Border – Gavaskar Trophy : പെർത്തിൽ ഒരുങ്ങുന്നത് പേസും ബൗൺസുമുള്ള ഫാസ്റ്റ് ബൗളിംഗ് പിച്ച്; ഇന്ത്യൻ ബാറ്റർമാരുടെ മുട്ടിടിയ്ക്കുമോ?
Border Gavaskar Trophy The Optus Stadium Pitch : ബോർഡർ - ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ മത്സരം നടക്കുന്ന ദി ഒപ്റ്റസ് സ്റ്റേഡിയത്തിലെ പിച്ച് ഫാസ്റ്റ് ബൗളിംഗിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നതാവുമെന്ന് ക്യുറേറ്റർ ഐസക് മക്ഡൊണാൾഡ്. ടെസ്റ്റിന് മുൻപുള്ള ദിവസങ്ങളിലും ആദ്യ ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുള്ളതിനാൽ അതും ഫാസ്റ്റ് ബൗളർമാരെ തുണയ്ക്കും.
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനായി ക്രിക്കറ്റ് ഓസ്ട്രേലിയ തയ്യാറാക്കിയിരിക്കുന്നത് ഫാസ്റ്റ് ബൗളിംഗിനെ തുണയ്ക്കുന്ന പിച്ച്. പെർത്തിലെ ദി ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ് നടക്കുക. പെർത്തിലെ വാക്ക ഗ്രൗണ്ടിലേതിന് സമാനമായ പിച്ചാണ് ഒപ്റ്റസിലെയും. മുൻപ് വാക്കയിലാണ് പെർത്തിലെ മത്സരങ്ങൾ നടന്നിരുന്നതെങ്കിലും 2018 മുതൽ ഒപ്റ്റസ് സ്റ്റേഡിയവും രാജ്യാന്തര മത്സരങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. ഈ മാസം 22 മുതലാണ് പെർത്ത് ടെസ്റ്റ് ആരംഭിക്കുക.
ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വേഗതയുള്ളതും ബൗൺസ് ലഭിക്കുന്നതുമായ പിച്ചാണ് വാക്കയിലേത്. ഒപ്റ്റസ് സ്റ്റേഡിയത്തിലെ പിച്ചും ഏറെക്കുറെ സമാനമാണ്. വേഗതയും ബൗൺസുമുള്ള പിച്ചൊരുക്കാനാണ് ശ്രമം എന്ന് ക്യുറേറ്റൻ ഐസക് മക്ഡൊണാൾഡ് കഴിഞ്ഞ ആഴ്ച ക്രിക്ക്ഇൻഫോയോട് വെളിപ്പെടുത്തിയിരുന്നു. നല്ല വേഗതയും ബൗൺസും ക്യാരിയുമുള്ള പിച്ചൊരുക്കുകയാണ് ശ്രമം എന്ന് അദ്ദേഹം അറിയിച്ചിരുന്നു.
Also Read : India- Australia Test: ഇന്ത്യൻ ടീമിൽ വീണ്ടും പരിക്ക്; പകരക്കാരൻ ആർസിബി താരം
ഇതിനോടൊപ്പം മത്സരത്തിന് മുൻപുള്ള ദിവസങ്ങളിൽ പെർത്തിൽ പെയ്യുന്ന മഴ പിച്ചിനെ കൂടുതൽ അപകടകരമാക്കും. ഇന്നടക്കം പെർത്തിൽ മഴ പെയ്തിരുന്നു. മത്സരത്തിൻ്റെ ആദ്യ മൂന്ന് ദിവസങ്ങളിലും മഴസാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അന്തരീക്ഷത്തിലെ ഈർപ്പം ഫാസ്റ്റ് ബൗളർമാരെ കൂടുതൽ സഹായിക്കും. ഇത് തന്നെയാണ് ലക്ഷ്യമെന്ന് ഐസക് മക്ഡൊണാൾഡ് പ്രതികരിച്ചിരുന്നു. ഈർപ്പം സംരക്ഷിച്ച് നല്ല ബൗൺസ് നൽകാനാണ് ശ്രമം. മഴ പെയ്താലും പെയ്തില്ലെങ്കിലും അന്തരീക്ഷത്തിൽ ഈർപ്പമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
മുൻപ് ഈ വേദിയിൽ നടന്ന നാല് ടെസ്റ്റ് മത്സരങ്ങളിലും പേസ് ബൗളിംഗ് ഏറെ ഫലപ്രദമായിരുന്നു. ആതിഥേയ സ്പിന്നർമാരെക്കാൾ ഓസീസ് സ്പിന്നർ നതാൻ ലിയോൺ ഈ ഗ്രൗണ്ടിൽ നിന്ന് കൂടുതൽ നേട്ടങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഈ ഗ്രൗണ്ടിൽ ലിയോണിൻ്റെ ശരാശരി 18 ആണ്. ഇവിടെ കളിച്ച നാല് ടെസ്റ്റുകളിലും ഇതുവരെ വിജയം ഓസീസിനൊപ്പമായിരുന്നു.
2018-19 ബോർഡർ ഗവാസ്കർ പരമ്പരയിൽ ഇന്ത്യയാണ് ആദ്യമായി ഈ സ്റ്റേഡിയത്തിൽ കളിക്കുന്ന വിസിറ്റിങ് ടീം. അന്ന് നാല് പേസർമാരുമായാണ് ഇന്ത്യ ഇറങ്ങിയത്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ്മ, ഉമേഷ് യാദവ് എന്നിവർ ആ കളിയിൽ ഇന്ത്യക്കായി ഇറങ്ങിയെങ്കിലും മത്സരത്തിൽ 146 റൺസിന് ഓസ്ട്രേലിയ വിജയിക്കുകയായിരുന്നു. എന്നാൽ, ആ പരമ്പര ഇന്ത്യ നേടി.
മത്സരം ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്ത്യൻ ടീമിൽ പരിക്കുകൾ തുടർക്കഥ ആവുകയാണ്. പരിക്കേറ്റ ശുഭ്മൻ ഗിൽ ആദ്യ ടെസ്റ്റിൽ കളിക്കില്ലെന്നാണ് വിവരം. അങ്ങനെയെങ്കിൽ കർണാടക താരം ദേവ്ദത്ത് പടിക്കൽ മൂന്നാം നമ്പറിലെത്തും. ഓസ്ട്രേലിയ എ പര്യടനത്തിനെത്തിയ ഇന്ത്യ എ ടീമിൽ അംഗമായിരുന്ന ദേവ്ദത്തിനോട് സീനിയർ ടീമിനൊപ്പം തുടരാൻ നിർദ്ദേശിച്ചിരുന്നു. ഇതിനിടെ ട്രാവലിങ് റിസർവ് ആയിരുന്ന ഖലീൽ അഹ്മദിനും പരിക്കേറ്റു. ഇതോടെ ഖലീലിന് പകരം യഷ് ദയാലിനെ ടീമിൽ ഉൾപ്പെടുത്തി.
ബോർഡർ – ഗാവസ്കർ ട്രോഫിയിൽ അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യ ഓസ്ട്രേലിയക്കെതിരെ കളിക്കുന്നത്. 1992ന് ശേഷം ഇതാദ്യമായാണ് പരമ്പരയിൽ 5 ടെസ്റ്റുകൾ ഉൾപ്പെടുത്തുന്നത്. 2018 മുതൽ എല്ലാ ബോർഡർ – ഗവാസ്കർ പരമ്പരകളിലും വിജയിക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നു.