5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ind vs Nz : എറിഞ്ഞൊടിച്ച് കിവീസ്; 46 റൺസിൽ മുട്ടുമുടക്കി ഇന്ത്യ; ചരിത്രത്തിലെ മൂന്നാമത്തെ ചെറിയ സ്കോർ

India All Out For 46 vs New Zealand : ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ 46 റൺസിന് ഇന്ത്യ ഓൾ ഔട്ട്. വെറും രണ്ട് പേരാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്. കിവീസിനായി മാറ്റ് ഹെൻറി അഞ്ച് വിക്കറ്റ് വീഴ്ത്തി.

Ind vs Nz : എറിഞ്ഞൊടിച്ച് കിവീസ്; 46 റൺസിൽ മുട്ടുമുടക്കി ഇന്ത്യ; ചരിത്രത്തിലെ മൂന്നാമത്തെ ചെറിയ സ്കോർ
ഇന്ത്യ -ന്യൂസീലൻഡ് (Image Courtesy - PTI)
abdul-basith
Abdul Basith | Published: 17 Oct 2024 13:57 PM

ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ 46 റൺസിന് ഓൾ ഔട്ടായി ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കായി വെറും രണ്ട് പേരാണ് ഇരട്ടയക്കം കടന്നത്. വിരാട് കോലി ഉൾപ്പെടെ അഞ്ച് പേർ പൂജ്യത്തിന് പുറത്തായപ്പോൾ മൂന്ന് പേർ ഒറ്റയക്കത്തിന് പുറത്തായി. 20 റൺസ് നേടിയ ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ന്യൂസീലൻഡിനായി മാറ്റ് ഹെൻറി അഞ്ചും വില്ല്യം ഒറൂർകെ നാലും വിക്കറ്റ് വീഴ്ത്തി.

Also Read : IND vs NZ : ന്യൂസീലൻഡിനെതിരെ ഇന്ത്യയ്ക്ക് രോഹിതിനെയും കോലിയെയും നഷ്ടം; ബെംഗളൂരുവിൽ മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത

2 റൺസ് നേടിയ രോഹിത് ശർമയുടെ കുറ്റിപിഴുത് ടിം സൗത്തിയാണ് ന്യൂസീലൻഡിൻ്റെ വിക്കറ്റ് വേട്ട ആരംഭിച്ചത്. പിന്നെ സൗത്തി ചിത്രത്തിലുണ്ടായില്ല. സൗത്തിയ്ക്ക് ചേഞ്ചായി വന്ന വില്ല്യം ഒറൂർകെയും മാറ്റ് ഹെൻറിയും ചേർന്ന് ഇന്ത്യയെ തകർത്തെറിഞ്ഞു. കോലി (0), സർഫറാസ് (0) എന്നിവർ പുറത്തായതോടെ ക്രീസിലെത്തിയ ഋഷഭ് പന്തും യശസ്വി ജയ്സ്വാളും ചേർന്ന് നേടിയ 21 റൺസാണ് ഇന്ത്യൻ ടീമിലെ ഉയർന്ന കൂട്ടുകെട്ട്. ജയ്സ്വാൾ മടങ്ങിയതോടെ വീണ്ടും വിക്കറ്റ് ഘോഷയാത്ര. രാഹുൽ, ജഡേജ, അശ്വിൻ എന്നിവർ റൺസൊന്നുമെടുക്കാതെ പുറത്തായി. കുൽദീപ് യാദവിനെ അവസാന വിക്കറ്റായി മടക്കി മാറ്റ് ഹെൻറി തൻ്റെ അഞ്ച് വിക്കറ്റ് നേട്ടവും തികച്ചു.

പല മോശം റെക്കോർഡുകളും ഈ പ്രകടനത്തോടെ ഇന്ത്യ സ്വന്തം പേരിലാക്കി. സ്വന്തം നാട്ടിൽ ഇന്ത്യയുടെ ഏറ്റവും ചെറിയ ഇന്നിംഗ്സ് സ്കോറാണിത്. 1987ൽ വെസ്റ്റ് ഇൻഡീസിനെതിരെ ഡൽഹിയിൽ 75 റൺസിന് ഓൾ ഔട്ടായതാണ് ഇതിന് മുൻപ് ഇന്ത്യയുടെ മോശം സ്കോർ. ഇന്ത്യയുടെ ഏറ്റവും ചെറിയ ഇന്നിംഗ്സ് ടോട്ടലുകളിൽ മൂന്നാം സ്ഥാനവും ഇന്ന് ടീം കുറിച്ചു. 2020ൽ ഓസ്ട്രേലിയക്കെതിരെ അഡലെയ്ഡിൽ 36 റൺസിന് പുറത്തായതാണ് പട്ടികയിൽ ഒന്നാമത്. 1974ൽ ലോർഡ്സിൽ ഇംഗ്ലണ്ടിനെതിരെ 42ന് പുറത്തായത് രണ്ടാമതുണ്ട്. ഏഷ്യയിലെ ഏറ്റവും ചെറിയ ഇന്നിംഗ്സ് സ്കോറാണ് ഇത്. മുൻപ് പാകിസ്താൻ സ്വന്തമാക്കിയിരുന്ന റെക്കോർഡുകളാണ് ഇന്ത്യ കൈവശപ്പെടുത്തിയത്. 1986ൽ വെസ്റ്റ് ഇൻഡീസിനെതിരെ ഫൈസലാബാദിലും 2002ൽ ഷാർജയിൽ ഓസ്ട്രേലിയക്കെതിരെയും 53 റൺസിനാണ് പാകിസ്താൻ പുറത്തായത്. 15 റൺസിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെൻറി ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ന്യൂസീലൻഡ് ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസീലൻഡ് വിക്കറ്റ് നഷ്ടമില്ലാതെ 21 റൺസ് നേടിയിട്ടുണ്ട്. മുഹമ്മദ് സിറാജിനെയും ജസ്പ്രീത് ബുംറയെയും അനായാസം നേരിടുന്ന ഓപ്പണർമാർ ഒരു വമ്പൻ സ്കോറാണ് ലക്ഷ്യമിടുന്നത് എന്ന് വ്യക്തം. ഒരു ദിവസം മഴ പെയ്ത പിച്ചിൽ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചതും പേസർ ആകാശ് ദീപിന് പകരം സ്പിന്നർ കുൽദീപ് യാദവിനെ ടീമിലെത്തിച്ചതും ഇതിനകം ചർച്ചയായിട്ടുണ്ട്.

Also Read : Ind vs NZ : ഒറ്റക്കയ്യിലൊരു അസാമാന്യ ക്യാച്ച്; സർഫറാസിനെ പുറത്താക്കാൻ കോൺവേയുടെ ‘പറക്കൽ’

ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിൽ നിർണായകമാണ് ന്യൂസീലൻഡിനെതിരായ ഇന്നത്തെ മത്സരം. പട്ടികയിൽ ഒന്നാമതുണ്ടെങ്കിലും ഒരു സമനില പോലും ഈ സാധ്യതകൾക്ക് മങ്ങലേൽപിക്കും. അതുകൊണ്ട് തന്നെ മത്സരത്തിൽ വിജയം തന്നെയാണ് ഇന്ത്യയുടെ ലക്ഷ്യം. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ രണ്ട് ദിവസം മഴയിൽ നഷ്ടമായിട്ടും ആക്രമിച്ചുകളിച്ച് ഇന്ത്യ ജയം നേടിയിരുന്നു. എന്നാൽ, ഇനി കളി സമനിലയാക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം.

ടീമുകൾ:

ന്യൂസീലൻഡ്: Tom Latham, Devon Conway, Will Young, Rachin Ravindra, Daryl Mitchell, Tom Blundell Glenn Phillips, Matt Henry, Tim Southee, Ajaz Patel, William ORourke

ഇന്ത്യ : Rohit Sharma, Yashasvi Jaiswal, KL Rahul, Virat Kohli, Sarfaraz Khan, Rishabh Pant, Ravindra Jadeja, Ravichandran Ashwin, Kuldeep Yadav, Jasprit Bumrah, Mohammed Siraj

മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിൽ ഉള്ളത്. ഒക്ടോബർ 24 മുതൽ 28 വരെ പൂനെയിൽ രണ്ടാം ടെസ്റ്റും നവംബർ 1 മുതൽ 5 വരെ മുംബൈയിൽ അവസാന ടെസ്റ്റും നടക്കും.