Rohit Sharma And Virat Kohli : ചിരിക്കണ്ട എന്ന് കോഹ്ലി, കളിക്കുന്നത് ഗള്ളി ക്രിക്കറ്റാണോയെന്ന് രോഹിത്; ‘റോ’യും ‘കോ’യും കട്ടക്കലിപ്പില്‍; മെല്‍ബണില്‍ സംഭവിച്ചത്
Boxing Day Test : മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഓസ്‌ട്രേലിയ ശക്തമായ നിലയിലാണ്. ആറു വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് എന്ന നിലയിലാണ് ഓസീസ്. 111 പന്തില്‍ 68 റണ്‍സുമായി സ്റ്റീവ് സ്മിത്തും, 17 പന്തില്‍ എട്ട് റണ്‍സുമായി പാറ്റ് കമ്മിന്‍സുമാണ് ക്രീസില്‍. ഓസ്‌ട്രേലിയയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചു. അരങ്ങേറ്റ മത്സരം കളിക്കുന്ന 19കാരന്‍ സാം കോണ്‍സ്റ്റസ്, ഉസ്മന്‍ ഖവാജ, മാര്‍നസ് ലബുഷെയ്ന്‍ എന്നിവരും അര്‍ധ സെഞ്ചുറികള്‍ നേടി
മത്സരത്തിനപ്പുറമുള്ള വാക്‌പോരും കൊണ്ടും ശ്രദ്ധേയമാവുകയാണ് മെല്‍ബണില്‍ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ബോക്‌സിങ് ഡേ ടെസ്റ്റ്. ഓസ്‌ട്രേലിയയയുടെ പുതുമുഖ താരം സാം കോണ്‍സ്റ്റസും വിരാട് കോഹ്ലിയും തമ്മിലുണ്ടായ വാക്കുതര്‍ക്കമായിരുന്നു അതില്‍ പ്രധാനപ്പെട്ട സംഭവം. നടന്നുപോകുന്നതിനിടെ ഇരുവരുടെയും തോളുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇത് വാക്കുതര്‍ക്കത്തിന് തുടക്കമിട്ടെങ്കിലും അമ്പയര്‍ ഇടപെട്ട് രംഗം ശാന്തമാക്കി. എന്നാല്‍ പ്രശ്‌നങ്ങള്‍ അവിടെയും അവസാനിച്ചില്ല.
കോഹ്ലിയുടെ കര്‍ശനമായ നിര്‍ദ്ദേശം
മത്സരത്തില്‍ ഇന്ത്യ ഫീല്‍ഡ് ചെയ്യുന്നതിനിടെ പേസര്‍ മുഹമ്മദ് സിറാജിന് വിരാട് കോഹ്ലി നല്‍കിയ നിര്‍ദ്ദേശം ശ്രദ്ധേയമാവുകയാണ്. ഓസ്‌ട്രേലിയന്‍ ബാറ്റര്‍ മാര്‍നസ് ലബുഷെയ്‌നുമായി സിറാജ് സംസാരിച്ചപ്പോഴാണ് കോഹ്ലി ഇടപെട്ടത്. അവരോട് സംസാരിക്കുമ്പോള്‍ പുഞ്ചിരിക്കരുതെന്നാണ് കോഹ്ലി സിറാജിന് ഹിന്ദിയില്‍ നല്‍കിയ നിര്‍ദ്ദേശം. ഓസീസ് താരത്തോട് സൗഹാര്‍ദ്ദപരമായി സംസാരിക്കേണ്ടതില്ല എന്നാണ് കോഹ്ലി സഹതാരത്തിന് നല്‍കുന്ന സന്ദേശം.
രോഹിതിന്റെ ശകാരം
ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സഹതാരത്തെ ശകാരിക്കുന്ന കാഴ്ചകളും മെല്‍ബണില്‍ കണ്ടു. ഫീല്‍ഡ് ചെയ്യുന്നതിനിടെ യശ്വസി ജയ്‌സ്വാളിനോട് ‘ഗള്ളി ക്രിക്കറ്റാണോ’ കളിക്കുന്നതെന്നായിരുന്നു രോഹിതിന്റെ ചോദ്യം. ഫീല്‍ഡിങിലെ പോരായ്മ ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഈ ചോദ്യം.
Read Also : മെൽബണിലെ കലിപ്പ്! കോലിക്ക് എതിരെ വടിയെടുത്ത് ഐസിസി
ഓസീസ് ശക്തമായ നിലയില്‍
മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഓസ്‌ട്രേലിയ ശക്തമായ നിലയിലാണ്. ആറു വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് എന്ന നിലയിലാണ് ഓസീസ്. 111 പന്തില്‍ 68 റണ്‍സുമായി സ്റ്റീവ് സ്മിത്തും, 17 പന്തില്‍ എട്ട് റണ്‍സുമായി പാറ്റ് കമ്മിന്‍സുമാണ് ക്രീസില്‍. ഓസ്‌ട്രേലിയയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചു.
അരങ്ങേറ്റ മത്സരം കളിക്കുന്ന 19കാരന്‍ സാം കോണ്‍സ്റ്റസ്, ഉസ്മന്‍ ഖവാജ, മാര്‍നസ് ലബുഷെയ്ന്‍ എന്നിവരും അര്‍ധ സെഞ്ചുറികള്‍ നേടി. കോണ്‍സ്റ്റസ്-60, ഖവാജ-57, ലബുഷെയ്ന്‍-72 എന്നിങ്ങനെയാണ് ഓസീസ് ടോപ് ഓര്‍ഡര്‍മാരുടെ പ്രകടനം. കഴിഞ്ഞ ടെസ്റ്റുകളില്‍ ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ച ട്രാവിസ് ഹെഡ് പൂജ്യത്തിന് പുറത്തായത് ഇന്ത്യയ്ക്ക് ആശ്വാസമായി. ഹെഡിനെ ബുംറ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. ഇന്ത്യയ്ക്ക് വേണ്ടി ബുംറ മൂന്ന് വിക്കറ്റും, ആകാശ് ദീപും, രവീന്ദ്ര ജഡേജയും, വാഷിങ്ടണ്‍ സുന്ദറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
കഴിഞ്ഞ ടെസ്റ്റില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ മെല്‍ബണില്‍ ഇറങ്ങിയത്. ശുഭ്മന്‍ ഗില്ലിന് പകരം വാഷിങ്ടണ്‍ സുന്ദര്‍ പ്ലെയിങ് ഇലവനിലെത്തി. ഓസീസ് നിരയില്‍ രണ്ട് മാറ്റങ്ങളുണ്ട്. ജോഷ് ഹേസല്‍വുഡിന് പകരം സ്‌കോട്ട് ബോളണ്ടും, നഥാന്‍ മക്കീന്‍സിക്ക് പകരം സാം കോണ്‍സ്റ്റസും ടീമിലെത്തി. പരമ്പരയില്‍ മുന്നിലെത്തുന്നതിനും, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനും ഇരുടീമുകള്‍ക്കും വിജയം അനിവാര്യമാണ്. നിലവില്‍ ഓരോ മത്സരങ്ങള്‍ വീതം ജയിച്ച് ഇരുടീമുകളും പരമ്പരയില്‍ ഒപ്പമെത്തി. ഒരു മത്സരം സമനിലയില്‍ കലാശിച്ചു. പരമ്പരയിലെ അവസാന മത്സരം ജനുവരി മൂന്നിന് സിഡ്‌നിയില്‍ ആരംഭിക്കും.