IPL: മുങ്ങുന്ന വിദേശ താരങ്ങൾക്ക് എട്ടിന്റെ പണിയുമായി ബിസിസിഐ; ഐപിഎല്ലിൽ നിന്ന് വിലക്കും
IPL: ഓഗസ്റ്റിൽ ബിസിസിഐ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്ത ഫ്രാഞ്ചെസി ഉടമകളാണ് ടീമിലെത്തിയ ശേഷം ലീഗിൽ നിന്ന് പിന്മാറുന്ന താരങ്ങളെ ടൂർണമെന്റിൽ നിന്ന് വിലക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചത്.
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താര ലേലത്തിൽ പങ്കെടുക്കുക ഓക്ഷനിലൂടെയും ഏതെങ്കിലും ടീമിന്റെ ഭാഗമാകുകയും ചെയ്ത ശേഷം ടൂർണമെന്റിൽ നിന്ന് വ്യക്തമായ കാരണങ്ങളില്ലാതെ മുങ്ങുന്നവർക്കെതിരെ നടപടിയുമായി ബിസിസിഐ. വിദേശ താരങ്ങളെ അടുത്ത രണ്ട് സീസണുകളിലെ താരലേലത്തിൽ നിന്ന് ബിസിസിഐ വിലക്കി. പരിക്ക് കാരണം ടീം വിടുന്ന താരങ്ങൾക്ക് വിലക്ക് ബാധകമല്ല. പക്ഷേ പരിക്കുണ്ടെന്ന് അതാത് ക്രിക്കറ്റ് ബോർഡുകൾ സ്ഥിരീകരണം നൽകണം. ഐപിഎൽ മെഗാ താരലേലത്തിന് മുന്നോടിയായി ബിസിസിഐ ഇന്നലെ പുറത്തുവിട്ട പുതിയ നിബന്ധനകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഫ്രാഞ്ചെസികളുടെ അഭ്യർത്ഥന പ്രകാരമാണ് ബിസിസിഐയുടെ നിർണായക നീക്കം.
” താര ലേലത്തിനായി പേര് രജിസ്റ്റർ ചെയ്യുകയും ടീമുകൾ സ്വന്തമാക്കുകയും ചെയ്ത ശേഷം മതിയായ കാരണങ്ങൾ ഇല്ലാതെ സീസൺ ആരംഭിക്കുന്നതിന് മുമ്പ് പിന്മാറുന്ന താരങ്ങളെയാണ് അടുത്ത രണ്ട് വർഷത്തേയ്ക്കുള്ള ലേലത്തിൽ നിന്ന് വിലക്കുക. ഇവർക്ക് ലേലത്തിനായി രജിസ്റ്റർ ചെയ്യാനും സാധിക്കില്ല. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ലീഗിൽ നിന്ന് പിന്മാറുന്ന താരങ്ങൾക്ക് ഇത് ബാധകമല്ല. ബിസിസിഐ പുറത്തിറക്കിയ നിബന്ധനയിൽ പറയുന്നു.
മെഗാ താരലേലത്തിന് രജിസ്റ്റർ ചെയ്യാത്ത താരങ്ങൾക്ക് തുടർന്നുള്ള വർഷങ്ങളിലെ ലേലത്തിലും പങ്കെടുക്കാൻ സാധിക്കില്ല. ആരോഗ്യ പ്രശ്നങ്ങൾ, പരിക്ക് എന്നിവ കാരണം രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത താരങ്ങൾ ഇളവുമുണ്ട്. പക്ഷേ ഇക്കാര്യം മെഗാ താരലേലത്തിന് മുമ്പായി ഹോം ബോർഡ് സ്ഥിരീകരിക്കണമെന്നും ബിസിസിഐ വ്യക്തമാക്കി.
ഓഗസ്റ്റിൽ ബിസിസിഐ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്ത ഫ്രാഞ്ചെസി ഉടമകളാണ് ടീമിലെത്തിയ ശേഷം ലീഗിൽ നിന്ന് പിന്മാറുന്ന താരങ്ങളെ ടൂർണമെന്റിൽ നിന്ന് വിലക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചത്. താരങ്ങളുടെ പിൻമാറ്റം ടീമുകളുടെ സന്തുലനത്തെയും കോബിനേഷനെയും മാറ്റി മറയ്ക്കുന്നുണ്ടെന്നും അവസാന നിമിഷം പകരക്കാരനെ കണ്ടെത്തി വരേണ്ടത് പ്രയാസകരമാണെന്നും ടീം ഉടമകള്‍ ചൂണ്ടിക്കാണിച്ചിരുന്നു.
കഴിഞ്ഞ ഐപിഎൽ ലേലത്തിൽ വിവിധ ടീമുകളിൽ എത്തിയതിന് ശേഷം ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്സ്, പേസര്‍ ജോഫ്ര ആര്‍ച്ചര്‍, ജേസണ്‍ റോയ് സീസൺ ആരംഭിക്കുന്നതിന് മുമ്പ് ടൂർണമെന്റിൽ നിന്ന് പിന്‍മാറിയിരുന്നു. ചിലർ മതിയായ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് ടീം വിടുന്നതെങ്കിൽ ചിലർ കാരണങ്ങളില്ലാതെയാണ് ടീമിൽ നിന്ന് പിന്മാറുന്നതെന്ന് ടീം ഉടമകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മെഗാ താരലേലത്തിന് മുന്നോടിയായി ഓരോ ടീമുകള്‍ക്കും അഞ്ച് താരങ്ങളെ നിലനിര്‍ത്താനുള്ള അവസരുണ്ട്. വിദേശ താരങ്ങളെയോ ഇന്ത്യൻ താരങ്ങളെയോ ഈ നിബന്ധനയ്ക്ക് അനുസരിച്ച് ടീമിൽ നിലനിർത്താം. അതുപോലെ തന്നെ വിദേശ താരങ്ങളുടെ വില നിശ്ചയിക്കുന്നതും ഇന്ത്യൻ താരങ്ങളായിരിക്കും. താരലേലത്തില്‍ ഒരു ഇന്ത്യൻ താരത്തിന് ലഭിക്കുന്ന തുകയോ, താരത്തെ നിലനിര്‍ത്താന്‍ ടീമുകൾ നിലനിർത്തുന്ന മുടക്കുന്ന ഏതാണോ കുറവ് ആ തുകയ്ക്ക് മുകളിൽ വിദേശ താരത്തെ സ്വന്തമാക്കാനാവില്ല. റെെറ്റ് ടു മാച്ച് വഴി താരത്തെ സ്വന്തമാക്കാൻ കഴിയുന്ന നിർണായക പ്രഖ്യാപനവും ബിസിസിഐ നടത്തിയിരുന്നു.