5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Neymar: എന്തൊരു വിധിയിത്.. നെയ്മറിനെ വിടാതെ പിൻതുടർന്ന് പരിക്കുകൾ, ഇനിയൊരു മടക്കം സാധ്യമോ?

Neymar Injury: പരിക്കിനെ തുടർന്ന് 2023-24 സീസണിൽ നെയ്മറിന് നഷ്ടമായത് 60 മത്സരങ്ങളാണ്. 19 തവണ സൗദി ചാമ്പ്യന്മാരായ അൽ ഹിലാൽ 2023-ലാണ് താരത്തെ ടീമിലെത്തിച്ചത്.

Neymar: എന്തൊരു വിധിയിത്.. നെയ്മറിനെ വിടാതെ പിൻതുടർന്ന് പരിക്കുകൾ, ഇനിയൊരു മടക്കം സാധ്യമോ?
Neymar (Image Credits: Martin Fonseca/Eurasia Sport Images/Getty Images)
athira-ajithkumar
Athira CA | Updated On: 07 Nov 2024 18:44 PM

എന്തൊരു വിധിയാണിത്..! പരിക്ക് ഒരാളെ വേട്ടയാടുന്നതിന് പരിധിയില്ലേ..ഏറെ നിസാഹായതയോടെയാണ് ബ്രസീൽ ആരാധകർ ഈ ചോദ്യം ചോദിക്കുന്നത്. സമകാലിക ഫുട്ബോളിൽ പരിക്കിന്റെ ദുർഭൂതം ഏറ്റവും കൂടുതൽ പിടികൂടിയിരിക്കുന്നത് നെയ്മറിനെയാണ്. എസിഎൽ ഇഞ്ചുറി കഴിഞ്ഞ് 12 മാസത്തിന് ശേഷമാണ് നെയ്മർ അൽഹിലാലിന്റെ നീലക്കുപ്പായത്തിൽ കളത്തിലിറങ്ങുന്നത്. രണ്ടും മത്സരങ്ങൾ പൂർത്തിയാകും മുമ്പേ വീണ്ടും അയാൾ മെെതാനം വിട്ടു. എഎഫ്സി ചാമ്പ്യൻസ് ലീ​ഗിൽ‍ എസ്റ്റെഗൽ എഫ്സിക്കെതിരെ നെയ്മർ കളത്തിലിറങ്ങിയത് മത്സരത്തിന്റെ 58-ാം മിനിറ്റിലാണ്. അര മണിക്കൂർ തികച്ച് അയാൾ ​ഗ്രൗണ്ടിൽ നിന്നിട്ടില്ല. പരിക്ക് അത്ര ​ഗുരുതരമല്ലെന്ന് അയാൾ പറഞ്ഞപ്പോഴും ​ആരാധകർ അനിഷ്ടങ്ങൾ ഉണ്ടാകരുതെന്ന് മാത്രമേ പ്രാർത്ഥിച്ചിട്ടുള്ളൂ..

എന്നാൽ താരത്തിന് ഹാംസ്ട്രിം ഇഞ്ചുറിയാണെന്നും രണ്ട് മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്നും അൽ ഹിലാൽ സ്ഥിരീകരിച്ചിട്ടുണ്ട്. അയാളെ വിടാതെ പിന്തുടരുന്ന ഇഞ്ചുറി കാലങ്ങൾ എന്ന് അവസാനിക്കുമെന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്. 2023 ഓ​ഗസ്റ്റിൽ 90 മില്യൺ ഡോളറിനാണ് അൽ ഹിലാൽ നെയ്മറെ ടീമിലെത്തിക്കുന്നത്. 19 തവണ സൗദി ചാമ്പ്യന്മാരായ ടീമാണ് അൽ ഹിലാൽ. 2025 ജൂണിൽ അൽഹിലാലുമായുള്ള നെയ്മറിന്റെ കരാർ അവസാനിക്കും. പരിക്ക് വേട്ടയാടുന്ന താരത്തിന്റെ കരാർ ക്ലബ്ബ് പുതുക്കില്ലെന്നാണ് റിപ്പോർട്ട്. താരത്തിന് പകരമായി സാലയെയും റൊണാൾഡോയെയും ടീമിലെത്തിക്കാൻ അൽ ഹിലാലിന് പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മാരക്കാനയിൽ 2013 -ൽ നടന്ന കോൺഫഡറേഷൻ കപ്പ് ഫെെനലിൽ സ്പെയിനിനെതിരെ നെയ്മർ ​ഗോൾ നേടിയിരുന്നു. കളിയു‌ടെ 44-ാം മിനിറ്റിൽ ഇടതുവിങ്ങിലൂടെ നെയ്മർ ഇടംകാലിലൂടെ നേടിയ ​ഗോൾ ബ്രസീലിയൻ ഫുട്ബോളിൽ ഒരു പുതുയു​ഗ പിറവിയെ അടയാളപ്പെടുത്തി. ലോക ഫുട്ബോളിൽ നെയ്മർ ജൂനിയർ എന്ന പേര് എന്നത്തെക്കാളും ഉച്ചത്തിൽ മുഴങ്ങി കേട്ടു. 2010-ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പ് ടീമിൽ നെയ്മറിനെ ഉൾപ്പെടുത്താത്തത് വലിയ ആരാധക രോഷത്തിന് കാരണമായി. 2014- ൽ ബ്രസീലിയൻ മണ്ണിൽ വച്ച് അരങ്ങേറിയ ലോകകപ്പിൽ നെയ്മറെന്ന അച്ചുതണ്ടിന് കീഴിലായിരുന്നു ബ്രസീലിയൻ ടീം. എന്നാൽ ക്വാർട്ടർ ഫെെനലിൽ അതൊരു ദുരന്തത്തിൽ ചെന്നാണ് അവസാനിച്ചത്.

നെയ്മറിന്റെ കരിയറിനെ ഇപ്പോഴും വിടാതെ പിന്തുടരുന്ന പരിക്കെന്ന ദുർഭൂതത്തെ കുടം തുറന്ന് വിട്ടത് ജുവാൻ കാമിലോ സുനികയെന്ന താരമാണ്. ബ്രസീൽ- കൊളംബിയ ക്വാർട്ടർ ഫെെനൽ പോരിനിടെ നെയ്മറിന്റെ പുറകിലേക്ക് മുട്ടുകാലുകൊണ്ടാണ് സുനിക അന്ന് പാഞ്ഞുകയറിയത്. ആ 22-കാരൻ അന്ന് മെെതാനത്ത് വേദന കൊണ്ട് കളം വിട്ട കാഴ്ച ബ്രസീൽ ആരാധകർ എങ്ങനെ മറക്കാനാണ്. സെമിയിൽ ജർമ്മനിക്കെതിരെ കളത്തിലിറങ്ങും മുമ്പ് നെയ്മറിന്റെ ജഴ്സി ഉയർത്തിയാണ് ബ്രസീലിയൻ താരങ്ങൾ ഫോ‍ട്ടോയ്ക്ക് പോസ് ചെയ്തത്. പിന്നീടങ്ങോട്ട് നെയ്മറിന്റെ പിന്നാലെ പരിക്ക് വിടാതെ ഉണ്ടായിരുന്നു.

2018 റഷ്യൻ ലോകകപ്പിന് തൊട്ടുമുമ്പ് പിഎസ്ജി ജഴ്സിയിൽ നിരവധി തവണ നെയ്മർ മെെതാനത്ത് നിലതെറ്റി വീണു. ആ സീസണിൽ പിഎസ്ജിയുടെ 16 മത്സരങ്ങൾ താരത്തിന് നഷ്ടമായി. 2018 ലോകകപ്പിൽ അൺഫിറ്റായാണ് നെയ്മർ കളത്തിലിറങ്ങിയത്. അത് അയാളുടെ കളിയിലും പ്രകടമായിരുന്നു. ഒടുവിൽ ബെൽജിയത്തോട് ക്വാർട്ടറിൽ തോറ്റ് ബ്രസീൽ പുറത്തായി. ആ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഫൗളുകൾക്കിരയായ താരം നെയ്മറായിരുന്നു. 2019 കോപ്പാ അമേരിക്ക ടൂർണമെന്റിൽ ബ്രസീലിയൻ നിരയിൽ നെയ്മറിന്റെ പേര് ഉണ്ടായിരുന്നില്ല. അന്നും പരിക്കായിരുന്നു വില്ലൻ. അന്ന് നെയ്മറില്ലാതെ തന്നെ ടീം കോപ്പാ കിരീടത്തിൽ മുത്തമിട്ടു.

ബാഴ്സലോണയ്ക്ക് വേണ്ടി കളിച്ചപ്പോഴും പരിക്ക് പലപ്പോഴും വില്ലൻ വേഷം അണിഞ്ഞെത്തി. 2020-21 സീസണിൽ പരിക്ക് കാരണം നഷ്ടമായത് 20 മത്സരങ്ങൾ. തൊട്ടടുത്ത സീസണിൽ 21 മത്സരങ്ങളിൽ കളത്തിലിറങ്ങാനായില്ല. ഏറ്റവും ഒടുവിൽ 2023-24 സീസണിൽ നഷ്ടമായത് 60 മത്സരങ്ങളാണ്. ഖത്തർ ലോകകപ്പിൽ ആദ്യ മത്സരത്തിൽ തന്നെ പരിക്കേറ്റ് നെയ്മർക്ക് ​ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ നഷ്ടമായിരുന്നു. ഒരു കാലത്ത് ലയണൽ മെസിക്കും ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്കും ഒപ്പം ആരാധകർ വാഴ്ത്തി പാടിയ പേരായിരുന്നു നെയ്മറിന്റേത്. ഇനിയെത്ര കാലം അയാൾ ബൂട്ടുകെട്ടുമെന്ന് അറിയില്ല. എന്നാൽ വിരമിക്കാത്തിടതോളം കാലം അയാൾക്കൊപ്പം പരിക്കും ഉണ്ടാകുമെന്ന് വിശ്വസിച്ച് തുടങ്ങി ഫുട്ബോൾ ലോകം.

Latest News