IND vs AUS: കരിയറിൽ ആദ്യ ടെസ്റ്റ് സെഞ്ചുറിയുമായി നിതീഷ് കുമാർ റെഡ്ഡി; വാഷിംഗ്ടൺ സുന്ദറിന് ഫിഫ്റ്റി; മെൽബണിൽ പൊരുതി ഇന്ത്യ
Nitish Kumar Reddy Scores His First Test Century : മെൽബണിലെ നാലാം ടെസ്റ്റിൽ പൊരുതി ഇന്ത്യ. കരിയറിലെ കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ നിതീഷ് കുമാർ റെഡ്ഡിയാണ് ഇന്ത്യയെ ഫോളോ ഓണിൽ നിന്ന് രക്ഷിച്ചത്. നിതീഷ് 105 റൺസുമായി നോട്ടൗട്ടാണ്.
ഇന്ത്യയും ഏകദിനവും തമ്മിലുള്ള നാലാം ടെസ്റ്റിൽ പൊരുതി ഇന്ത്യ. ആദ്യ ഇന്നിംഗ്സിൽ 474 റൺസ് നേടി പുറത്തായ ഓസ്ട്രേലിയക്കെതിരെ മൂന്നാം ദിവസം വെളിച്ചക്കുറവ് കാരണം നേരത്തെ കളി നിർത്തുമ്പോൾ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 358 റൺസെന്ന നിലയിലാണ്. കരിയറിലാദ്യമായി ടെസ്റ്റ് സെഞ്ചുറി നേടിയ നിതീഷ് കുമാർ റെഡ്ഡിയാണ് ഇന്ത്യൻ ഇന്നിംഗ്സിലെ ഹീറോ. വാഷിംഗ്ടൺ സുന്ദർ 50 റൺസെടുത്ത് പുറത്തായി. ഇരുവരും ചേർന്ന എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഫോളോ ഓണിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചത്.
അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം കളി ആരംഭിച്ചത്. ആറാം വിക്കറ്റിൽ ഋഷഭ് പന്തും രവീന്ദ്ര ജഡേജയും ചേർന്ന് ഇന്ത്യൻ ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ശ്രമം നടത്തി. 32 റൺസാണ് ഈ സഖ്യം കൂട്ടിച്ചേർത്തത്. സ്കോട്ട് ബോളണ്ടിനെതിരെ അനാവശ്യമായ ഒരു ഷോട്ടിന് ശ്രമിച്ച് ഋഷഭ് പന്തും (28) നഥാൻ ലിയോണിന് മുന്നിൽ രവീന്ദ്ര ജഡേജയും (17) വീണു.
ഏഴ് വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് എന്ന നിലയിൽ ഫോളോ ഓൺ ഭീഷണി മുന്നിൽ കണ്ട ഇന്ത്യക്കായി എട്ടാം വിക്കറ്റിൽ വാഷിംഗ്ടൺ സുന്ദറും നിതീഷ് കുമാർ റെഡ്ഡിയും ഒത്തുചേർന്നു. വാഷിംഗ്ടൺ പ്രതിരോധത്തിലൂന്നിക്കളിച്ചപ്പോൾ നിതീഷ് ഇടയ്ക്കിടെ ബൗണ്ടറികൾ കണ്ടെത്തി. കഴിഞ്ഞ മത്സരങ്ങളിലെല്ലാം മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും പങ്കാളികളില്ലായതായതിനാൽ വിക്കറ്റ് നഷ്ടമായ നിതീഷിന് ഇത്തവണ വാഷിംടണിൽ ഉറച്ച പങ്കാളിയെ ലഭിച്ചു. ഇതോടെ താരം കരിയറിൽ ആദ്യ ഫിഫ്റ്റി തികച്ചു. ഓസീസ് ബൗളർമാരെ നേരിടുന്നതിൽ ഇരുവരും മികച്ചുനിന്നു. കൃത്യമായ ടെക്നിക്കും ക്ഷമയുമൊക്കെ ഇരുവരുടെയും ഇന്നിംഗ്സിലുണ്ടായിരുന്നു. 127 റൺസിൻ്റെ നിർണായക കൂട്ടുകെട്ടാണ് സഖ്യം എട്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ഒടുവിൽ ഫിഫ്റ്റിയ്ക്ക് പിന്നാലെ വാഷിംഗ്ടൺ സുന്ദറിനെ (50) വീഴ്ത്തി ലിയോൺ ഈ കൂട്ടുകെട്ട് പൊളിച്ചു.
ഈ സമയത്ത് നിതീഷ് കുമാർ റെഡ്ഡി 97 റൺസിലായിരുന്നു. 10ആം നമ്പരിലെത്തിയ ജസ്പ്രീത് ബുംറയ്ക്ക് ഏറെ സമയം ക്രീസിൽ തുടരാനായില്ല. ബുംറ മടങ്ങുമ്പോൾ നിതീഷിന് 99 റൺസ്. ഓവറിലെ ബാക്കിയുള്ള പന്തുകൾ പിടിച്ചുനിന്ന് സിറാജ് അടുത്ത ഓവറിൽ നിതീഷിന് സെഞ്ചുറിയടിക്കാൻ അവസരം നൽകി. സ്കോട്ട് ബോളണ്ടിനെ ബൗണ്ടറിയിലെത്തിച്ച് താരം സെഞ്ചുറി തികയ്ക്കുകയും ചെയ്തു. എംസിജിയിൽ, എട്ടാം നമ്പറിൽ സെഞ്ചുറിയടിക്കുന്ന ആദ്യ താരമാണ് നിതീഷ് കുമാർ റെഡ്ഡി. ഓസ്ട്രേലിയയിൽ സെഞ്ചുറി തികയ്ക്കുന്ന ആദ്യ എട്ടാം നമ്പർ താരം കൂടിയാണ് നിതീഷ്. ഒരു ഓവർ കൂടി എറിഞ്ഞപ്പോഴേക്കും വെളിച്ചക്കുറവ് കാരണം അമ്പയർമാർ കളി നിർത്താൻ തീരുമാനിക്കുകയായിരുന്നു.
ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിൽ നിന്ന് ഇനിയും 116 റൺസ് അകലെയാണ് ഇന്ത്യ. ഒരു വിക്കറ്റ് മാത്രമാണ് ഇനി ശേഷിക്കുന്നത്. ഓസ്ട്രേലിയയുടെ ലീഡ് നൂറിൽ താഴെ എത്തിക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം. ഈ ദിവസം കൂടാതെ രണ്ട് ദിവസമാണ് ഈ ടെസ്റ്റിൽ ഇനി അവശേഷിക്കുന്നത്.