5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ind vs Nz : ഏഴ് വിക്കറ്റ് നേട്ടവുമായി വാഷിംഗ്ടൺ സുന്ദർ; കോൺവേയ്ക്കും രചിനും ഫിഫ്റ്റി; കിവീസ് 259ന് ഓൾ ഔട്ട്

Washington Sundar Claims 6 Wicket Haul : ന്യൂസീലൻഡിനെതിരെ ഏഴ് വിക്കറ്റ് നേട്ടവുമായി വാഷിംഗ്ടൺ സുന്ദർ. സുന്ദറിൻ്റെ തകർപ്പൻ പ്രകടനത്തിൻ്റെ പശ്ചാത്തലത്തിൽ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ന്യൂസീലൻഡ് 259 റൺസെടുക്കുന്നതിനിടെ ഓൾ ഔട്ടായി. കിവീസിനായി രചിൻ രവീന്ദ്രയും ഡെവോൺ കോൺവെയും ഫിഫ്റ്റിയടിച്ചു.

Ind vs Nz : ഏഴ് വിക്കറ്റ് നേട്ടവുമായി വാഷിംഗ്ടൺ സുന്ദർ; കോൺവേയ്ക്കും രചിനും ഫിഫ്റ്റി; കിവീസ് 259ന് ഓൾ ഔട്ട്
വാഷിംഗ്ടൺ സുന്ദർ (Image Credits - PTI)
abdul-basith
Abdul Basith | Published: 24 Oct 2024 15:47 PM

ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ന്യൂസീലൻഡ് 259 റൺസിന് ഓൾ ഔട്ട്. ഡെവോൺ കോൺവേയുടെയും രചിൻ രവീന്ദ്രയുടെയും തകർപ്പൻ ഫിഫ്റ്റികൾ ന്യൂസീലൻഡിന് തുണയായി. ഏഴ് വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടൺ സുന്ദറാണ് ഇന്ത്യൻ ആക്രമണത്തെ നയിച്ചത്. ബാക്കി മൂന്ന് വിക്കറ്റുകൾ നേടിയത് ആർ അശ്വിൻ ആണ്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസീലൻഡിനെതിരെ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. കെഎൽ രാഹുലിനെ പിന്തുണയ്ക്കുമെന്ന് പരിശീലകൻ ഗൗതം ഗംഭീർ പറഞ്ഞെങ്കിലും താരത്തിന് പകരം ശുഭ്മൻ ഗിൽ ടീമിൽ തിരികെയെത്തി. കഴിഞ്ഞ കളിയിൽ തകർപ്പൻ സെഞ്ചുറി നേടിയ സർഫറാസ് ഖാൻ ടീമിൽ തുടർന്നു. കുറച്ചുനാളായി മോശം ഫോമിലുള്ള മുഹമ്മദ് സിറാജിന് പകരം ആകാശ് ദീപും കുൽദീപ് യാദവിന് പകരം വാഷിംഗ്ടൺ സുന്ദറും ടീമിൽ ഇടം പിടിച്ചു.

Also Read : Zim vs Gm : ടീം ടോട്ടൽ 344; ജയിച്ചത് 290 റൺസിന്: ഇത് ഏകദിനത്തിലല്ല, ടി20യിൽ!

ക്യാപ്റ്റൻ ടോം ലാതമിനെ (15) മടക്കി അശ്വിനാണ് ന്യൂസീലൻഡിൻ്റെ വിക്കറ്റ് വേട്ട ആരംഭിച്ചത്. രണ്ടാം വിക്കറ്റിൽ ഡെവോൺ കോൺവെയും വിൽ യങും ചേർന്ന് 44 റൺസ് കൂട്ടിച്ചേർത്തു. കോൺവേയാണ് ആക്രമിച്ച് കളിച്ചത്. വിൽ യങിനെ (18) വീഴ്ത്തി അശ്വിൻ തന്നെ ഈ കൂട്ടുകെട്ട് പൊളിച്ചു. മൂന്നാം വിക്കറ്റിൽ കോൺവേയ്ക്കൊപ്പം രചിൻ രവീന്ദ്ര എത്തിയതോടെ ന്യൂസീലൻഡ് കളിയിൽ പിടിമുറുക്കി. ഒരു അശ്രദ്ധമായ ഷോട്ട് പോലും കളിക്കാതെ രവീന്ദ്രയും അനായാസം ബാറ്റ് ചെയ്ത് കോൺവേയും സ്കോർ ഉയർത്തി. ഇതിനിടെ കോൺവേ ഫിഫ്റ്റി തികച്ചു. 62 റൺസിൻ്റെ കൂട്ടുകെട്ടിലാണ് ഇരുവരും പങ്കാളികളായത്. ഈ കൂട്ടുകെട്ട് തകർക്കാനും അശ്വിൻ വേണ്ടിവന്നു. 76 റൺസെടുത്താണ് കിവി ഓപ്പണർ മടങ്ങിയത്.

നാലാം വിക്കറ്റിൽ ഡാരിൽ മിച്ചലിനെ കൂട്ടുപിടിച്ച് രവീന്ദ്ര ന്യൂസീലൻഡ് ഇന്നിംഗ്സ് മുന്നോട്ടുനയിച്ചു. സാവധാനം മുന്നോട്ടുപോയ ഈ കൂട്ടുകെട്ട് പൊളിച്ച് വാഷിംഗ്ടൺ സുന്ദർ ആണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്. 65 റൺസ് നേടിയ രചിൻ രവീന്ദ്ര മടങ്ങുമ്പോൾ 59 റൺസിൻ്റെ കൂട്ടുകെട്ടും അവസാനിച്ചു. പിന്നാലെ ടോം ബ്ലണ്ടൽ (3), ഡാരിൽ മിച്ചൽ (18), ഗ്ലെൻ ഫിലിപ്സ് (9), ടിം സൗത്തി (5) എന്നിവരെക്കൂടി വീഴ്ത്തി സുന്ദർ അഞ്ച് വിക്കറ്റ് നേട്ടം തികച്ചു.  അജാസ് പട്ടേൽ (4) സുന്ദറിൻ്റെ ആറാം വിക്കറ്റായി. അവസാന വിക്കറ്റുകളെ സംരക്ഷിച്ച് സ്കോർ ഉയർത്താൻ മിച്ചൽ സാൻ്റ്നർ ശ്രമിച്ചെങ്കിലും വാഷിംഗ്ടൺ സുന്ദർ പ്ലാൻ തകർത്തു. ന്യൂസീലൻഡിൻ്റെ അവസാന വിക്കറ്റായി. സാൻ്റ്നറെ (33) മടങ്ങിയ സുന്ദർ കിവീസിൻ്റെ അവസാന വിക്കറ്റും ഇതോടെ സ്വന്തമാക്കി.