5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Santosh Trophy : കലാശപ്പോരാട്ടത്തില്‍ കാലിടറി; സന്തോഷ് ട്രോഫിയില്‍ ബംഗാളിന് കിരീടം; പൊരുതിക്കളിച്ചിട്ടും കേരളം തോറ്റു

Santosh Trophy Bengal Champions : രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമില്‍ വഴങ്ങിയ ഗോളില്‍ സന്തോഷ് ട്രോഫി കിരീടം കൈവിട്ട് കേരളം. ഏകപക്ഷീയമായ ഒരു ഗോളിന് കേരളത്തെ തകര്‍ത്ത് ബംഗാള്‍ കിരീടം നേടി. റോബി ഹന്‍സ്ദ നേടിയ ഗോളാണ് ബംഗാളിന് കിരീടം സമ്മാനിച്ചത്. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് കേരളം ഫൈനലിലെത്തിയത്. എന്നാല്‍ കലാശപ്പോരാട്ടത്തിലെ കേരളത്തിന്റെ കിരീടനഷ്ടത്തെ 'നിര്‍ഭാഗ്യം' എന്ന വാക്ക് കൊണ്ട് ചുരുക്കാം

Santosh Trophy : കലാശപ്പോരാട്ടത്തില്‍ കാലിടറി; സന്തോഷ് ട്രോഫിയില്‍ ബംഗാളിന് കിരീടം; പൊരുതിക്കളിച്ചിട്ടും കേരളം തോറ്റു
സന്തോഷ് ട്രോഫി Image Credit source: Social Media
jayadevan-am
Jayadevan AM | Updated On: 31 Dec 2024 21:44 PM

നിര്‍ഭാഗ്യം എന്നല്ലാതെ എന്ത് പറയാന്‍ ? മത്സരത്തില്‍ മുഴുവന്‍ തകര്‍ത്തുകളിച്ചിട്ടും രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമില്‍ വഴങ്ങിയ ഗോളില്‍ സന്തോഷ് ട്രോഫി കിരീടം കൈവിട്ട് കേരളം. ഏകപക്ഷീയമായ ഒരു ഗോളിന് കേരളത്തെ തകര്‍ത്ത് ബംഗാള്‍ കിരീടം നേടി. റോബി ഹന്‍സ്ദ നേടിയ ഗോളാണ് ബംഗാളിന് കിരീടം സമ്മാനിച്ചത്. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് കേരളം ഫൈനലിലെത്തിയത്. എന്നാല്‍ കലാശപ്പോരാട്ടത്തിലെ കേരളത്തിന്റെ കിരീടനഷ്ടത്തെ ‘നിര്‍ഭാഗ്യം’ എന്ന ഒറ്റവാക്ക് കൊണ്ട് ചുരുക്കാം.

കേരളത്തിന്റെ ടൂര്‍ണമെന്റിലെ പ്രകടനം

യോഗ്യതാ റൗണ്ടില്‍ റെയില്‍വേയ്‌സിനെതിരെയായിരുന്നു കേരളത്തിന്റെ ആദ്യ മത്സരം. ഈ പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജയം. തുടര്‍ന്ന് നടന്ന മത്സരത്തില്‍ ലക്ഷദ്വീപിനെ കീഴടക്കിയത് എതിരില്ലാത്ത പത്ത് ഗോളുകള്‍ക്ക്. പോണ്ടിച്ചേരിയെ 7-0ന് തകര്‍ത്ത് കേരളം യോഗ്യതാ റൗണ്ട് പൂര്‍ത്തിയാക്കി.

ഗ്രൂപ്പ് ഘട്ടത്തില്‍ ഗോവയ്‌ക്കെതിരെയായിരുന്നു ആദ്യ മത്സരം. കഴിഞ്ഞ തവണ ഗോവയോട് തോറ്റതിന്റെ കണക്ക് കൂടി തീര്‍ക്കാനാണ് കേരളം പോരാട്ടത്തിനിറങ്ങിയത്. പി.ടി. മുഹമ്മദ് റിയാസ്, മുഹമ്മദ് അജ്‌സല്‍, നസീബ് റഹ്‌മാന്‍, ക്രിസ്റ്റി ഡേവിസ് എന്നിവര്‍ നേടിയ ഗോളുകളിലൂടെ കേരളം ഗോവയെ 4-3ന് തകര്‍ത്തു. അടുത്ത മത്സരം മേഘാലയ്‌ക്കെതിരെ. മുഹമ്മദ് അജ്‌സല്‍ നേടിയ ഏക ഗോളിലൂടെ ഈ മത്സരത്തിലും കേരളം ആധികാരിക ജയം സ്വന്തമാക്കി. മേഘാലയയുടെ ശക്തമായ പ്രതിരോധത്തെ അതിജീവിച്ചായിരുന്നു വിജയം.

പിന്നീട് ഒഡീഷയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ നേടിയ തകര്‍പ്പന്‍ ജയത്തോടെ കേരളം അപരാജിതരായി ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാക്കി. മുഹമ്മദ് അജ്‌സലും, നസീബ് റഹ്‌മാനുമായിരുന്നു ഈ മത്സരത്തില്‍ ഗോളുകള്‍ നേടിയത്. ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഡല്‍ഹിക്കെതിരെ മത്സരം. കേരളത്തിന് ഒരു ഘട്ടത്തില്‍ പോലും വെല്ലുവിളി ഉയര്‍ത്താന്‍ ഡല്‍ഹിക്ക് സാധിച്ചില്ല. ഫലമോ, എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഉഗ്രന്‍ ജയം. ഗോളുകള്‍ നേടിയത് നസീബ് റഹ്‌മാന്‍, ജോസഫ് ജസ്റ്റിന്‍, ഷിജിന്‍ എന്നീ താരങ്ങള്‍.

Read Also : തുടക്കം ഗംഭീരം, പിന്നാലെ കൂട്ടത്തകര്‍ച്ച; ബംഗാളിനോടും തോറ്റ് കേരളം, ബാറ്റിംഗില്‍ തിളങ്ങിയത് സല്‍മാന്‍ മാത്രം

കേരളത്തിന് ഗ്രൂപ്പ് ഘട്ടത്തില്‍ ജയിക്കാന്‍ സാധിക്കാത്തത് അവസാന മത്സരത്തില്‍ മാത്രമാണ്. തമിഴ്‌നാടിനെതിരായ മത്സരം 1-1ന് സമനിലയില്‍ കലാശിച്ചു. ആദ്യ പകുതിയില്‍ ലീഡെടുത്തത് തമിഴ്‌നാട്. മത്സരത്തിന്റെ അവസാന നിമിഷം നിജോ ഗില്‍ബെര്‍ട്ട് നേടിയ ഗോളിലൂടെ കേരളം സമനില പിടിച്ചുവാങ്ങി.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ജമ്മു കശ്മീരായിരുന്നു എതിരാളികള്‍. ശക്തമായ പ്രതിരോധം ജമ്മു കശ്മീര്‍ പടുത്തുയര്‍ത്തിയതോടെ ആദ്യ പകുതിയില്‍ ഗോളുകള്‍ പിറന്നില്ല. എന്നാല്‍ 73-ാം മിനിറ്റില്‍ നസീബ് റഹ്‌മാന്‍ വല കുലുക്കി. കേരളം നേരെ സെമിയിലേക്ക്. മണിപ്പൂരായിരുന്നു സെമിയിലെ എതിരാളികള്‍.

ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് കേരളം മണിപ്പുരിനെയും തകര്‍ത്തുവിട്ടു. മുഹമ്മദ് റോഷല്‍, നസീബ് റഹ്‌മാന്‍, മുഹമ്മദ് നജ്‌സല്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. റോഷല്‍ ഹാട്രിക് നേടി. ഒടുവില്‍ അപരാജിതരായി ഫൈനലിലേക്ക്. എന്നാല്‍ കലാശപ്പോരാട്ടത്തില്‍ കാലിടറി.