Champions Trophy 2025 : ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങളിൽ യുഎഇയിൽ നടന്നേക്കും; ഇന്ത്യ – പാകിസ്താൻ മത്സരം ദുബായിൽ
Champions Trophy 2025 PCB Chooses UAE As Neutral Venue : ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിൽ നടത്താൻ ധാരണയായതായി റിപ്പോർട്ട്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ദുബായിലാവും നടക്കുക. അടുത്ത വർഷം ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെയാണ് ടൂർണമെൻ്റ്.
2025 ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിൽ നടന്നേക്കും. ഇക്കാര്യത്തിൽ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡും പിസിബിയുമായി ധാരണയായിക്കഴിഞ്ഞു എന്നാണ് വിവരം. ഇക്കാര്യം പിസിബിയെ അറിയിക്കുകയും ചെയ്തു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ദുബായിലാണ് നടക്കുക. അടുത്ത വർഷം ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെയാണ് ടൂർണമെൻ്റ് നടക്കുക. ടൂർണമെൻ്റിൻ്റെ മത്സരക്രമം ഉടൻ പുറത്തുവിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ.
എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഷെയ്ഖ് മുബാറക് അൽ നഹ്യാനും പിസിബിൻ ചെയർമാൻ മുഹ്സിൻ നഖ്‌വിയും ചേർന്നുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനിക്കപ്പെട്ടത്. ഷെയ്ഖ് മുബാറക് അൽ നഹ്യാൻ്റെ പാകിസ്താൻ സന്ദർശനത്തിനിടെയായിരുന്നു ചർച്ച. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആവേശകരമായ മത്സരത്തിന് ദുബായ് വേദിയാകുമെന്നാണ് സൂചനകൾ. ഈ മത്സരം ഫെബ്രുവരി 23ന് നടക്കാനാണ് സാധ്യത. അബുദാബിയിലും ഷാർജയിലും രണ്ട് രാജ്യാന്തര സ്റ്റേഡിയങ്ങൾ കൂടിയുണ്ടെങ്കിലും വലിയ സ്റ്റേഡിയമായതിനാൽ ദുബായ്ക്ക് നറുക്ക് വീഴുമെന്നാണ് റിപ്പോർട്ട്.
ഇനി മുതൽ എല്ലാ ഐസിസി ഇവൻ്റുകളിലും ഇന്ത്യയുടെയും പാകിസ്താൻ്റെയും മത്സരങ്ങൾ നടത്താൻ ന്യൂട്രൽ വേദികൾ വേണമെന്ന് ഐസിസി നിർദ്ദേശം നൽകിയിരുന്നു. അടുത്ത മൂന്ന് വർഷത്തേക്ക് ഇന്ത്യ പാകിസ്താനിലേക്കോ പാകിസ്താൻ ഇന്ത്യയിലേക്കോ വരില്ല. ചാമ്പ്യൻസ് ട്രോഫി, അടുത്ത വർഷം നടക്കാനിരിക്കുന്ന വനിതാ ഏകദിന ലോകകപ്പ്, 2026 പുരുഷ ടി20 ലോകകപ്പ് എന്നീ ടൂർണമെൻ്റുകളിലൊക്കെ ഇത് ബാധകമാണ്.
ഇക്കഴിഞ്ഞ ദിവസം ഇന്ത്യന്‍ പര്യടനത്തിനും, ചാമ്പ്യന്‍സ് ട്രോഫിക്കുമുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ടീമിനെ ചാമ്പ്യന്‍സ് ട്രോഫിക്കും നിലനിര്‍ത്തി. ടി20 ടീമില്‍ മാറ്റമുണ്ട്. ഇരു ടീമുകളെയും വിക്കറ്റ് കീപ്പർ ജോസ് ബട്ട്‌ലറാണ് നയിക്കുക. 2023 ലെ ഏകദിന ലോകകപ്പിന് ശേഷം, ഇതാദ്യമായി ഏകദിന ടീമിലേക്ക് ജോ റൂട്ട് മടങ്ങിയെത്തി. പരിക്കിനെ തുടര്‍ന്ന് ടെസ്റ്റ് ടീം ക്യാപ്റ്റൻ ബെന്‍ സ്റ്റോക്ക്‌സിനെ ടീമിൽ പരിഗണിച്ചില്ല. ജനുവരി – ഫെബ്രുവരി മാസങ്ങളിലായാണ് പര്യടനം.
ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കും, ചാമ്പ്യന്‍സ് ട്രോഫിക്കുമുള്ള ഇംഗ്ലണ്ട് ടീം: ജോസ് ബട്ട്‌ലർ, ജോഫ്ര ആർച്ചർ, ഗസ് അറ്റ്കിൻസൺ, ജേക്കബ് ബെഥേൽ, ഹാരി ബ്രൂക്ക്, ബ്രൈഡൻ കാർസെ, ബെൻ ഡക്കറ്റ്, ജാമി ഓവർട്ടൺ, ജാമി സ്മിത്ത്, ലിയാം ലിവിംഗ്സ്റ്റൺ, ആദിൽ റഷീദ്, ജോ റൂട്ട്, സാഖിബ് മഹ്മൂദ്, ഫിൽ സാൾട്ട്, മാർക്ക് വുഡ്.
ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീം : ജോസ് ബട്ട്‌ലർ, റെഹാൻ അഹമ്മദ്, ജോഫ്ര ആർച്ചർ, ഗസ് അറ്റ്കിൻസൺ, ജേക്കബ് ബെഥേൽ, ഹാരി ബ്രൂക്ക്, ബ്രൈഡൻ കാർസെ, ബെൻ ഡക്കറ്റ്, ജാമി ഓവർട്ടൺ, ജാമി സ്മിത്ത്, ലിയാം ലിവിംഗ്സ്റ്റൺ, ആദിൽ റഷീദ്, സാഖിബ് മഹ്മൂദ്, ഫിൽ സാൾട്ട്, മാർക്ക് വുഡ്.