Champions Trophy 2025: ചാമ്പ്യൻസ് ട്രോഫിയ്ക്ക് ഇനി ഒരു മാസം; ഇതുവരെ അറ്റകുറ്റപ്പണികൾ പൂർത്തിയാകാതെ പ്രധാന സ്റ്റേഡിയം
Karachi Stadium Renovation Remains Incomplete : ചാമ്പ്യൻസ് ട്രോഫിയിലെ പ്രധാന മത്സരങ്ങൾ നടക്കാനിരുന്ന നാഷണൽ കറാച്ചി സ്റ്റേഡിയത്തിൻ്റെ പണികൾ ഇതുവരെ തീർന്നിട്ടില്ലെന്ന് പിസിബി. ഇതോടെ ഇവിടെ തീരുമാനിച്ചിരുന്ന മറ്റ് മത്സരങ്ങളൊക്കെ വിവിധ സ്റ്റേഡിയങ്ങളിലേക്ക് മാറ്റി.
ഈ വർഷം നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി (Champions Trophy 2025) പോരാട്ടങ്ങൾക്കുള്ള പ്രധാന സ്റ്റേഡിയത്തിൻ്റെ അറ്റകുറ്റപ്പണികൾ ഇനിയും തീർന്നിട്ടില്ലെന്ന് അധികൃതർ. ഫെബ്രുവരി 19ന് ന്യൂസീലൻഡിനെതിരായ ഉദ്ഘാടന മത്സരമടക്കം തീരുമാനിച്ചിരിക്കുന്ന നാഷണൽ കറാച്ചി സ്റ്റേഡിയത്തിൻ്റെ പണികൾ ഇനിയും തീർന്നിട്ടില്ലെന്നാണ് പിസിബിയിൽ നിന്ന് ലഭിക്കുന്ന വിവരം. ഇതോടെ പണികൾ വേഗത്തിലാക്കാൻ ഇവിടെ തീരുമാനിച്ചിരുന്ന മറ്റ് മത്സരങ്ങൾ വിവിധ സ്റ്റേഡിയങ്ങളിലേക്ക് മാറ്റി. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
“നിലവിൽ നടക്കുന്ന അറ്റകുറ്റപ്പണികൾ കാരണം ഇനി സ്റ്റേഡിയത്തിൽ മറ്റ് മത്സരങ്ങളൊന്നും നടത്തണ്ട എന്ന് തീരുമാനിച്ചിരിക്കുന്നു. അത് പണി വീണ്ടും വൈകിപ്പിക്കുകയും താരങ്ങൾക്ക് ബുദ്ധിമുട്ടാവുകയും ചെയ്യും.”- ഒരു പിസിബി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഡിസംബർ 15ന് അവസാനിക്കേണ്ട ചില അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ, ചില പുതിയ നിർദ്ദേശങ്ങൾ കൂടി നിർമ്മാണക്കമ്പനിയ്ക്ക് നൽകിയിട്ടുണ്ട്.
പാകിസ്താനിലെ ഫസ്റ്റ് ക്ലാസ് ടൂർണമെൻ്റായ ക്വൈദ് എ അസം ട്രോഫി ഫൈനൽ തീരുമാനിച്ചിരുന്നത് കറാച്ചിയിലായിരുന്നു. എന്നാൽ, ഈ മത്സരം യുബിഎൽ കോംപ്ലക്സിലേക്ക് മാറ്റി. ഈ മാസം വെസ്റ്റ് ഇൻഡീസിനെതിരെ കളിക്കുന്ന രണ്ട് ടെസ്റ്റുകളിൽ ആദ്യത്തേത് കറാച്ചിയിലായിരുന്നു. എന്നാൽ, ഇത് മാറ്റി മുൾട്ടാനിലേക്കാക്കി. ഇതോടെ രണ്ട് ടെസ്റ്റും മുൾട്ടാനിൽ നടക്കും.
ചാമ്പ്യൻസ് ട്രോഫിയ്ക്ക് മുന്നോടിയായി ലാഹോർ, റാവല്പിണ്ടി, കറാച്ചി എന്നീ സ്റ്റേഡിയങ്ങളിലായി 12 ബില്ല്യൺ ഡോളറിൻ്റെ അറ്റകുറ്റപ്പണികളാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് നടത്തുന്നത്. കറാച്ചി സ്റ്റേഡിയത്തിലെ പ്രധാന കെട്ടിടം പുതിക്കണിയുന്നതിനൊപ്പം പുതിയ ഡ്രസിങ് റൂമുകൾ, മീഡിയ സെൻ്ററുകൾ, ഹോസ്പിറ്റാലിറ്റി ബോക്സുകൾ, ബോർഡ് ഓഫീസുകൾ എന്നിവയും പണിയും. പുതിയ കസേരകൾക്കൊപ്പം പുതിയ ഒരു ഇലക്ട്രോണിക് സ്കോർകാർഡും ഇവിടെ സ്ഥാപിയ്ക്കും. ഒപ്പം ഗ്രൗണ്ടിന് ചുറ്റുമുള്ള വേലി പൂർണമായും മാറ്റി സ്ഥാപിയ്ക്കും.
ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെയാണ് ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്റ് നടക്കുന്നത്. പാകിസ്താനാണ് ആതിഥേയർ. പാകിസ്താനിലും യുഎഇയിലുമായാണ് മത്സരങ്ങൾ. ടൂർണമെൻ്റിൽ പങ്കെടുക്കാൻ പാകിസ്താനിലേക്ക് പോവില്ലെന്ന് ബിസിസിഐ തീരുമാനമെടുത്തതോടെ ഹൈബ്രിഡ് മോഡലിൽ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ വച്ച് നടത്താമെന്ന് പിസിബി സമ്മതിക്കുകയായിരുന്നു. കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി, ദുബായ് എന്നിവിടങ്ങളാണ് വേദികള്‍.
ഫെബ്രുവരി 19ന് നടക്കുന്ന ആദ്യ മത്സരത്തില്‍ പാകിസ്താൻ ന്യൂസിലന്‍ഡിനെ നേരിടും. ഫെബ്രുവരി 20നാണ് ഇന്ത്യയുടെ ആദ്യ മത്സരം. എതിരാളികള്‍ ബംഗ്ലാദേശ്. ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിലാണ് നടക്കുക. മാര്‍ച്ച് ഒമ്പതിനാണ് ഫൈനല്‍. എട്ട് ടീമുകൾ രണ്ട് ഗ്രൂപ്പുകളിലായി അണിനിരക്കും. ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് ടീമുകളാണ് ഗ്രൂപ്പ് എയിലുണ്ടാവുക. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട് ടീമുകള്‍ ഗ്രൂപ്പ് ബിയിൽ മത്സരിക്കും. 2017ലാണ് അവസാനമായി ചാമ്പ്യന്‍സ് ട്രോഫി നടന്നത്. പാകിസ്ഥാനാണ് നിലവിലെ ജേതാക്കള്‍. ഇന്ത്യയെ തോല്പിച്ചാണ് 2017ൽ പാകിസ്താൻ കിരീടം നേടിയത്.