Gautam Gambhir: ഗംഭീർ പുറത്തേയ്ക്ക്?; ടെസ്റ്റ് ടീമിനെ പരിശീലിപ്പിക്കാൻ മുൻ ഇന്ത്യൻ താരമെത്തുന്നു, റിപ്പോർട്ട്
Indian Cricket Team New Test coach: ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ ഇന്ത്യയുടെ പ്രകടനം മോശമായാൽ, ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഗംഭീർ തെറിച്ചേക്കുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദെെനിക് ജാഗരൺ റിപ്പോർട്ട് ചെയ്തു.
മുംബെെ: വലിയ പ്രതീക്ഷയിൽ രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായി 4 മാസങ്ങൾക്ക് മുമ്പ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക കുപ്പായമണിഞ്ഞ വ്യക്തിയാണ് ഗൗതം ഗംഭീർ. രാഷ്ട്രീയം ഉപേക്ഷിച്ച് പരിശീലക റോളിൽ എത്തിയെങ്കിലും ഗംഭീറിനെ സംബന്ധിച്ച് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ശ്രീലങ്കയിൽ ഏകദിന പരമ്പര നഷ്ടപ്പെട്ടതിന്റെ ക്ഷീണം മാറും മുമ്പ് സ്വന്തം മണ്ണിൽ ന്യൂസിലൻഡിനെതിരായ പരമ്പരയിലും സമ്പൂർണ തോൽവി. സീനിയർ താരങ്ങൾ നേരിട്ട വിമർശനങ്ങളെക്കാൾ കൂടുതലാണ് ഗംഭീറിന് നേരെ വരുന്ന ആരാധക രോക്ഷം.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് ഗംഭീർ എത്രനാളെന്ന് കണ്ടറിയണം. ടീം സെലക്ഷനിൽ ഉൾപ്പെടെയുള്ള ഗംഭീറിന്റെ പൂർണ സ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കുമെന്ന് റിപ്പോർട്ടുണ്ടെങ്കിലും ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ ഇന്ത്യയുടെ പ്രകടനം മോശമായാൽ, ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഗംഭീർ തെറിച്ചേക്കുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദെെനിക് ജാഗരൺ റിപ്പോർട്ട് ചെയ്തു. ഏകദിന, ട്വന്റി20 ടീമുകളെ ഗംഭീർ പരിശീലിപ്പിച്ചാലും ടെസ്റ്റ് ടീമിന്റെ പരിശീലക റോളിൽ പുതിയ ആൾ എത്തുമെന്നാണ് റിപ്പോർട്ട്.
ബോർഡർ ഗവാസ്കർ ട്രോഫി ഗംഭീറിനെ സംബന്ധിച്ച് ജീവൻ മരണ പോരാട്ടമായിരിക്കുമെന്ന് ഇതോടെ ഉറപ്പായി. അഞ്ച് ടെസ്റ്റുകളാണ് ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഉൾപ്പെടുന്നത്. നവംബർ 22-ന് പരമ്പരയ്ക്ക് തുടക്കമാകും. ന്യൂസിലൻഡിനെതിരെ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങിയതോടെയാണ് ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനൽ സ്വപ്നങ്ങൾ തുലാസിലായത്. നിലവിലെ ടീമിന്റെ പ്രകടനത്തിൽ ടീം ഇന്ത്യ ഫെെനലിന് യോഗ്യത നേടില്ലെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തൽ. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര 4-0 ജയിച്ചാൽ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനലിന് യോഗ്യത നേടും.
ഏകദിന, ടി20, ടെസ്റ്റ് ഫോർമാറ്റുകൾക്ക് ഒരു പരിശീലകനെയാണ് ബിസിസിഐ നിയമിക്കുന്നത്. എന്നാൽ പരിശീലക റോളിൽ ഗംഭീർ എത്തിയതോടെ ഏകദിന, ടി20 ടീമുകൾ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ടെങ്കിലും ടെസ്റ്റ് ടീമിന്റെ ഗ്രാഫ് താഴോട്ടാണെന്നാണ് വിലയിരുത്തൽ. സ്പിന്നിനെതിരെ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ടീമാണ് ഇന്ത്യയെന്നും ഒരു വിഭാഗം പറയുന്നു.
ഗംഭീറിന്റെ പകരക്കാരനായി ടെസ്റ്റ് ടീമിന്റെ പരിശീലകനായി ദേശീയ ക്രിക്കറ്റ് അക്കാദമി (എൻസിഎ) തലവനായ വിവിഎസ് ലക്ഷ്മണെ എത്തിക്കാനാണ് ബിസിസിഐയുടെ ശ്രമം. നിലവിൽ ദക്ഷിണാഫ്രിക്കൻ പര്യടനം നടത്തുന്ന ടി20 ടീമിനൊപ്പമാണ് ലക്ഷ്മൺ. ഗൗതം ഗംഭീർ ബോർഡർ ഗവാസ്കർ ട്രോഫിയ്ക്കായുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിനൊപ്പമായതിനാലാണ് ലക്ഷമണിന് ബിസിസിഐ ടെസ്റ്റ് ടീമിന്റെ താത്കാലിക ചുമതല നൽകിയത്. മലയാളി താരം സഞ്ജു സാംസണിന്റെ സെഞ്ച്വറി കരുത്തിൽ ആദ്യ മത്സരത്തിൽ 61 റൺസിന് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ ഉഗ്രൻ പ്രകടനം കാഴ്ചവച്ചിരുന്നു.