IND vs NZ : ന്യൂസീലൻഡിനെതിരെ ഇന്ത്യയ്ക്ക് രോഹിതിനെയും കോലിയെയും നഷ്ടം; ബെംഗളൂരുവിൽ മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത
India Lost Rohit Sharma vs New Zealand : ന്യൂസീലൻഡിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് മോശം തുടക്കം. രണ്ട് റൺസ് മാത്രം നേടിയ ക്യാപ്റ്റൻ രോഹിത് ശർമയെ ടിം സൗത്തി പുറത്താക്കി. വെറും 9 റൺസ് മാത്രമാണ് സ്കോർ ബോർഡിലുള്ളത്.
ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മഴ കാരണം ആദ്യ ദിനം നഷ്ടമായ മത്സരത്തിൻ്റെ രണ്ടാം ദിനമാണ് ഇന്ന്. യുവതാരം ശുഭ്മൻ ഗിൽ പരിക്കേറ്റ് പുറത്തായി. ഗില്ലിന് പകരം സർഫറാസ് ഖാൻ ടീമിലെത്തി. ആകാശ് ദീപിന് പകരം കുൽദീപ് യാദവും കളിക്കും. നിലവിൽ മഴ പെയ്യുന്നില്ലെങ്കിലും മഴ പെയ്യാനുള്ള സാധ്യതയുണ്ട്. കാർമേഘം മൂടിയിരിക്കുന്നതിനാൽ സ്റ്റേഡിയത്തിലെ ഫ്ലഡ്ലൈറ്റുകൾ തെളിയിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.
ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും പുറത്തായി. രണ്ട് റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമയാണ് പവലിയനിലേക്ക് മടങ്ങിയത്. ടിം സൗത്തിയ്ക്കാണ് വിക്കറ്റ്. പിന്നാലെ റൺസൊന്നുമെടുക്കാതെ വിരാട് കോലിയും മടങ്ങി. വില്ല്യം ഒറൂർക്കെയാണ് വിക്കറ്റ് നേടിയത്. ഗില്ലിൻ്റെ അഭാവത്തിൽ വിരാട് കോലി മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്തത്. തുടക്കം മുതൽ തകർത്ത് പന്തെറിയുന്ന ന്യൂസീലൻഡ് ഇന്ത്യൻ ബാറ്റർമാരെ തുടരെ പരീക്ഷിക്കുകയാണ്.
Also Read : IPL 2025 : ധോണിയെ അല്ല, അൺകാപ്പ്ഡ് താരമായി ചെന്നൈ ഈ യുവതാരത്തെ നിലനിർത്തണം; ഉപദേശവുമായി ആർ അശ്വിൻ
ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിൽ നിർണായകമാണ് ഇന്നത്തെ മത്സരം. നിലവിൽ, പട്ടികയിൽ ഒന്നാമതുണ്ടെങ്കിലും ഒരു സമനില പോലും ഈ സാധ്യതകളിൽ മങ്ങലേൽപിക്കും. അതുകൊണ്ട് തന്നെ മത്സരത്തിൽ ഫലമുണ്ടാവേണ്ടതുണ്ട്. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ രണ്ട് ദിവസം മഴയിൽ നഷ്ടമായിട്ടും ആക്രമിച്ചുകളിച്ച് ഇന്ത്യ ജയം നേടിയിരുന്നു. ഈ കളിയിൽ എന്താവും ഇന്ത്യയുടെ പ്ലാൻ എന്നത് കണ്ടറിയേണ്ടതുണ്ട്.
ടീമുകൾ:
ന്യൂസീലൻഡ്: Tom Latham, Devon Conway, Will Young, Rachin Ravindra, Daryl Mitchell, Tom Blundell Glenn Phillips, Matt Henry, Tim Southee, Ajaz Patel, William ORourke
ഇന്ത്യ : Rohit Sharma, Yashasvi Jaiswal, KL Rahul, Virat Kohli, Sarfaraz Khan, Rishabh Pant, Ravindra Jadeja, Ravichandran Ashwin, Kuldeep Yadav, Jasprit Bumrah, Mohammed Siraj
മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിൽ ഉള്ളത്. ഒക്ടോബർ 24 മുതൽ 28 വരെ പൂനെയിൽ രണ്ടാം ടെസ്റ്റും നവംബർ 1 മുതൽ 5 വരെ മുംബൈയിൽ അവസാന ടെസ്റ്റും നടക്കും.