Bhaichung Bhutia: ഇന്ത്യൻ ഫുട്ബോളിന് ഇനി നല്ലകാലം, ടാലന്റ് ഹണ്ടുമായി ബെെച്ചൂങ് ബൂട്ടിയ
Bhaichung Bhutia: രാജ്യത്തെ 50 നഗരങ്ങളിലായാണ് ടാലന്റ് ഹണ്ട് സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന താരങ്ങൾക്ക് ബെെചുങ് ബൂട്ടിയ ഫുട്ബോൾ അക്കാദമിയിൽ പ്രവേശനം നൽകും.
ന്യൂഡൽഹി: രാജ്യത്തെ യുവ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുന്നതിന് ടാലന്റ് ഹണ്ട് സംഘടിപ്പിക്കാനൊരുങ്ങി ഫുട്ബോൾ ഇതിഹാസം ബൈചുങ് ബൂട്ടിയ (Bhaichung Bhutia). രാജ്യത്തെ 50 നഗരങ്ങളിലായാണ് ടാലന്റ് ഹണ്ട് (talent hunt)സംഘടിപ്പിക്കുക. ജലന്ധർ, പട്യാല, ചണ്ഡീഗഡ്, അമൃത്സർ, മൈസൂരു, മംഗലാപുരം, ബാംഗ്ലൂർ ഉൾപ്പെടെയുള്ള നഗരങ്ങളിൽ സംഘടിപ്പിക്കുന്ന ടാലന്റ് ഹണ്ടിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല.
ബൈചുങ് ബൂട്ടിയ ഫുട്ബോൾ സ്കൂൾസും (ബിബിഎഫ്എസ്) ഇന്ത്യയിലെ ആദ്യത്തെ ഫുൾ-സ്റ്റാക്ക് സ്പോർട്സ് ലേണിംഗ് പ്ലാറ്റ്ഫോമായ എൻജോഗോയും സംയുക്തമായാണ് യുവ ഫുട്ബോൾ പ്രതിഭകളെ തിരഞ്ഞെടുക്കുക. ട്രയൽസിൽ 9നും 18നും ഇടയിൽ പ്രായമുള്ള 6000-ലധികം കുട്ടികൾ എഐഎഫ്എഫ്, എഎഫ്സി ലെെസൻസുള്ള പരിശീലകർക്ക് മുന്നിൽ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കും. യുവാക്കളുടെ കഴിവുകൾ കണ്ടെത്താനും ടാലന്റ് ഹണ്ട് വഴിയൊരുക്കും. ഇവർക്ക് ബൈചുങ് ബൂട്ടിയ ഫുട്ബോൾ അക്കാദമിയിൽ പരിശീലനത്തിന് അവസരമൊരുക്കും.
ഇന്ത്യൻ ഫുട്ബോളിന് ശക്തമായ അടിത്തറ ആവശ്യമാണെന്നും യുവജനങ്ങൾക്ക് സുപ്രധാന പങ്ക് വഹിക്കാനാകുമെന്നും ബൂട്ടിയ പറഞ്ഞു. നഗരങ്ങളിൽ നിന്നും ഗ്രാമ പ്രദേശങ്ങളിൽ നിന്നും വരുന്ന യുവപ്രതിഭകളെ വളർന്നുവരാനാണ് ഈ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. ടാലന്റ് ഹണ്ടിലൂടെ ഭാവി ഇന്ത്യൻ ഫുട്ബോളിന്റെ താരങ്ങളെ വളർത്തിയെടുക്കാനും വികസിപ്പിക്കാനും സാധിക്കും.- ബൂട്ടിയ കൂട്ടിചേർത്തു.
ഏഴ് മാസങ്ങളിലായി ഘട്ടം ഘട്ടമായാണ് ട്രയലുകൾ സംഘടിപ്പിക്കുന്നത്. ഓരോ നഗരത്തിലും 200-ൽ അധികം താരങ്ങൾ ട്രയലുകളിൽ പങ്കെടുക്കുമെന്നാണ് വിവരം. ബൂട്ടിയ അക്കാദമിയിൽ നിന്നുള്ള നിരവധി താരങ്ങൾ രാജ്യത്തിനായി ബൂട്ടുകെട്ടിയിട്ടുണ്ട്. മന്ഭകുപർ മൽൻജിയാങ്, ലയണൽ ഡി റിമ്മെ, ബോണിഫിലിയ ഷുല്ലായി, രോഹിത് കുമാർ, ദീപിക പാൽ, വാൻഷ്വ, ആര്യൻ രതി, അഞ്ജന ഥാപ്പ, ഗൗരവ് ബോറ തുടങ്ങി നിരവധി താരങ്ങൾ ബിബിഎഫ്എസിലൂടെ രാജ്യത്തിനായി ഗ്രൗണ്ടിലിറങ്ങിയവരാണ്.
ടാലന്റ് ഹണ്ടിലൂടെ തിരഞ്ഞെടുക്കപ്പെട്ട താരങ്ങൾക്ക് ലോകോത്തര നിലവാരത്തിലുള്ള പരിശീലനം, പരിചയസമ്പന്നരായ പരിശീലകർ എന്നിവ ഉറപ്പാക്കും. താരങ്ങൾക്ക് ദേശീയ ടീമിൽ ഇടം നേടുന്നതിനായുള്ള തുടക്കമായി ടാലന്റ് ഹണ്ടിനെ കാണാമെന്ന് പ്രഖ്യാപനവേളയിൽ ബൈചുങ് ബൂട്ടിയ കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി മനോലോ മാർകസിനെ നിയമിച്ചതിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ടെക്നിക്കൽ കമ്മിറ്റിയിൽ നിന്ന് ജൂലെെയിൽ ബൈചുങ് ബൂട്ടിയ രാജിവച്ചിരുന്നു. കമ്മിറ്റിയിൽ ഇല്ലെങ്കിലും എഐഎഫ്എഫ് ഭരണസമിതിയിലെ നാമനിർദേശം ചെയ്യപ്പെട്ട അംഗമായി ബൂട്ടിയ തുടരുന്നുണ്ട്. വ്യവസ്ഥകൾ അനുസരിച്ച് ഫുട്ബോൾ ടീം പരിശീലകനെ നിയമിക്കാനുള്ള നടപടികൾക്ക് നേതൃത്വം നൽകേണ്ടതു ടെക്നിക്കൽ കമ്മിറ്റിയാണ്.
എന്നാൽ കമ്മിറ്റിയുടെ അനുമതിയില്ലാതെയാണ് എഐഎഫ്എഫ് പരീശീലകനെ നിയമിച്ചത് എന്ന് ആരോപിച്ചാണ് ബൂട്ടിയ ടെക്നിക്കൽ കമ്മിറ്റിയിൽ നിന്ന് രാജിവച്ചത്. ജൂലെെ 20-നാണ് സ്പെയിൻകാരനായ മനോലോ മാർക്കസിനെ ഇന്ത്യൻ ടീം മുഖ്യപരിശീലകനായി നിയമിച്ചത്.