Indian Cricket Team: ഇന്ത്യൻ ക്രിക്കറ്റിൽ തലമുറമാറ്റത്തിന് വഴിയൊരുങ്ങുന്നു; ‘ഒജി തലമുറ’യും ഉടൻ പാഡഴിക്കുമെന്ന് റിപ്പോർട്ട്
Indian Cricket Team Senior Players Retirement: ഇന്ത്യൻ ക്രിക്കറ്റ് അതിന്റെ ഏറ്റവും പ്രയാസപ്പെട്ട സമയത്തിലൂടെയാണ് കടന്നുപോകുന്നത്. 2025-ലെ ടെസ്റ്റ് പരമ്പരകളിൽ ഇന്ത്യൻ ടീമിൽ ഉണ്ടായേക്കാവുന്ന തലമുറമാറ്റത്തെ കുറിച്ച് ബിസിസിഐയിലെ ഉന്നതർക്ക് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും വിദഗ്ധർ വിലയിരുത്തുന്നു.
കൊച്ചി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നർമാരിൽ ഒരാളാണ് രാജ്യാന്തര കരിയറിന് തിരശീലയിട്ടത്. ക്രിക്കറ്റിന്റെ എല്ലാ മേഖലകളിലും അശ്വിനോളം അറിവുള്ള മറ്റൊരാൾ ഉണ്ടാകുമോ എന്ന് ചോദിച്ചാൽ ഒരുപക്ഷേ ഇല്ലായെന്നായിരിക്കാം ഉത്തരം. മുൻ രാജ്യാന്തര താരങ്ങളടക്കം അശ്വിൻ വിരമിച്ച സമയം ശരിയായില്ലെന്ന് അഭിപ്രായപ്പെടുമ്പോഴും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ പറയുന്നു ഇത് തന്നെയാണ് നല്ല സമയമെന്ന്. ബോർഡർ ഗവാസ്കർ ട്രോഫിക്ക് ശേഷം ഇന്ത്യൻ ടീമിൽ തലമുറമാറ്റം വരുമെന്നും സീനിയർ താരങ്ങളുടെ ഭാവി പരമ്പരയ്ക്ക് ശേഷം സെലക്ടർമാർ തീരുമാനിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങളെല്ലാം ശരിവയ്ക്കുന്ന രീതിയിലായിരുന്നു രവിചന്ദ്രൻ അശ്വിന്റെ വിരമിക്കൽ പ്രഖ്യാപനം.
ആരാധകരുടെ സ്വന്തം ആഷിന്റെ വിരമിക്കൽ ഒരു തുടക്കം മാത്രമാണെന്നും സീനിയർ താരങ്ങൾ പരമ്പരയ്ക്ക് ഒപ്പമോ ശേഷമോ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് പുതിയതലമുറയ്ക്കായി സിനീയർ താരങ്ങൾ വഴിമാറി കൊടുക്കുമെന്ന സൂചനകൾ രോഹിത് ശർമ്മ ഉൾപ്പെടെയുള്ള താരങ്ങൾ ഇതിനോടകം നൽകി കഴിഞ്ഞു. ഇത്തരമൊരു വിരമിക്കൽ സംഭവിക്കുകയാണെങ്കിൽ 2025 ജൂണിൽ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യയെ യുവതലമുറ പ്രതിനിധീകരിക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തൽ. രോഹിത്തും കോലിയും ഉൾപ്പെടുന്ന ഒജി തലമുറ ക്രിക്കറ്റിൽ നിന്ന് ഉടൻ വിടവാങ്ങുമെന്ന് സാരം.
ലോകക്രിക്കറ്റ് ഭൂപടത്തിലേക്ക് നിരവധി താരങ്ങളെ സംഭവാന ചെയ്ത രാജ്യമാണ് ഇന്ത്യ. രാഹുൽ ദ്രാവിഡും സച്ചിൻ തെണ്ടുൽക്കറും വിവിഎസ് ലക്ഷ്മണുമെല്ലാം ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ നട്ടെല്ലായിരുന്നു. 2012– 2013ൽ മൂവരും പാഡഴിച്ചപ്പോൾ ഇന്ത്യൻ ടീമിനെ ചുമലിലേറ്റിയത് അശ്വിന്റെ സ്വന്തം ‘ഒജി തലമുറ’യാണ്. അശ്വിനും കോലിയും രോഹിതും രഹാനെയും പൂജാരെയും ജഡേജയുമെല്ലാം ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. കോലിയും രോഹിതും ജഡേജയുമെല്ലാം ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ കുട്ടിക്രിക്കറ്റിന്റെ ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കഴിഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ആദ്യം വിരമിക്കുന്ന താരമായി അശ്വിനും മാറി. ഇനി അടുത്തത് ആരെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ആരാധകർക്ക് അറിയേണ്ടത്. അഭ്യൂഹങ്ങളിൽ ഇന്ത്യൻ നായകൻ രോഹിത്തിന്റെ പേരാണ് മുന്നിൽ. 13 ഇന്നിംഗ്സുകളിലെ മോശം പ്രകടനവും ഗാബ ടെസ്റ്റിൽ 10 റൺസെടുത്ത് പുറത്തായതിന് പിന്നാലെ ഡഗൗട്ടിൽ ഗ്ലൗസ് വലിച്ചെറിഞ്ഞതുമാണ് അഭ്യൂഹങ്ങൾക്ക് ആകം കൂട്ടുന്നത്. ഓപ്പണർ റോളിൽ നിന്ന് മധ്യനിരയിലേക്ക് എത്തിയിട്ടും ഫോം കണ്ടത്താനാവാതെ ഉഴറിയ രോഹിത് വരുന്ന ബോക്സിംഗ് ഡേ ടെസ്റ്റിലും മെൽബൺ ടെസ്റ്റിലും പരാജയപ്പെട്ടാൽ നായക സ്ഥാനം ഒഴിഞ്ഞ് വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്ന് വിചാരിക്കുന്നവരാണ് ഏറെയും.
ആഭ്യന്തര ക്രിക്കറ്റിൽ ഉൾപ്പെടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങൾക്കായി ഇന്ത്യൻ ടീമിന്റെ വാതിലുകൾ തുറന്ന് കിടക്കുകയാണെന്ന രോഹിത്തിന്റെ പരാമർശം അശ്വിനെ ഉന്നംവച്ചുള്ളതായിരുന്നുവെന്ന് വിലയിരുത്തുന്നവരുമുണ്ട്. അപ്രതീക്ഷിത വിരമിക്കലായിരുന്നു അശ്വിന്റേതെന്ന് ബിസിസിഐ പറയുമ്പോഴും ഇന്ത്യൻ ക്രിക്കറ്റുമായി ബന്ധമുള്ള ഉന്നതർക്ക് ഇതേക്കുറിച്ച് അറിയാമായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് അതിന്റെ ഏറ്റവും പ്രയാസപ്പെട്ട സമയത്തിലൂടെയാണ് കടന്നുപോകുന്നത്.
2025-ലെ ടെസ്റ്റ് പരമ്പരകളിൽ ഇന്ത്യൻ ടീമിൽ ഉണ്ടായേക്കാവുന്ന തലമുറമാറ്റത്തെ കുറിച്ച് ബിസിസിഐയിലെ ഉന്നതർക്ക് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും വിദഗ്ധർ വിലയിരുത്തുന്നു. സെലക്ടർമാർ അശ്വിനോട് വിരമിക്കുന്നതിനെ കുറിച്ച് സംസാരിച്ചിട്ടില്ലെന്ന് പറയുമ്പോഴും ന്യൂസീലൻഡ് പരമ്പരയിലെ മോശം പ്രകടനത്തെ ചൊല്ലി താരത്തിന് നേരെ മുറുമുറുപ്പുകൾ ഉടലെടുത്തിരുന്നുവെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനലിന് യോഗ്യത നേടുമോ എന്ന് ഉറപ്പില്ലെങ്കിലും നല്ല സമയം നോക്കി വിരമിക്കുന്നതാകും ഉചിതമെന്ന തീരുമാനം സീനിയർ താരങ്ങൾ സ്വീകരിക്കുമെന്നാണ് വിലയിരുത്തൽ.