IND vs SA: ഇനി സഞ്ജുവിന്റെ കളികൾ അങ്ങ് പ്രോട്ടീസ് മണ്ണിൽ; ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പര എപ്പോൾ, എവിടെ കാണാം
India vs South Africa T20I Cricket Match Live Streaming: നാളെ ദക്ഷിണാഫ്രിക്കയിൽ ആരംഭിക്കുന്ന ടി20 പരമ്പരയിൽ നാല് മത്സരങ്ങളാണുള്ളത്. 2024 ജൂണിൽ വെസ്റ്റിൻഡീസിലെ കെന്നിംഗ്ടൺ ഓവലിൽ നടന്ന ടി20 ലോകകപ്പ് ഫെെനലിലാണ് ഇരു ടീമുകളും അവസാനമായി നേർക്കുനേർ വന്നത്.
ന്യൂഡൽഹി: ടെസ്റ്റ് പരമ്പരയിൽ ന്യൂസിലൻഡിനോട് കനത്ത തോൽവി വഴങ്ങിയതിന് ശേഷമാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് വണ്ടി കയറുന്നത്. നാളെ (നവംബർ 8) ദക്ഷിണാഫ്രിക്കയിൽ ആരംഭിക്കുന്ന ടി20 പരമ്പരയിൽ നാല് മത്സരങ്ങളാണുള്ളത്. 2024 ജൂണിൽ വെസ്റ്റിൻഡീസിലെ കെന്നിംഗ്ടൺ ഓവലിൽ നടന്ന ടി20 ലോകകപ്പ് ഫെെനലിലാണ് ഇരു ടീമുകളും അവസാനമായി നേർക്കുനേർ വന്നത്. ആവേശകരമായ മത്സരത്തിൽ 7 റൺസിനായിരുന്നു രോഹിത് ശർമ്മയും സംഘവും ലോകകപ്പിൽ മുത്തമിട്ടത്.
ലോകകപ്പ് തോൽവിയുടെ ആഘാതം മറക്കാനായിരുന്നു സ്വന്തം മണ്ണിൽ നടക്കുന്ന പരമ്പരയിൽ എയ്ഡൻ മാർക്രവും സംഘവും ഇറങ്ങുക.
ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകൾക്ക് എതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തോടെയാണ് സൂര്യകുമാർ യാദവും സംഘവും പരമ്പരയ്ക്കിറങ്ങുക. ടീമിലെ പ്രധാന വിക്കറ്റ് – കീപ്പർ ബാറ്ററാണ് സഞ്ജു സാംസൺ. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ അവസാനമത്സരത്തിൽ സഞ്ജു കാഴ്ചവച്ച പ്രകടനം ദക്ഷിണാഫ്രിക്കയിലും താരം ആവർത്തിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ഓപ്പണിംഗിൽ സഞ്ജു സാംസൺ- അഭിഷേക് ശർമ്മ സഖ്യം തുടരുമെന്നാണ് റിപ്പോർട്ടുകൾ. നാഷണൽ ക്രിക്കറ്റ് അക്കാദമി ചെയർമാൻ വിവിഎസ് ലക്ഷമണാണ് ടി20 ടീമിനെ പരിശീലിപ്പിക്കുന്നത്. ഗൗതം ഗംഭീർ ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനൊപ്പം ഓസ്ട്രേലിയയിലേക്ക് പോകുന്നതിലാണ് വിവിഎസ് ലക്ഷ്മൺ പരിശീലകന്റെ ചമുതല ഏറ്റെടുത്തത്.
വിരാട് കോലി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളുടെ അഭാവത്തിൽ ആദ്യമായാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുന്നത്. ടി20 ലോകകപ്പിന് ശേഷം മൂവരും ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. അതുകൊണ്ട് ഇന്ത്യയെ സംബന്ധിച്ച് മത്സരം അത്ര എളുപ്പമാകില്ലെന്നും താരങ്ങളുടെ ഫോമിലാണ് ഇന്ത്യൻ സംഘത്തിന്റെ ആത്മവിശ്വാസം. ദക്ഷിണാഫ്രിക്കയിലെ നാല് വ്യത്യസ്ത വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
ഒന്നാം ടി20 നവംബർ 8, വെള്ളി : ദക്ഷിണാഫ്രിക്ക vs ഇന്ത്യ, ഡർബൻ (8:30 PM IST)
രണ്ടാം ടി20 നവംബർ 10, ഞായർ: ദക്ഷിണാഫ്രിക്ക vs ഇന്ത്യ, ഗ്കെബർഹ (7:30 PM IST)
മൂന്നാം ടി20 നവംബർ 13, ബുധൻ : ദക്ഷിണാഫ്രിക്ക vs ഇന്ത്യ, സെഞ്ചൂറിയൻ (8:30 PM IST)
നാലാം ടി20 നവംബർ 15, വെള്ളി : ദക്ഷിണാഫ്രിക്ക vs ഇന്ത്യ, ജോഹന്നാസ്ബർഗ് (8:30 PM IST)
ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20, എവിടെ കാണാം?
സ്‌പോർട്‌സ് 18 നെറ്റ്‌വർക്കിൽ ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പര തത്സമയം സംപ്രേക്ഷണം ചെയ്യും. ജിയോ സിനിമ ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയുടെയും ആരാധകർക്ക് ടി20 പരമ്പര കാണാം.
ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ , സഞ്ജു സാംസൺ, റിങ്കു സിംഗ്, തിലക് വർമ്മ, ജിതേഷ് ശർമ്മ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ , രമൺദീപ് സിംഗ്, വരുൺ ചകരവർത്തി, രവി ബിഷ്ണോയ് , അർഷ്ദീപ് സിംഗ്, വിജയ്കുമാർ വൈശാഖ്, ആവേശ് ഖാൻ, യാഷ് ദയാൽ. സൂര്യകുമാർ യാദവ് , ഹാർദിക് പാണ്ഡ്യ, അർഷ്ദീപ് സിംഗ്, അക്സർ പട്ടേൽ എന്നിവർ ടി20 ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നു.
ദക്ഷിണാഫ്രിക്ക ടീം : എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ഒട്ട്‌നീൽ ബാർട്ട്‌മാൻ, ജെറാൾഡ് കോറ്റ്‌സി, ഡൊനോവൻ ഫെരേര, റീസ ഹെൻഡ്രിക്‌സ്, മാർക്കോ ജാൻസെൻ, ഹെൻറിച്ച് ക്ലാസെൻ, പാട്രിക് ക്രൂഗർ, കേശവ് മഹാരാജ്, ഡേവിഡ് മില്ലർ, മിഹ്‌ലാലി എംപോങ്വാന, നക്വാബൽ പീറ്റർ, റയാൻ സിംകെല പീറ്റർ, റയാൻ റിക്കൽ പീറ്റർ. ട്രിസ്റ്റൻ സ്റ്റബ്‌സ്, ലൂത്തോ സിപാംല (മൂന്നാം, നാലാം ടി20)