IND vs AUS: മെൽബണിലും കരുത്ത് കാട്ടി ഓസീസ്, ആദ്യ ദിനം അടിച്ചെടുത്തത് 311 റൺസ്; ബുമ്രയ്ക്ക് 3 വിക്കറ്റ്
India vs Australia 4th Test: നാല് റൺസെടുത്ത് മിച്ചൽ മാർഷിനെയും ബുമ്ര മടക്കി. 31 റൺസെടുത്ത അലക്സ് ക്യാരിയാണ് ഓസീസ് നിരയിൽ കൂടാരം കയറിയ മറ്റൊരു താരം.
മെൽബൺ: ബോര്‍ഡര്‍-ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റായ ബോക്സിംഗ് ഡേ ടെസ്റ്റിൽ ഓസ്ട്രേലിയ ശക്തമായ നിലയിൽ. ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോൾ ആതിഥേയർ ആറ് വിക്കറ്റ് നഷ്ടത്തിൽ 311 റൺസാണ് അടിച്ചെടുത്തത്. മാർനസ് ലെബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ഉസ്മാൻ ഖവാജ, അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസ് എന്നിവരുടെ അർദ്ധ സെഞ്ച്വറിയാണ് ഓസീസിനെ 300 കടത്താൻ സഹായിച്ചത്. സ്റ്റീവ് സ്മിത്ത് (68), പാറ്റ് കമ്മിൻസ് (8) എന്നിവരാണ് ക്രീസിൽ.
ഓസീസിന് ഉസ്മാൻ ഖവാജ- സാം കോൺസ്റ്റാസ് സഖ്യം മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 89 റൺസാണ് സ്കോർ ബോർഡിലേക്ക് ചേർത്തത്. 2 സിക്സും ആറ് ഫോറും ഉൾപ്പെടെ 65 പന്തിൽ 60 റൺസ് നേടിയ സാമിനെ രവീന്ദ്ര ജഡേജയാണ് പുറത്താക്കിയത്. സാമിന്റെ ബാറ്റിൽ നിന്ന് പിറന്ന രണ്ട് സിക്സറുകളും ബുമ്രക്ക് എതിരെയായിരുന്നു. ഉസ്മാൻ ഖവാജ 121 പന്തി 57 റൺസ് നേടി. ആറ് ഫോറുകൾ അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. ജസ്പ്രീത് ബുമ്രക്കായിരുന്നു വിക്കറ്റ്. മാർനസ് ലെബുഷെയ്ൻ 72 റൺസുമായി മടങ്ങി. 66.1 ഓവറിൽ താരത്തെ വാഷിംഗ്ടൺ സുന്ദർ വിരാട് കോലിയുടെ കെെയിലെത്തിക്കുകയായിരുന്നു.
പരിക്ക് മാറി പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തിയ ട്രാവിസ് ഹെഡാണ് ഓസീസ് നിരയിൽ പുറത്തായ മറ്റൊരു താരം. ഡക്കായി മടങ്ങിയ താരത്തിന്റെ വിക്കറ്റ് വീഴ്ത്തിയത് ബുമ്രയാണ്. നാല് റൺസെടുത്ത് മിച്ചൽ മാർഷിനെയും ബുമ്ര മടക്കി. 31 റൺസെടുത്ത അലക്സ് ക്യാരിയാണ് ഓസീസ് നിരയിൽ കൂടാരം കയറിയ മറ്റൊരു താരം. ആകാശ് ദീപിനാണ് വിക്കറ്റ്. മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്‌കോട്ട് ബോളണ്ട് എന്നിവരാണ് സന്ദർശകരിൽ ഇനി ബാറ്റിംഗിന് ഇറങ്ങാനുള്ളത്. ടീം ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ആകാശ് ദീപ്, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
ബോക്സിംഗ് ഡേ ടെസ്റ്റിൽ ഒരു മാറ്റവുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ഫോം ഔട്ടായ ശുഭ്മാൻ ഗില്ലിന് പകരക്കാരനായി വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്തി. ആതിഥേയരുടെ പ്ലേയിംഗ് ഇലവനിലും രണ്ട് മാറ്റങ്ങൾ ഉണ്ട്. 19കാരന്‍ സാം കോണ്‍സ്റ്റാസ് ടെസ്റ്റ് അരങ്ങേറ്റത്തിനായി ടീമിലെത്തി. സ്‌കോട്ട് ബോളണ്ടാണ് ഓസീസ് നിരയിൽ ഇടംപിടിച്ച മറ്റൊരു താരം. നഥാന്‍ മക്‌സ്വീനിക്ക് പകരക്കാരനായാണ് കോണ്‍സ്റ്റാസ് എത്തിയതെങ്കിൽ ജോഷ് ഹേസല്‍വുഡിന് പകരക്കാരനാണ് ബോളണ്ട് എത്തിയത്.
ഓസ്ട്രേലിയ: ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റാസ്, മാര്‍നസ് ലെബുഷെയ്ൻ, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്സ് കാരി, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, സ്‌കോട്ട് ബോളണ്ട്.
ഇന്ത്യ: യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോലി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.