R Ashwin: തനിക്കായി ആരും കണ്ണീർ പൊഴിക്കരുത്; ഗംഭീര വിടവാങ്ങൽ സൂപ്പർ സെലിബ്രിറ്റി സംസ്കാരത്തിന്റെ ഭാഗമെന്ന് ആർ അശ്വിൻ
R Ashwin Grand Farewell Remark: രാജ്യാന്തര കരിയറിൽ നിന്ന് വിരമിച്ചതിൽ ഒരു ശതമാനം പോലും ഞാൻ ഖേദിക്കുന്നില്ല. ഓഫ് സ്പിന്നറായ താൻ വീഴ്ത്തിയ 537 വിക്കറ്റുകളിൽ സന്തുഷ്ടനല്ലെങ്കിൽ പിന്നെ എന്തിലാണ് സന്തോഷിക്കുകയെന്നും മുൻ ഇന്ത്യൻ താരം ചോദിച്ചു.
ചെന്നൈ: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു കൊണ്ടായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള ആർ അശ്വിന്റെ വിടവാങ്ങാൽ. വിരമിക്കൽ പ്രഖ്യാപിച്ചതിന് പുറമെ താരം വിരമിക്കേണ്ട സമയം ഇതായിരുന്നില്ലെന്ന് മുൻതാരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് വിമർശമനമുയർത്തിയത്. ബോർഡർ ഗവാസ്കർ ട്രോഫിയുടെ ഭാഗമായി ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഗാബ ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിന് പിന്നാലെ അപ്രതീക്ഷിതമായി്ട്ടായിരുന്നു അശ്വിന്റെ വിരമിക്കൽ പ്രഖ്യാപനം. തന്റെ വിരമിക്കൽ പ്രഖ്യാപനത്തോട് കൂടുതൽ പ്രതികരിക്കാനും നാട്ടിൽ മടങ്ങി എത്തിയ ശേഷവും അശ്വിൻ തയ്യാറായിരുന്നില്ല. അത്തരത്തിൽ ആർ അശ്വിൻ യുട്യൂബ് ചാനലിൽ നടത്തിയ പരാമർശമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാ വിൽയം.
തന്റെ രാജ്യാന്തര കരിയറിൽ ഖേദിക്കേണ്ട ഒരു കാര്യവും തോന്നിയിട്ടില്ലെന്നും ഗംഭീര വിടവാങ്ങൽ എന്ന ആശയത്തിൽ താൻ വിശ്വസിക്കുന്നില്ലെന്നും ആർ. അശ്വിൻ പറഞ്ഞു. അശ്വിനെ ഇങ്ങനെയായിരുന്നില്ല യാത്രയാക്കേണ്ടിയിരുന്നതെന്നും ഹോം ഗ്രൗണ്ടിൽ വെച്ച് വിരമിക്കാൻ അസവരം നൽകണമായിരുന്നുവെന്നും കപിൽ ദേവ് പറഞ്ഞിരുന്നു. താരം ഗംഭീരമായ വിടവാങ്ങൽ മത്സരം അർഹിച്ചിരുന്നുവെന്ന മുൻ ഇന്ത്യൻ താരത്തിന്റെ പരാമർശത്തിനാണ് ആർ അശ്വിൻ ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്. ഗോപീനാഥ് യൂട്യൂബ് ഷോയിൽ പങ്കെടുക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം.
”എന്നെ സംബന്ധിച്ചിടത്തോളം, ഗംഭീരമായ വിടവാങ്ങലുകൾ എന്ന ആശയം തെറ്റാണ്, നിങ്ങൾ ആർക്കും വലിയ വിടവാങ്ങൽ ചടങ്ങുകൾ നൽകണമെന്ന് ഞാൻ കരുതുന്നില്ല. പ്രത്യേകിച്ച്, നിങ്ങൾ എനിക്കും ഒരു വലിയ യാത്രയയപ്പ് നൽകരുതെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. ആരും എനിക്ക് വേണ്ടി കണ്ണീർ പൊഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഗംഭീരമായ വിടവാങ്ങലും കണ്ണീർ പൊഴിക്കുന്നതും സൂപ്പർ സെലിബ്രിറ്റി സംസ്‌കാരത്തിന്റെ ഭാഗമാണെന്നാണ് ഞാൻ കരുതുന്നത്.”
“നാം എന്തിന് ഒരാളുടെ പുറകെ ഓടണം? നമ്മൾ ഒരാളുടെ പിറകെ ഓടുന്നത് അവരുടെ സ്നേഹം ലഭിക്കാൻ വേണ്ടിയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഒരാളുടെ നേട്ടങ്ങളിൽ നിന്നാകണം മറ്റുള്ളവർ പ്രചോദനം ഉൾക്കൊള്ളേണ്ടത്. എന്റെ നേട്ടങ്ങൾ ആഘോഷിക്കാൻ മാത്രമായി ഒരു മത്സരം സംഘടിപ്പിച്ചിട്ടുണ്ടെങ്കിൽ അത് കളിയെ അപകീർത്തിപ്പെടുത്തുന്നതായാണ് താൻ വിശ്വസിക്കുന്നതെന്നും അശ്വിൻ പറഞ്ഞു.
രാജ്യാന്തര കരിയറിൽ നിന്ന് വിരമിച്ചതിൽ ഒരു ശതമാനം പോലും ഞാൻ ഖേദിക്കുന്നില്ല. ഓഫ് സ്പിന്നറായ താൻ വീഴ്ത്തിയ 537 വിക്കറ്റുകളിൽ സന്തുഷ്ടനല്ലെങ്കിൽ പിന്നെ എന്തിലാണ് സന്തോഷിക്കുകയെന്നും മുൻ ഇന്ത്യൻ താരം ചോദിച്ചു. വിരമിക്കൽ പൂർണ്ണമായും തൻ്റെ തീരുമാനമാണെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിന്റെ അവസാനം മാത്രമാണിതെന്നും അശ്വിൻ വ്യക്തമാക്കി. “ഞാൻ എൻ്റെ ജീവിതത്തിൻ്റെ ഈ ഭാഗമാത്രമാണ് ഉപേക്ഷിച്ചത്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അദ്ധ്യായത്തിന്റെ ഫുൾ സ്റ്റോപ്പായിരുന്നു അത്. എനിക്ക് ഇനിയും ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കാം, യൂട്യൂബ് ചാനലിൽ വീഡിയോകൾ ചെയ്യാം, കോച്ചിംഗ് ഇഷ്ടമാണ്. ക്രിക്കറ്റ് ഉള്ളിടത്തോളം കാലം ഞാൻ സന്തോഷവാനായിരിക്കും”.- അശ്വിൻ പറഞ്ഞു.
ആരോടും ദേഷ്യമില്ല. വിരമിക്കലിന് ശേഷം ഒരൽപം പോലും ഞാൻ കരഞ്ഞിട്ടില്ല. വിരമിക്കലിന് തീരുമാനത്തിന് മറ്റാരും ഉത്തരവാദികളല്ല. ഇനി ആരെങ്കിലും ആ തീരുമാനത്തിന് പിന്നിൽ ഉണ്ടെങ്കിൽ തനിക്ക് അതിനെക്കുറിച്ച് അറിയില്ലെന്നും അശ്വിൻ കൂട്ടിച്ചേർത്തു. ഐപിഎൽ 2025 സീസണിൽ ചെന്നെെ സൂപ്പർ കിംഗ്സിന് വേണ്ടിയാണ് അശ്വിൻ സ്റ്റേഡിയത്തിൽ ഇറങ്ങുക.