India vs Bangladesh: ഉന്നാൽ മുടിയാത് തമ്പി ! കളം നിറഞ്ഞ് സ്പിന്നർമാർ, ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ടി20 പരമ്പര
India vs Bangladesh: നേരത്തെ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് 221 റൺസ് അടിച്ചെടുത്തത്. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുക്കാനേ ബംഗ്ലാദേശിന് സാധിച്ചുള്ളൂ.
ന്യൂഡൽഹി: ബംഗ്ലാദേശ് തങ്ങൾക്കൊത്ത ടീമല്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ച് ടീം ഇന്ത്യ. സ്പിന്നർമാർ കളം നിറഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെതിരായ പരമ്പര ഇന്ത്യൻ യുവനിര സ്വന്തമാക്കിയത് 86 റൺസിന്. ഇന്ത്യയുർത്തിയ 222 റൺസ് വിജയതീരത്തേക്ക് അടുക്കാൻ ബംഗ്ലാ കടുവകൾക്കായില്ല. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുക്കാനേ സന്ദർശകർക്ക് സാധിച്ചുള്ളൂ. നിതീഷ് റെഡ്ഡിയാണ് കളിയിലെ താരം.
അന്താരാഷ്ട്ര കരിയറിലെ അവസാന ടി20 പരമ്പരയ്ക്കിറങ്ങിയ മഹ്മൂദുല്ലയാണ് (41) ബംഗ്ലദേശിന്റെ ടോപ് സ്കോറർ. 39 പന്തിൽ മൂന്നു സിക്സറുകൾ ഉൾപ്പെടുന്നതായിരുന്നു മഹ്മൂദുല്ലയുടെ ഇന്നിംഗ്സ്. പർവേസ് ഹുസൈൻ ഇമോൻ (16), ലിറ്റൺ ദാസ് (14), നജ്മുൽ ഷാന്റോ (11), മെഹ്ദി ഹസൻ മിറാസ് (16) എന്നിവരാണ് ബംഗ്ലാനിരയിൽ രണ്ടക്കം കടന്ന താരങ്ങൾ. തൗവീദ് ഹ്രിദോയ് (2), ജാകർ അലി (1), റിഷാദ് ഹുസൈൻ (9), തൻസിം ഹസൻ സാകിബ് (8) എന്നിവർ നിരാശപ്പെടുത്തി. ടസ്കിൻ അഹമ്മദും(5), മുസ്താഫിസുർ റഹ്മാനും (1) പുറത്താകാതെ നിന്നു.
നാല് ഓവറിൽ 19 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത വരുൺ ചക്രവർത്തി ടി20യിലേയ്ക്കുള്ള തന്റെ മടങ്ങി വരവ് മനോഹരമാക്കി. നാല് ഓവറിൽ 23 റൺസ് വഴങ്ങി രണ്ട് പേരെ മടക്കി നിതീഷും ബൗളിംഗിൽ തിളങ്ങി. വാഷിംഗ്ടൺ സുന്ദർ, അഭിഷേക് ശർമ്മ, റിയാൻ പരാഗ്, അർഷ്ദീപ് സിംഗ്, മായങ്ക് യാദവ് എന്നിവരും ഓരോ വിക്കറ്റ് സ്വന്തമാക്കി.
നേരത്തെ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് 221 റൺസ് അടിച്ചെടുത്തത്. മുൻനിര തകർന്ന മത്സരത്തിൽ നിതീഷ് റെഡ്ഡിയുടെയും റിങ്കു സിംഗും നടത്തിയ വെട്ടിക്കെട്ട് പ്രകടനമാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് എത്തിച്ചത്. രാജ്യാന്തര കരിയറിലെ രണ്ടാമത്തെ മത്സരത്തിനിറങ്ങിയ നിതീഷിന്റെ (74) കന്നി അർദ്ധ സെഞ്ച്വറിയാണ്. 34 പന്തിൽ 74 റൺസെടുത്ത നിതീഷിന്റെ ഇന്നിംഗ്സിൽ 7 സിക്സറുകളും 4 ബൗണ്ടറികളും ഉൾപ്പെടുന്നു. 23 പന്തിൽ നിന്നാണ് റിങ്കു സിംഗ് 53 റൺസ് നേടിയത്. ഇരുവരുടെയും പാർട്ണർഷിപ്പിൽ പിറന്നത് 108 റൺസ്. ഹാർദിക് പാണ്ഡ്യ (32), റിയാൻ പരാഗ് (15) എന്നിവരും ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തേക്കി.
മലയാളി താരം സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തി. ആദ്യ ഓവറിൽ രണ്ട് ബൗണ്ടറികളുമായി തിളങ്ങിയ താരം ഏഴു പന്തിൽ 10 റൺസുമായി പുറത്തായി. അഭിഷേക് ശർമ (15) സൂര്യകുമാർ യാദവ് (8) എന്നിവർ മടങ്ങിയതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ മടങ്ങി വരവ്. വരുൺ ചക്രബർത്തി(0) അർഷദീപ് സിംഗ്(6) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായ താരങ്ങൾ.