സഞ്ജു സാംസണ് ഇടമില്ല. ദുലീപ് ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയെങ്കിലും സഞ്ജുവിന് പകരം ഇഷാൻ കിഷനെയാണ് സെലക്ടർമാർ ടീമിലേക്ക് പരിഗണിച്ചത്
ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചു. ദുലീപ് ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടം ലഭിച്ചില്ല. ഇഷാൻ കിഷനും ധ്രുവ് ജുറേലുമാണ് റെസ്റ്റ് ഓഫ് ഇന്ത്യ ടീമിലെ വിക്കറ്റ് കീപ്പർമാർ. ഒക്ടോബർ ഒന്ന് മുതൽ അഞ്ച് വരെ ലക്നൗവിലാണ് ഇറാനി കപ്പ് കളിക്കുക. കഴിഞ്ഞ വർഷത്തെ രഞ്ജി ചാമ്പ്യന്മാരായ മുംബൈ ആണ് റെസ്റ്റ് ഓഫ് ഇന്ത്യയുടെ എതിരാളികൾ.
ഇഷാൻ കിഷന് പരിക്കേറ്റതിനാൽ മാത്രം ടീമിലെത്തിയ സഞ്ജു സാംസൺ ഇന്ത്യ ഡിയ്ക്കായി രണ്ട് മത്സരങ്ങളാണ് കളിച്ചത്. ആദ്യ കളി 5, 40 എന്നീ സ്കോറുകളിൽ പുറത്തായെങ്കിലും അടുത്ത മത്സരത്തിൽ 106, 45 എന്നീ സ്കോറുകൾ നേടി ടീമിൻ്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. ഈ കളി മാത്രമാണ് ഇന്ത്യ ഡി വിജയിച്ചതും. ആദ്യ കളിയുടെ ഒന്നാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ (111) കിഷൻ്റെ പിന്നീടുള്ള സ്കോറുകൾ 1, 15, 17 എന്നിങ്ങനെയായിരുന്നു. എങ്കിലും സഞ്ജുവിനെ ഇറാനി കപ്പിൽ പരിഗണിച്ചില്ല.
Also Read : T20 world Cup: മധുര പതിനേഴിന്റെ നിറവിൽ ആദ്യ ടി20 ലോകകപ്പ് വിജയം, പാകിസ്താനെ തോൽപ്പിച്ച ധോണിയും സംഘവും
ഋതുരാജ് ഗെയ്ക്‌വാദ് ആണ് റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ നയിക്കുക. അഭിനന്യു ഈശ്വരൻ വൈസ് ക്യാപ്റ്റനാണ്. ദേവ്ദത്ത് പടിക്കൽ, സായ് സുദർശൻ, മാനവ് സുത്തർ, സറൻഷ് ജെയിൻ, പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാർ, റിക്കി ഭുയി, ശാശ്വത് റാവത്, ഖലീൽ അഹ്മദ്, രാഹുൽ ചഹാർ എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ.
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കീപ്പറാണ് ധ്രുവ് ജുറേൽ. ജുറേലും ഇറാനി കപ്പിൽ കളിക്കും. യഷ് ദയാൽ, സർഫറാസ് ഖാൻ എന്നിവരും ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ടീമിലുണ്ട്. ഇതിൽ യഷ് റെസ്റ്റ് ഓഫ് ഇന്ത്യ ടീമിലും സർഫറാസ് മുംബൈ ടീമിലും കളിക്കും. ഈ മാസം 27 മുതൽ ഒക്ടോബർ 1 വരെയാണ് രണ്ടാം ടെസ്റ്റ്.
ദുലീപ് ട്രോഫിയിൽ ഇന്ത്യ ബിയ്ക്കെതിരെയായിരുന്നു സഞ്ജുവിൻ്റെ സെഞ്ചുറി. താരത്തിൻ്റെ ആദ്യ ദുലീപ് ട്രോഫി സെഞ്ചുറിയായിരുന്നു ഇത്. 95 പന്തിലായിരുന്നു താരം മൂന്നക്കത്തിലെത്തിയത്. 12 ബൗണ്ടറികളും മൂന്ന് സിക്സറുകളും സഹിതം 101 പന്തിൽ 106 റൺസ് നേടി സഞ്ജു പുറത്താവുകയായിരുന്നു. 174ന് നാല് എന്ന ഘട്ടത്തിൽ ക്രീസിലെത്തിയ സഞ്ജു ടീമിനെ 331 റൺസിൽ എത്തിച്ച ശേഷമാണ് മടങ്ങിയത്.
Also Read : India vs Bangladesh : ചെന്നെെയിൽ അശ്വിൻ സുപ്രീമസി; ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മിന്നും ജയം
ടൂർണമെൻ്റിൻ്റെ രണ്ടാം മത്സരത്തിൻ്റെ ആദ്യ ഇന്നിങ്സിൽ അഞ്ച് റൺസിന് പുറത്തായ മലയാളി താരത്തിന് നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നു. പക്ഷേ, രണ്ടാം ഇന്നിംഗ്സിൽ തൻ്റെ ശൈലിക്ക് മാറ്റം വരുത്താതെ കളിച്ച സഞ്ജു 40 റൺസെടുത്തു. മൂന്ന് വീതം ബൗണ്ടറികളും സിക്സറുകളും പറത്തിയായിരുന്നു സഞ്ജുവിൻ്റെ പ്രകടനം. മത്സരത്തിൽ ഇന്ത്യ ഡി 186 റൺസിന് തോറ്റു. തുടർന്നാണ് മൂന്നാം മത്സരത്തിൽ സഞ്ജു സെഞ്ചുറി നേടിയത്. ആദ്യ ഇന്നിംഗ്സിലെ തകർപ്പൻ സെഞ്ചുറിക്കൊപ്പം രണ്ടാം ഇന്നിംഗ്സിൽ 45 റൺസ് കൂടി നേടിയ താരം ആക്രമിച്ച് കളിച്ചാണ് റൺസ് കണ്ടെത്തിയത്. ഇതോടെ താരം റെസ്റ്റ് ഓഫ് ഇന്ത്യ ടീമിൽ കളിച്ചേക്കുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.
ആദ്യ ടെസ്റ്റിൽ ഇന്ത്യ ബംഗ്ലാദേശിനെതിരെ വിജയിച്ചിരുന്നു. 280 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. 515 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് 234 റൺസിൽ പുറത്തായി. ഇന്ത്യക്കായി ആർ അശ്വിൻ 6 വിക്കറ്റും ജഡേജ 3 വിക്കറ്റും വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിലെ ആറ് വിക്കറ്റ് നേട്ടത്തിനൊപ്പം ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ അശ്വിനാണ് മാൻ ഓഫ് ദി മാച്ച്.