5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Euro Cup 2024 : യൂറോ സെമി ലൈനപ്പായി; സ്പെയിന് ഫ്രാൻസും ഇംഗ്ലണ്ടിന് നെതർലൻഡ്സും എതിരാളികൾ

Euro Cup 2024 Semifinals : യൂറോ കപ്പിൻ്റെ സെമി ഫൈനലിൽ സ്പെയിൻ ഫ്രാൻസിനെയും ഇംഗ്ലണ്ട് നെതർലൻഡ്സിനെയും നേരിടും. ക്വാർട്ടറിൽ ജർമ്മനിയെ കീഴടക്കിയാണ് സ്പെയിൻ എത്തിയത്. ഫ്രാൻസ് പോർച്ചുഗലിനെയും നെതർലൻഡ്സ് തുർക്കിയെയും ഇംഗ്ലണ്ട് സ്വിറ്റ്സർലൻഡിനെയും മറികടന്നു.

Euro Cup 2024 : യൂറോ സെമി ലൈനപ്പായി; സ്പെയിന് ഫ്രാൻസും ഇംഗ്ലണ്ടിന് നെതർലൻഡ്സും എതിരാളികൾ
Follow Us
abdul-basithtv9-com
Abdul Basith | Published: 07 Jul 2024 12:36 PM

യൂറോ കപ്പ് സെമി ലൈനപ്പായി. ആദ്യ സെമിയിൽ ഫ്രാൻസ് സ്പെയിനെയും രണ്ടാം സെമിയിൽ നെതർലൻഡ്സ് ഇംഗ്ലണ്ടിനെയും നേരിടും. ഈ മാസം 10, 11 തീയതികളായാണ് മത്സരങ്ങൾ. ക്വാർട്ടറിൽ സ്പെയിൻ കരുത്തരായ ജർമ്മനിയെ വീഴ്ത്തി എത്തുമ്പോൾ ഫ്രാൻസ് (France Won Against Portugal) തോല്പിച്ചത് പോർച്ചുഗലിനെയാണ്. നെതർലൻഡ്സ് തുർക്കിയെയും ഇംഗ്ലണ്ട് സ്വിറ്റ്സർലൻഡിനെയും മറികടന്നു.

ക്വാർട്ടറിൽ പോർച്ചുഗൽ – ഫ്രാൻസ് മത്സരവും ഇംഗ്ലണ്ട് – സ്വിറ്റ്സർലൻഡ് മത്സരവും പെനാൽറ്റി ഷൂട്ടൗട്ടിലാണ് തീരുമാനിക്കപ്പെട്ടത്. ഗോൾരഹിത മത്സരത്തിനൊടുവിൽ ഫ്രാൻസ് മൂന്നിനെതിരെ അഞ്ച് കിക്കുകൾ വലയിലാക്കി ലക്ഷ്യം കണ്ടു. 1-1 എന്ന സ്കോറിൽ ഷൂട്ടൗട്ടിലെത്തിയ ഇംഗ്ലണ്ട്- സ്വിറ്റ്സർലൻഡ് മത്സരവും 5-3 എന്ന സ്കോറിനാണ് തീരുമാനിക്കപ്പെട്ടത്. സ്പെയിൻ ജർമ്മനിയെ രണ്ടിനെതിരെ ഒരു ഗോളിനു കെട്ടുകെട്ടിച്ചു. നെതർലൻഡ് തുർക്കിയെയും രണ്ടിനെതിരെ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്.

സ്കോർ നില സൂചിപ്പിക്കുന്നതുപോലെ ശക്തമായിരുന്നു നെതർലൻഡ്സ് – തുർക്കി മത്സരം. ആദ്യ പകുതിയിൽ തുർക്കിക്കായിരുന്നു മുൻതൂക്കം. മനോഹരമായ ചില നീക്കങ്ങളിലൂടെ നെതർലൻഡ്സിനെ തുടരെ പരീക്ഷിച്ച തുർക്കി 35ആം മിനിട്ടിൽ ഓറഞ്ച് പടയെ ഞെട്ടിച്ച് ആദ്യ ഗോളടിച്ചു. ആർദ ഗുള്ളറിൻ്റെ ക്രോസിൽ നിന്ന് സാമെത് അകായ്ദിൻ ആണ് തുർക്കിക്കായി വല ചലിപ്പിച്ചത്.

Also Read : Copa America 2024: ഷൂട്ടൗട്ടിൽ തെന്നിതെറിച്ച് ബ്രസീൽ; യുറുഗ്വായോട് തോറ്റുമടങ്ങി മഞ്ഞപ്പട

രണ്ടാം പകുതിയിൽ ഡച്ച് സംഘം ആക്രമണം കടുപ്പിച്ചെങ്കിലും തുർക്കി പിടിച്ചുനിന്നു. ചില പ്രത്യാക്രമണങ്ങളിലൂടെ ലീഡുയർത്താനും അവർ ശ്രമിച്ചു. എന്നാൽ, 70ആം മിനിട്ടിൽ നെതർലൻഡ്സ് സമനില പിടിച്ചു. മെംഫിസ് ഡിപായുടെ ക്രോസിൽ നിന്ന് സ്റ്റെഫാൻ ഡി വ്രിജ് ആണ് സമനില ഗോൾ നേടിയത്. 76ആം മിനിട്ടിൽ ഡിപായുടെ ക്രോസ് രക്ഷിക്കാനുള്ള മെർട്ട് മുൾഡറിൻ്റെ ശ്രമം സെൽഫ് ഗോളിൽ കലാശിച്ചതോടെ നെതർലൻഡ്സ് മുന്നിലെത്തി. ഇതോടെ കൂട്ടമായി ആക്രമിച്ച തുർക്കിയുടെ ശ്രമങ്ങൾ വളരെ പണിപ്പെട്ട് രക്ഷപ്പെടുത്തി നെതർലൻഡ് വിജയമുറപ്പിച്ചു. 20 വർഷത്തിൽ ആദ്യമായാണ് നെതർലൻഡ്സ് യൂറോ കപ്പിൻ്റെ സെമിയിലെത്തുന്നത്.

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബ്രസീൽ ക്വാർട്ടറിൽ തോറ്റ് മടങ്ങി. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ബ്രസീലിനെ വീഴ്ത്തി യുറുഗ്വായ് സെമി ഫൈനലിലേക്ക് കടന്നു. 4-2നാണ് യുറുഗ്വായുടെ വിജയം. വ്യാഴാഴ്ച നടക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ പനാമയെ എതിരില്ലാതെ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്ത് എത്തുന്ന കൊളംബിയയാണ് യുറുഗ്വായുടെ എതിരാളികള്‍.

യുറുഗ്വായ്ക്കായി ഫെഡറിക്കോ വാല്‍വെര്‍ദെ, റോഡ്രിഹോ ബെന്റാന്‍കര്‍, ജോര്‍ജിയന്‍ ജി അരാസ്‌കെറ്റ്, മാനുവല്‍ ഉഗാര്‍ത്തെ എന്നിവരാണ് ലക്ഷ്യം നേടിയത്. എന്നാല്‍ ബ്രസീലിന് വേണ്ടി ആദ്യം കിക്കെടുത്ത എഡെര്‍ മിലിറ്റാവോയ്ക്ക് തന്നെ പിഴച്ചിരുന്നു. ആ ഷോട്ട് യുറുഗ്വായ് ഗോളി സെര്‍ജിയോ റോച്ചെറ്റ് തട്ടിമാറ്റി. ഇതിന് പിന്നാലെ വന്ന ആന്‍ഡ്രേസ് പെരെര പന്ത് വലയിലെത്തിച്ചു. എന്നാല്‍ മൂന്നാം കിക്കെടുക്കാനെത്തിയ ഡഗ്ലസ് ലൂയിസിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. നാലാം കിക്കില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ഗോള്‍ നേടിയെങ്കിലും അഞ്ചാം കിക്ക് ലക്ഷ്യത്തിലെത്തിച്ച് യുറുഗ്വായ് സെമിയിൽ പ്രവേശിച്ചു.

മത്സരത്തിന്റെ 74ാം മിനിറ്റില്‍ യുറുഗ്വായുടെ നഹിതാന്‍ നാന്‍ഡെസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. എന്നാല്‍ ഈ അവസരം മുതലെടുക്കാൻ ബ്രസീലിന് സാധിച്ചില്ല.

Latest News