IND vs AUS: സിഡ്നിയിൽ ഇന്ത്യക്ക് ബാറ്റിംഗ്, മോശം തുടക്കം; ഓപ്പണർമാർ മടങ്ങി
Sydney Test: 5-ാം ടെസ്റ്റിൽ പുറത്തിരിക്കാൻ തീരുമാനിച്ച രോഹിത് ശർമ്മയ്ക്ക് പകരം, ജസ്പ്രീത് ബുമ്രയാണ് ടീം ഇന്ത്യയെ നയിക്കുന്നത്. രോഹിത് പുറത്തിരിക്കാൻ സ്വയം തീരുമാനിക്കുകയായിരുന്നെന്നും ടീമിന്റെ ഐക്യമാണ് ഇത് ചൂണ്ടികാണിക്കുന്നതെന്നും ബുമ്ര വ്യക്തമാക്കി.
സിഡ്നി: ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന മത്സരം കളിക്കാനിറങ്ങിയ ഇന്ത്യക്ക് തിരിച്ചടി. 10 ഓവർ പിന്നിടുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് എന്ന നിലയിലാണ്. ഓപ്പണർമാരായ യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. യശസ്വി ജയ്സ്വാൾ 10 റൺസെടുത്തും കെ എൽ രാഹുൽ 4 റൺസെടുത്തും മടങ്ങുകയായിരുന്നു. മിച്ചൽ സ്റ്റാർക്ക്, സ്കോട്ട് ബോളണ്ട് എന്നിവർക്കാണ് വിക്കറ്റ്. ശുഭ്മാൻ ഗിൽ (13), വിരാട് കോലി(9) എന്നിവരാണ് ക്രീസിൽ.
ഓസ്ട്രേലിയയ്ക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സിഡ്നിയിൽ രണ്ട് മാറ്റങ്ങളുമായാണ് ടീം ഇന്ത്യ കളിക്കാൻ ഇറങ്ങുന്നത്. ക്യാപ്റ്റൻ രോഹിത് ശർമ്മയും പരിക്കേറ്റ ആകാശ്ദീപും അഞ്ചാം ടെസ്റ്റ് കളിക്കുന്നില്ല. രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി മൂന്നാം നമ്പറിൽ ശുഭ്മൻ ഗില്ലും പ്രസിദ്ധ് കൃഷ്ണയും പ്ലേയിംഗ് ഇലവനിൽ ഇടംപിടിച്ചു.
5-ാം ടെസ്റ്റിൽ പുറത്തിരിക്കാൻ തീരുമാനിച്ച രോഹിത് ശർമ്മയ്ക്ക് പകരം, ജസ്പ്രീത് ബുമ്രയാണ് ടീം ഇന്ത്യയെ നയിക്കുന്നത്. രോഹിത് പുറത്തിരിക്കാൻ സ്വയം തീരുമാനിക്കുകയായിരുന്നെന്നും ടീമിന്റെ ഐക്യമാണ് ഇത് ചൂണ്ടികാണിക്കുന്നതെന്നും ബുമ്ര വ്യക്തമാക്കി. സിഡ്നി ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. 31-കാരൻ ഓൾറൗണ്ടർ ബ്യൂ വെബ്‌സ്റ്ററെ ഓസ്ട്രേലിയ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റ മിച്ചൽ മാർഷും ടീമിൽ ഉണ്ട്.
ടീം ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, ശുഭ്മൻ ഗിൽ, വിരാട് കോലി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുമ്ര (ക്യാപ്റ്റൻ), മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
ടീം ഓസ്ട്രേലിയ പ്ലേയിംഗ് ഇലവൻ: സാം കോൺസ്റ്റാസ്, ഉസ്മാൻ ഖവാജ, മാർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്സ്റ്റർ, അലക്സ് ക്യാരി, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നേഥൻ ലയൺ, സ്കോട്ട് ബോളണ്ട്.
താളം കണ്ടെത്താൻ പാടുപെടുന്ന വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനും ഇന്നത്തെ മത്സരം നിർണായകമാണ്. കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലും അലക്ഷ്യമായ ഷോട്ടുകൾ കളിച്ചു മടങ്ങിയ പന്തിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. പരിശീലന മത്സരത്തിലും നെറ്റ്സിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ധ്രുവ് ജുറേലിന് ഇതുവരെ പ്ലേയിംഗ് ഇലവനിൽ അവസരം നൽകിയിട്ടില്ല.
ഡ്രസിംഗ് റൂമിലെ സംഭാഷണങ്ങൾ പുറത്ത്, തുറന്നടിച്ച് ഗംഭീർ
ടീമിന്റെ ഡ്രസിംഗ് റൂമിലെ ചർച്ചകൾ പുറത്തുപോകുന്നതിനെതിരെ പ്രതിഷേധവുമായി പരിശീലകൻ ഗൗതം ഗംഭീർ. ‘ഡ്രസിംഗ് റൂമിലുണ്ടാകുന്ന ചർച്ചകൾ അവിടെ തന്നെ അവസാനിക്കണം. ആ സംഭാഷണങ്ങൾ പൊതുമധ്യത്തിലേക്ക് എത്തിക്കേണ്ട യാതൊരു ആവശ്യവുമില്ല. ഡ്രസിംഗ് റൂം വെെകാരികമായ പല സംഭവങ്ങൾക്കും വേദിയായേക്കാം. അത് പുറത്ത് ചർച്ച ചെയ്യേണ്ട കാര്യമില്ല. ഡ്രസിംഗ് റൂമിൽ ആത്മാർഥതയുള്ള ആളുകൾ ഉള്ളിടത്തോളം കാലം ഇന്ത്യൻ ക്രിക്കറ്റിന് യാതൊന്നും സംഭവിക്കില്ലെന്നും ഗംഭീർ പറഞ്ഞു.