Ballon d’Or 2024: വിനീഷ്യസ് ജൂനിയറിനെ പിന്തള്ളി ബാലണ്‍ദ്യോര്‍ പുരസ്‌കാരം സ്വന്തമാക്കി റോഡ്രി; പുരസ്‌കാര നേട്ടത്തില്‍ ഐതാനയും
Rodri Wins Men's Ballon d'Or 2024: 12 ഗോളുകളും 15 അസിസ്റ്റുകളുമാണ് പുരസ്‌കാരത്തിന് നിര്‍ണയിച്ച കാലയളവില്‍ റോഡ്രിയ്ക്കുള്ളത്. സിറ്റിക്കൊപ്പം പ്രീമിയര്‍ ലീഗ്, ക്ലബ്ബ് ലോകകപ്പ്, യുവേഫ സൂപ്പര്‍ കപ്പ് എന്നിവയും താരം നേടിയിട്ടുണ്ട്. സ്‌പെയിനിനായി 57 മത്സരം കളിച്ചു. നാല് ഗോളുകളും കൂടാതെ യൂറോകപ്പും നേഷന്‍സ് ലീഗും സ്വന്തമാക്കി.
മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരം സ്വന്തമാക്കി സ്പാനിഷ് താരം റോഡ്രി. മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരിലൊരാളാണ് മാഞ്ചസ്റ്റര്‍ സിറ്റി താരം റോഡ്രി. ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയറായിരിക്കും ഇത്തവണത്തെ പുരസ്‌കാരം സ്വന്തമാക്കുകയെന്ന് പ്രവചനങ്ങളുണ്ടായിരുന്നുവെങ്കിലും അതിനയെല്ലാം അട്ടിമറിച്ചുകൊണ്ടാണ് റോഡ്രിയുടെമുന്നേറ്റം. ചൊവ്വാഴ്ച പുലര്‍ച്ചെ പാരീസില്‍ വെച്ച് നടന്ന ചടങ്ങിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം.
വനിത ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അര്‍ഹയായിരിക്കുന്നത് സ്പാനിഷുകാരിയായ ഐതാന ബോണ്‍മാറ്റി ആണ്. മികച്ച യുവതാരത്തിനുള്ള റെയ്മണ്ട കോപ്പ പുരസ്‌കാരം സ്വന്തമാക്കിയത് ബാഴ്‌സലോണയുടെ സ്പാനിഷ് താരം ലമിന്‍ യമാല്‍ ആണ്.
യൂറോ കപ്പില്‍ സ്പാനിഷ് ടീമിനായും ക്ലബ്ബ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായും നടത്തിയ മിന്നും പ്രകടനമാണ് റോഡ്രിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പുരസ്‌കാരത്തിനായി തയാറാക്കിയ 30 അംഗ ചുരുക്ക പട്ടികയില്‍ ഇത്തവണ ക്രസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും ഉള്‍പ്പെടാതിരുന്നത് വലിയ ആശങ്കകള്‍ക്ക് വഴി വെച്ചിരുന്നു.
ഇതോടെ ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയറിലേക്കായിരുന്നു എല്ലാവരുടെയും ശ്രദ്ധ. എന്നാല്‍ വിനീഷ്യസിനെ അട്ടിമറിച്ചുകൊണ്ടാണ് റോഡ്രി പുരസ്‌കാരത്തിന് അര്‍ഹനായത്. അതിനിടെ വിനീഷ്യസ് ജൂനിയറിന് പുരസ്‌കാരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് റയല്‍ മാഡ്രിഡ് പുരസ്‌കാര പ്രഖ്യാപന ചടങ്ങ് ബഹിഷ്‌കരിച്ചു. പുരുഷ ഫുട്‌ബോളില്‍ മികച്ച ക്ലബ്ബിനും പരിശീലകനുമുള്ള പുരസ്‌കാരം സ്വന്തമാക്കിയത് റയല്‍ മാഡ്രിഡ് ആയിരുന്നെങ്കിലും അത് സ്വീകരിക്കാന്‍ പ്രതിനിധികളെത്തിയില്ല.
Also Read: K. N. Ananthapadmanabhan: “ധോണി കീപ്പ് ചെയ്യുമ്പോൾ അമ്പയർമാർ ഹാപ്പിയാണ്”; വെെറലായി വാക്കുകൾ
12 ഗോളുകളും 15 അസിസ്റ്റുകളുമാണ് പുരസ്‌കാരത്തിന് നിര്‍ണയിച്ച കാലയളവില്‍ റോഡ്രിയ്ക്കുള്ളത്. സിറ്റിക്കൊപ്പം പ്രീമിയര്‍ ലീഗ്, ക്ലബ്ബ് ലോകകപ്പ്, യുവേഫ സൂപ്പര്‍ കപ്പ് എന്നിവയും താരം നേടിയിട്ടുണ്ട്. സ്‌പെയിനിനായി 57 മത്സരം കളിച്ചു. നാല് ഗോളുകളും കൂടാതെ യൂറോകപ്പും നേഷന്‍സ് ലീഗും സ്വന്തമാക്കി. 2019 മുതല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി കളിക്കുന്നുണ്ട്. 260 മത്സരങ്ങളില്‍ 26 ഗോളുകളും നേടി, മാത്രമല്ല 12 കിരീട നേട്ടങ്ങളിലും പങ്കാളിയായി.