5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IND vs NZ : ഇന്ത്യൻ ബാറ്റർമാർക്ക് രചിൻ രവീന്ദ്രയുടെ സ്റ്റഡി ക്ലാസ്; ബൗളിംഗ് പിച്ച് ബാറ്റിംഗ് പിച്ചാക്കി ന്യൂസീലൻഡിന് കൂറ്റൻ ലീഡ്

Rachin Ravindra Scores Century : രചിൻ രവീന്ദ്രയുടെ തകർപ്പൻ സെഞ്ചുറി തുണയായപ്പോൾ ഇന്ത്യക്കെതിരെ ന്യൂസീലൻഡിന് വമ്പൻ ലീഡ്. ആദ്യ ഇന്നിംഗ്സിൽ 356 റൺസിൻ്റെ ലീഡാണ് ന്യൂസീലൻഡിനുള്ളത്.

IND vs NZ : ഇന്ത്യൻ ബാറ്റർമാർക്ക് രചിൻ രവീന്ദ്രയുടെ സ്റ്റഡി ക്ലാസ്; ബൗളിംഗ് പിച്ച് ബാറ്റിംഗ് പിച്ചാക്കി ന്യൂസീലൻഡിന് കൂറ്റൻ ലീഡ്
രചിൻ രവീന്ദ്ര (Image Credits - PTI)
abdul-basith
Abdul Basith | Published: 18 Oct 2024 13:35 PM

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ന്യൂസീലൻഡിന് കൂറ്റൻ സ്കോർ. ഒന്നാം ഇന്നിംഗ്സിൽ 402 റൺസിന് ഓൾ ഔട്ടായ ന്യൂസീലൻഡിന് നിലവിൽ 356 റൺസ് ലീഡുണ്ട്. 134 റൺസ് നേടിയ ഇന്ത്യൻ വംശജൻ രചിൻ രവീന്ദ്രയാണ് ന്യൂസീലൻഡിൻ്റെ തിരിച്ചടിയ്ക്ക് നേതൃത്വം നൽകിയത്. ഡെവോൺ കോൺവേ (91), ടിം സൗത്തി (65) എന്നിവരും കിവീസിനായി തിളങ്ങി. ഇന്ത്യക്കായി കുൽദീപ് യാദവും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ടര ദിവസം അവശേഷിക്കെ മത്സരത്തിന് ഫലമുണ്ടാവാനുള്ള സാധ്യത ഏറെയാണ്.

Also Read : Ind vs Nz : എറിഞ്ഞൊടിച്ച് കിവീസ്; 46 റൺസിൽ മുട്ടുമുടക്കി ഇന്ത്യ; ചരിത്രത്തിലെ മൂന്നാമത്തെ ചെറിയ സ്കോർ

ഇന്ത്യൻ ബാറ്റർമാർ 46 റൺസിന് തകർന്നടിഞ്ഞ പിച്ചിൽ അനായാസമായിരുന്നു കിവീസിൻ്റെ പ്രകടനം. ടോം ലാതം (15) വേഗം മടങ്ങിയെങ്കിലും ആദ്യ വിക്കറ്റിൽ ഡെവോൺ കോൺവെയുമൊത്ത് 67 റൺസ് കൂട്ടിച്ചേർത്തിരുന്നു. രണ്ടാം വിക്കറ്റിൽ വിൽ യങും കോൺവേയും ചേർന്ന് 75 റൺസ് കൂട്ടിച്ചേർത്തു. 33 റൺസെടുത്താണ് യങ് മടങ്ങിയത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ കോൺവേ സെഞ്ചുറിയിലേക്ക് കുതിക്കെ അശ്വിന് മുന്നിൽ വീണു. 91 റൺസെടുത്താണ് താരം പുറത്തായത്. രണ്ടാം ദിവസം അവസാനിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് എന്നതായിരുന്നു കിവീസിൻ്റെ സ്കോർ.

മൂന്നാം ദിവസം തുടരെ വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യ മത്സരത്തിലേക്ക് തിരികെവന്നു. ഡാരിൽ മിച്ചൽ (18), ടോം ബ്ലണ്ടൽ (5), ഗ്ലെൻ ഫിലിപ്സ് (14), മാറ്റ് ഹെൻറി (8) എന്നിവർ വേഗം വീണതോടെ ന്യൂസീലൻഡ് 7 വിക്കറ്റ് നഷ്ടത്തിൽ 233 റൺസെന്ന നിലയിലേക്ക് കൂപ്പുകുത്തി. പിന്നാലെ എട്ടാം വിക്കറ്റിൽ ടിം സൗത്തിയെ കൂട്ടുപിടിച്ച് രചിൻ രവീന്ദ്ര നടത്തിയത് ഒരു അസാമാന്യ പോരാട്ടമായിരുന്നു. തുടക്കത്തിൽ സാവധാനം കളിച്ച രചിൻ പിന്നീട് ആക്രമണത്തിലേക്ക് ചുവടുമാറ്റി. രചിന് പിന്തുണ നൽകി കളിച്ചിരുന്ന സൗത്തിയും പിന്നീട് ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ചു. എട്ടാം വിക്കറ്റിൽ 137 റൺസിൽ പങ്കായതിന് ശേഷമാണ് സൗത്തി മടങ്ങുന്നത്. ഇതിനിടെ രചിൻ സെഞ്ചുറിയും സൗത്തി ഫിഫ്റ്റിയും തികച്ചു. അജാസ് പട്ടേൽ (4) വേഗം വീണെങ്കിലും തുടരെ ബൗണ്ടറികൾ നേടിയ രചിൻ രവീന്ദ്ര ന്യൂസീലൻഡിനെ 400 കടത്തി. ഒടുവിൽ കുൽദീപ് യാദവാണ് രചിനെ വീഴ്ത്തി കിവീസ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്. 157 പന്തിൽ 134 റൺസ് നേടിയാണ് അവസാന വിക്കറ്റായി രചിൻ രവീന്ദ്ര മടങ്ങിയത്.

ആദ്യ ഇന്നിംഗ്സിൽ വെറും 46 റൺസിന് ഇന്ത്യ പുറത്തായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കായി വെറും രണ്ട് പേരാണ് ഇരട്ടയക്കം കടന്നത്. വിരാട് കോലി ഉൾപ്പെടെ അഞ്ച് പേർ പൂജ്യത്തിന് പുറത്തായി. മൂന്ന് പേർ ഒറ്റയക്കത്തിനും വീണു. 20 റൺസ് നേടിയ ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ന്യൂസീലൻഡിനായി മാറ്റ് ഹെൻറി അഞ്ചും വില്ല്യം ഒറൂർകെ നാലും വിക്കറ്റ് വീഴ്ത്തി.

Also Read : Ind vs NZ : ഒറ്റക്കയ്യിലൊരു അസാമാന്യ ക്യാച്ച്; സർഫറാസിനെ പുറത്താക്കാൻ കോൺവേയുടെ ‘പറക്കൽ’

2 റൺസ് നേടിയ രോഹിത് ശർമയുടെ കുറ്റിപിഴുത് ടിം സൗത്തിയാണ് ന്യൂസീലൻഡിൻ്റെ വിക്കറ്റ് വേട്ട ആരംഭിച്ചത്. പിന്നാലെ വില്ല്യം ഒറൂർകെയും മാറ്റ് ഹെൻറിയും ചേർന്ന് ഇന്ത്യയെ പൊരുതാൻ പോലും അനുവദിക്കാതെ ചുരുട്ടിക്കൂട്ടി. ഋഷഭ് പന്തും യശസ്വി ജയ്സ്വാളും ചേർന്ന് നേടിയ 21 റൺസാണ് ഇന്ത്യൻ ടീമിലെ ഉയർന്ന കൂട്ടുകെട്ട്. ജയ്സ്വാൾ മടങ്ങിയതോടെ വീണ്ടും ബാറ്റിംഗ് തകർച്ചയുണ്ടായി. കോലി, സർഫറാസ്, രാഹുൽ, ജഡേജ, അശ്വിൻ എന്നിവർ റൺസൊന്നുമെടുക്കാതെ പുറത്തായി. കുൽദീപ് യാദവിനെ വീഴ്ത്തിയാണ് മാറ്റ് ഹെൻറി അഞ്ച് വിക്കറ്റ് നേട്ടം തികച്ചത്. ആദ്യ ഇന്നിംഗ്സിൽ കനത്ത തിരിച്ചടിയേറ്റതോടെ ഇന്ത്യ ഇന്നിംഗ്സ് തോൽവിയുടെ ഭീഷണിയിലാണ്. ഇന്നിംഗ്സ് പരാജയം സംഭവിച്ചാൽ അത് ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സ്ഥാനത്തെ സാരമായി ബാധിക്കും.