Vinicius Tobias : ഡിഎൻഎ ടെസ്റ്റിൽ കുട്ടിയുടെ പിതാവ് മറ്റാരോ; കുഞ്ഞിൻ്റെ പേര് പച്ചകുത്തിയ ബ്രസീൽ താരം വെട്ടിൽ
Vinicius Tobias Tattooes His Daughters Name : കുട്ടിയുടെ പേര് ശരീരത്തിൽ പച്ചകുത്തിയ ബ്രസീൽ ഫുട്ബോൾ താരം വിനീഷ്യസ് തോബിയാസിന് കിട്ടിയത് എട്ടിൻ്റെ പണി. ഡിഎൻഎ ടെസ്റ്റിൽ കുട്ടിയുടെ പിതാവ് താനല്ല എന്ന് മനസിലാവുകയായിരുന്നു.
ജനിച്ച കുട്ടിയുടെ പേര് ശരീരത്തിൽ പച്ചകുത്തിയ ബ്രസീൽ ഫുട്ബോൾ താരത്തിന് കിട്ടിയത് എട്ടിൻ്റെ പണി. പച്ചകുത്തി ഒരാഴ്ചക്കുള്ളിൽ നടത്തിയ ഡിഎൻഎ ടെസ്റ്റിലാണ് കുട്ടിയുടെ പിതാവ് താനല്ല എന്ന് താരത്തിന് മനസിലാവുന്നത്. ഇക്കാര്യം താരത്തിൻ്റെ മുൻ ഭാര്യയാണ് അറിയിച്ചത്. താരവുമായി ബ്രേക്കപ്പായിരുന്ന സമയത്ത് മറ്റൊരാളുമായി താൻ ഡേറ്റ് ചെയ്യുകയായിരുന്നു എന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ഡെയിലിമെയിൽ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
റയൽ മാഡ്രിഡിൻ്റെ മുൻ പ്രതിരോധ താരം വിനീഷ്യസ് തോബിയാസിനാണ് അബദ്ധം പിണഞ്ഞത്. നിലവിൽ ഉക്രേനിയൻ ക്ലബ് ഷാക്തർ ഡൊനെറ്റ്‌സ്‌കിൻ്റെ താരമായ തോബിയാസിൻ്റെ മുൻ ഭാര്യ ഇൻഗ്രിഡ് ലീമ ഒക്ടോബർ എട്ടിനാണ് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന് മെയ്തേ എന്ന് പേരിടുകയും ചെയ്തു. ഇതോടെ ‘മെയ്തേ, ഐ ലവ് യൂ’ എന്ന് തോബിയാസ് ശരീരത്തിൽ പച്ചകുത്തി. എന്നാൽ, ജനനത്തിന് ഒരാഴ്ചയ്ക്ക് ശേഷം നടത്തിയ ഡിഎൻഎ പരിശോധനയിൽ കുഞ്ഞിൻ്റെ പിതാവ് തോബിയാസ് അല്ലെന്ന് കണ്ടെത്തുകയായിരുന്നു. തോബിയാസുമായി ബ്രേക്കപ്പായതിന് ശേഷം താൻ മറ്റൊരാളുമായി ഡേറ്റിംഗിലായിരുന്നു എന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ ഇൻഗ്രിഡ് ലീമ പറഞ്ഞു.
Also Read : ENG vs WI : ഇംഗ്ലണ്ടിനായി കളത്തിൽ ‘ഉപ്പും കുരുമുളകും’; വിൻഡീസിനെതിരെ അരങ്ങേറാനൊരുങ്ങി പെപ്പർ
“എന്നെ ശല്യപ്പെടുത്തുന്ന ഒരു കാര്യത്തിൽ ഔദ്യോഗികമായ പ്രതികരണമറിയിക്കാനാണ് ഞാനിവിടെ വന്നത്. നിർഭാഗ്യവശാൽ അത് പൊതുവേദിയിൽ തന്നെ നൽകേണ്ടതുണ്ട്. വിനീഷ്യസും ഞാനും കുറച്ചുനാളായി ഒരുമിച്ചായിരുന്നില്ല. ആ സമയത്ത് ഞാൻ മറ്റൊരാളെ ഡേറ്റ് ചെയ്തു. വിനീഷ്യസും മറ്റൊരു ബന്ധത്തിലായിരുന്നു. ഞങ്ങൾ രണ്ട് പേരും ഞങ്ങളുടെ ജീവിതവുമായി മുന്നോട്ടുപോയി. ഇതിനിടെയാണ് മെയ്തെയുടെ ജനനം. ഞങ്ങൾ ഒരു ഡിഎൻഎ ടെസ്റ്റ് നടത്താൻ തീരുമാനിച്ചു. അതിൽ മെയ്തെ വിനീഷ്യസിൻ്റെ കുഞ്ഞല്ലെന്ന് തെളിഞ്ഞു.”- ലീമ വിശദീകരിച്ചു. വിനീഷ്യസ് തോബിയാസ് ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. കുഞ്ഞിൻ്റെ പിതാവാരെന്ന് ലീമ വെളിപ്പെത്തിയിട്ടുമില്ല.
റയൽ മാഡ്രിഡിൻ്റെ ഫസ്റ്റ് ടീമിൽ ഒരു തവണയാണ് 20കാരനായ തോബിയാസ് കളിച്ചത്. വായ്പാടിസ്ഥാനത്തിൽ റയലിലെത്തിയ താരം രണ്ടാം ഡിവിഷൻ ക്ലബായ റയൽ മാഡ്രിഡ് കാസ്റ്റില്ലയിൽ 2022 മുതൽ 2024 വരെ കളിച്ചു. ബയേൺ മ്യൂണിച്ച്, യുവൻ്റസ്, റയൽ മാഡ്രിഡ്, അത്ലറ്റിക്കോ മാഡ്രിഡ് തുടങ്ങി വിവിധ ക്ലബുകൾ താരത്തിനായി രംഗത്തുണ്ടായിരുന്നെങ്കിലും ഷാക്തർ ആണ് താരത്തെ സ്വന്തമാക്കിയത്. പിന്നീടാണ് റയൽ മാഡ്രിഡ് താരത്തെ ലോണിലെത്തിച്ചത്. 2024-25 സീസണിൽ തിരികെ ഷാക്തറിലേക്ക് പോയ താരം അഞ്ച് മത്സരങ്ങളിൽ കളിച്ചു.
2019ലെ അണ്ടർ 15 സൗത്തമേരിക്കൻ ചാമ്പ്യൻഷിപ്പിൽ നടത്തിയ തകർപ്പൻ പ്രകടനങ്ങൾ കാരണമാണ് തോബിയാസ് യൂറോപ്യൻ ക്ലബുകളുടെ റഡാറിലെത്തിയത്. ടൂർണമെൻ്റ് ഫൈനലിൽ ചിരവൈരികളായ അർജൻ്റീനയ്ക്കെതിരെ തോബിയാസ് ഒരു ഗോളടിക്കുകയും ചെയ്തു.