5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Minnu Mani : അയോധ്യ രാമക്ഷേത്രം സന്ദർശിച്ച് മിന്നു മണി; കമൻ്റിൽ ജയ് ശ്രീറാം വിളിയുമായി ഭക്തർ

Minnu Mani Visits Ram Temple in Ayodhya : അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നു മണി. വയനാട് സ്വദേശിനിയായ മിന്നു മണി ചിത്രങ്ങൾ തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു.

Minnu Mani : അയോധ്യ രാമക്ഷേത്രം സന്ദർശിച്ച് മിന്നു മണി; കമൻ്റിൽ ജയ് ശ്രീറാം വിളിയുമായി ഭക്തർ
മിന്നു മണി (Image Courtesy – Minnu Mani Facebook)
abdul-basithtv9-com
Abdul Basith | Published: 26 Oct 2024 15:38 PM

അയോധ്യ രാമക്ഷേത്രം സന്ദർശിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരമായ മലയാളി മിന്നു മണി. ക്ഷേത്രത്തിന് മുന്നിൽ നിന്നുള്ള ചിത്രം താരം തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചു. ക്ഷേത്രദർശനം നടത്താൻ കഴിഞ്ഞതിൻ്റെ സന്തോഷവും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. ഫേസ്ബുക്കിൽ പങ്കുവച്ച ഈ കുറിപ്പിൻ്റെ കമൻ്റ് ബോക്സിൽ ജയ് ശ്രീറാം വിളിയുമായി ഭക്തർ എത്തിയിട്ടുണ്ട്.

ബാബരി മസ്ജിദ് തകർത്തയിടത്താണ് അയോധ്യ രാമക്ഷേത്രം യാഥാർത്ഥ്യമായത്. ക്ഷേത്രം യാഥാർത്ഥ്യമായ സമയത്തും മിന്നു മണി സന്തോഷം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ഇപ്പോൾ രാം ലല്ലയെ സന്ദർശിച്ചത്. ‘ഒരു ദശലക്ഷം വിളക്കുകൾ അയോധ്യയിലേക്കുള്ള പാതയെ പ്രകാശിപ്പിക്കുകയാണ്. രാമക്ഷേത്രത്തിലേക്കുള്ള നിങ്ങളുടെ യാത്ര അനുഗ്രഹവും പ്രകാശവും കൊണ്ട് നിറയട്ടെ. ജയ് ശ്രീറാം’- താരം കുറിച്ചു.

വയനാട് സ്വദേശിയായ മിന്നു മണി ഇന്ത്യ എ ടീമിനെ നയിച്ചിരുന്നു. കേരള ടീം ക്യാപ്റ്റനാണ്. ഇന്ത്യൻ ദേശീയ ടീമിലും കളിച്ച മിന്നു മികച്ച പ്രകടനങ്ങളാണ് നടത്തിയത്. എന്നാൽ, നിലവിൽ താരത്തിന് ദേശീയ ടീമിൽ ഇടം ലഭിച്ചിട്ടില്ല. വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിൻ്റെ താരമാണ്.

Also Read : Sanju Samson : ടി20യിൽ സഞ്ജു തന്നെ ഓപ്പണർ; അഭിമന്യു ഈശ്വരന് ഒടുവിൽ ടെസ്റ്റ് ടീമിലേക്ക് ക്ഷണം

ഏറെക്കാലം നീണ്ട തർക്കങ്ങൾക്കും വാദങ്ങൾക്കും ശേഷം 2019 നവംബർ 9നായിരുന്നു ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം ഹിന്ദുക്കൾക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവ്. ഇവിടെ ക്ഷേത്രം നിർമിക്കാമെന്നും അയോധ്യയിൽ തന്നെ പള്ളി നിർമിക്കാൻ മുസ്ലിങ്ങൾക്ക് അഞ്ച് ഏക്കർ സ്ഥലം വിട്ടുനൽകണമെന്നും കോടതി വിധിച്ചിരുന്നു. 2019 സെപ്തംബർ 30ന് പള്ളി പൊളിച്ച കേസിലെ എല്ലാവരെയും സിബിഐ പ്രത്യേക കോടതി വെറുതെവിട്ടു. മുൻ ഉപ പ്രധാനമന്ത്രിയായിരുന്ന എൽകെ അദ്വാനിയടക്കം 32 പേരെയും കോടതി വെറുതെവിടുകയായിരുന്നു. മതിയായ തെളിവില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രതി ചേർക്കപ്പെട്ടവരെ കോടതി വെറുതെവിട്ടത്. 1992ലാണ് പള്ളി തകർക്കപ്പെട്ടത്.

2020 ഓഗസ്റ്റ് 5 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിന് ഭൂമി പൂജ നിർവഹിച്ചു. ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ മേൽനോട്ടത്തിലായിരുന്നു ക്ഷേത്ര നിർമ്മാണം. 2024 ജനുവരി 22ന് രാമക്ഷേത്രം പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടത്തി ക്ഷേത്രം പൊതുജനങ്ങൾക്ക് സമർപ്പിച്ചത്. ശ്രീരാമന്റെ ബാലരൂപമായ രാംലല്ല വിരാജ്‌മാൻ ആണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് വിവാദങ്ങളും നിലനിന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടി വിവിധ മതനേതാക്കൾ പ്രാണപ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.

Latest News